ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ച ഫേസ്‌ബുക്കിൽ പങ്കുവച്ച് ഒരമ്മ

പുതു കാലത്ത്,പുതിയ തലമുറയ്ക്ക് എന്ത് തോന്നുവെന്നറിയില്ല.പണ്ടിത് പ്രത്യേകതകളൊന്നുമില്ലാത്ത,സ്വാഭാവികമായ,ഒരു സാധാരണ കാഴ്ച്ചയായിരുന്നു.പണിയിടങ്ങളിലും വയല്‍ വരമ്പിലും പുറംകോലായകളിലും ആണ്‍പെണ്‍ഭേദമില്ലാതിരുന്ന എല്ലാ ഇടങ്ങളിലും തെല്ലൊരാദരവു തോന്നിക്കുന്ന കര്‍മ്മം.അവിടെ ഒളിഞ്ഞു നോട്ടത്തിനൊരു പ്രസക്തിയുമില്ലായിരുന്നു.എത്ര വേഗമാണ് നാം പൊള്ള പരിഷ്കൃതിയുടെ ഭാഗമായത്!

ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ച ഫേസ്‌ബുക്കിൽ പങ്കുവച്ച് ഒരമ്മ

ഒരമ്മ അവളുടെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണിത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച. മുലയൂട്ടുന്ന സമയത്താണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നതും ആഴമേറുന്നതും. കണ്ണൂര്‍ സ്വദേശി അമൃത എന്ന അമ്മുവാണ് ഈ അമ്മ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും അമൃതയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് നിലനില്‍ക്കുന്ന മോറല്‍ പൊലീസിങ്ങിനെയും സദാചാരവാദത്തെയും ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. അത് തന്നെയാണ് ഈ പോസ്റ്റിലൂടെ തങ്ങള്‍ ഉദ്ദേശിച്ചതെന്നും ബിജുവും അമൃതയും ഒരേ സ്വരത്തില്‍ പറയുന്നു. 'ഞങ്ങള്‍ രണ്ടുപേരും നിരീശ്വരവാദത്തില്‍ വിശ്വസിക്കുന്നവരാണ്. പരമ്പരാഗതമായ പല കാര്യങ്ങളെയും പൊളിച്ചെഴുതണമെന്ന ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. അതിനുള്ള ആദ്യപടിയാണ് ഈ പോസ്റ്റ്.'' ബിജു പറയുന്നു.

എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി

മുലയൂട്ടല്‍: - അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

1. പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലയൂട്ടണം. ആദ്യം ചുരത്തപ്പെടുന്ന കൊഴുത്ത മഞ്ഞ നിറത്തിലുള്ള പാല്‍ (കൊളസ്ട്രം) കുഞ്ഞിനു നല്‍കണം. രോഗപ്രതിരോധ ശേഷി കുഞ്ഞിനു നല്‍കുന്ന ഈ പാല്‍ അമൂല്യമാണ് പ്രകൃതി ജന്യമായ വാക്സിന്‍ എന്ന് പോലും കൊളസ്ട്രത്തെ വിശേഷിപ്പിക്കാറുണ്ട്.(പലരും അറിവില്ലായ്മ കൊണ്ട് ഇത് പിഴിഞ്ഞ് കളയുന്നുണ്ട് എന്നത് ഖേദകരം ആണ്.) (സിസേറിയന്‍ ചെയുന്ന സാഹചര്യങ്ങളില്‍ പോലും ഒരു മണിക്കൂറിനുള്ളില്‍ എങ്കിലും പാല്‍ കൊടുക്കാന്‍ സാധിക്കുന്നതാണ്.)

2.നവജാത ശിശുവിന് മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കേണ്ടതില്ല.

3.ആറുമാസം പ്രായമാകുന്നതു വരെ മുലപ്പാൽ മാത്രമേ നൽകാവു , അതിനു ശേഷം അർദ്ധാഹാരങ്ങൾ കൊടുത്തു തുടങ്ങണം, പക്ഷെ മുലപ്പാൽ രണ്ടു വയസ്സ് പ്രായമാകുന്നതുവരെ കുഞ്ഞിന് ലഭ്യമാക്കണം .

4.പ്രത്യേക ഇടവേള ഒന്നും നോക്കാതെ കുഞ്ഞിനു ആവശ്യം എന്ന് മനസ്സിലാക്കുമ്പോളെല്ലാം തന്നെ മുലപ്പാല്‍ കൊടുക്കണം.

5.പുറകോട്ട് ചാരിയിരുന്ന് നടുനിവർത്തി മുൻപ്പോട്ട് ചായാതെ കുട്ടിയെ കൈയിൽ പിടിച്ച് വേണം പാൽകൊടുക്കുവാൻ.

6.പാൽ കൊടുത്തശേഷം കുട്ടിയുടെ പുറത്ത് മൃദുവായി തട്ടണം.(burping)

7.പ്രസവാനന്തരം വയർ കുറയ്ക്കാൻ ബെൽറ്റോ തുണിയോ കെട്ടേണ്ട ആവശ്യമില്ല.

8.റെസ്റ്റ് എടുക്കേണ്ട കാര്യമില്ല.

9.സുഖപ്രസവമായാലും സിസേറിയൻ ആയാലും ധാരാളം വെള്ളം കുടിക്കുക.

10.എന്ത് കൊണ്ട് "മുലപ്പാല്‍ മാത്രം" ?

*കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പൂര്‍ണ്ണ ആഹാരം.

*മുലപ്പാല്‍ കുഞ്ഞുങ്ങളുടെ സ്വാഭാവിക രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പല തരം കാന്‍സര്‍,ചെവിയിലെ രോഗാണു ബാധകള്‍, ശ്വാസകോശ രോഗാണു ബാധകള്‍, Sudden Infant Death Syndrome(SIDS),അലര്‍ജികള്‍ ആസ്തമ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ വലിയ ഒരളവ് വരെ തടയുന്നു എന്ന് മാത്രമല്ല ഭാവിയിലും പ്രമേഹം,രക്താതിസമ്മര്‍ദ്ദം ,ചില ഉദര രോഗങ്ങള്‍,സ്തനാര്‍ബ്ബുദം,അണ്ഡാശയ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത മുലപ്പാല്‍ കഴിച്ചു വളരുന്ന കുട്ടികളില്‍ കുറവാണ്.

*കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഉതകുന്ന ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് അതിനാല്‍ തന്നെ ശരിയായ രീതിയില്‍ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആരോഗ്യം മാത്രമല്ല ബുദ്ധിയും വര്‍ദ്ധിക്കും.

11.മുലപ്പാല്‍ കുട്ടികളില്‍ "അമിത വണ്ണം" തടയുന്നു.പലപ്പോളും ആരോഗ്യം എന്നാല്‍ കുട്ടി ഉരുണ്ടു തുടുത്തിരിക്കുന്ന അവസ്ഥ ആണെന്നാണ്‌ ഭൂരിഭാഗം ആളുകളുടെയും ചിന്താഗതി.എന്നാല്‍ ആരോഗ്യം എന്നത് മാനസികവും ശാരീരികവും ആയ സൌഖ്യം ആണെന്നും രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥ ആണെന്നും ഉള്ള വസ്തുത മനസ്സിലാക്കുക.

12.മുലയൂട്ടല്‍ പ്രക്രിയ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസിക/വൈകാരിക ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കും. കുഞ്ഞിന്റെ വിശപ്പ്‌ അടങ്ങുക മാത്രമല്ല വൈകാരികമായ സംതൃപ്തിയും കുഞ്ഞിനു ലഭിക്കുന്നു.

advertisment

News

Super Leaderboard 970x90