വിവേചനത്തിന്റെ ഓറഞ്ച് കാർഡ് - ബെന്യാമിൻ ബെന്നി

എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എളുപ്പത്തിനുവേണ്ടി എന്ന വിചിത്രമായ വാദമാണ് സർക്കാർ അതിനുവേണ്ടി ഉയർത്തുന്നത്. എന്നാൽ ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ സർക്കാർ മനപ്പൂർവ്വം മറന്നു കളയുകയാണ് ചെയ്യുന്നത്. ഇപ്പോൾ മെട്രിക്കുലേഷൻ കടക്കാത്തവർക്കാണ് ECR നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ വരും കാലത്ത് സർക്കാരിനു അനഭിമതരായ ജനങ്ങളെ മുഴുവൻ ഇതിന്റെ പരിധിയിൽ കൊണ്ടുവന്ന് സംശയത്തിന്റെയും ചോദ്യം ചെയ്യലിന്റെയും മുനമ്പിൽ നിറുത്തുക എന്നൊരു ഗൂഡോദ്ദേശ്യം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റു പറയാനാവില്ല....

വിവേചനത്തിന്റെ ഓറഞ്ച് കാർഡ് - ബെന്യാമിൻ ബെന്നി

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ പൌരന്മാരെയെല്ലാം സമശീർഷരായി കാണുകയും നേരിയ അസമത്വങ്ങൾ പോലും തുടച്ചു നീക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലമാണിത്. ജാതി, മതം, ലിംഗം, വർണ്ണം, കഴിവ്, കുറവ് ഇതൊന്നും പരിഗണനയ്ക്കോ അവഗണനയ്ക്കോ കാരണമായിക്കൂടാ എന്നൊരു ബോധ്യത്തിലേക്ക് മനുഷ്യകുലം വളർന്നതിന്റെ അനന്തരഫലമാണത്. സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത ‘ക്യൂ’ മാത്രമല്ല ‘ശുചിമുറി’ ഉണ്ടാവുന്നതു പോലും അസമത്വമായി പരിഗണിക്കുന്ന രാജ്യങ്ങൾ ഇന്നുണ്ട്. എന്നുമാത്രമല്ല ഏതെങ്കിലും തരത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോയവരുടെ അവകാശങ്ങളെക്കുറിച്ചും അവരെ പൊതുധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ടു വരുന്നതിനെക്കുറിച്ചും നിറയെ സംവാ‍ദങ്ങൾ നടക്കുന്ന ഒരു കാലം കൂടിയാണത്. വാക്കുകളുടെ പ്രയോഗത്തിൽ പോലും സൂക്ഷ്‌മത പാലിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അങ്ങനെയാണ് ‘അന്യ’ എന്ന പദം ‘ഇതര’ എന്ന പദത്തിനു വഴി മാറുന്നത്. അല്ലെങ്കിൽ ‘അംഗപരിമിതൻ‘ എന്ന വാക്ക് ‘ഭിന്നശേഷിക്കാരൻ‘ എന്നായി പരിണമിക്കുന്നത്. അവ വെറും വാക്കിലുള്ള മാറ്റമല്ല, മനോഭാവത്തിൽ വന്ന വ്യത്യസമാണത്. എന്നാൽ ഡിജിറ്റൽ യുഗത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന നമ്മുടെ ഇന്ത്യ എങ്ങനെ ഇതിൽ നിന്നെല്ലാം പിന്തിരിഞ്ഞ് നടക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറുന്നുണ്ട് ‘ഓറഞ്ച് പാസ്പോർട്ട്’ എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. രാജ്യത്തു നിന്ന് പുറത്തേക്കു സഞ്ചരിക്കുമ്പോൾ ‘എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായവരുടെ’ പാസ്പോർട്ടുകളുടെ നിറം ഇപ്പോഴുള്ള നേവി ബ്ലൂവിൽ നിന്നും ഓറഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനമാണത്.

ഹിറ്റ്ലറിന്റെ നാസി ജർമ്മനിയിൽ ജൂതന്മാർ മുഴുവൻ ‘ ദാവീദിന്റെ മഞ്ഞ നക്ഷത്രം’ കൊത്തിയ വസ്ത്രം ധരിക്കണം എന്ന് ഉത്തരവുണ്ടായിരുന്നു. ജർമ്മനിയിൽ അവർ നേരിട്ട വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. സമാനമായ ഒരു ഉത്തരവാണ് ഓറഞ്ച് പാസ്പോർട്ടിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരും ഇനി മുതൽ രാജ്യത്തെ രണ്ടാം തരം പൌരന്മാർ ആണെന്ന് പറയാതെ പറയുന്ന ഒരു നടപടി.

എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എളുപ്പത്തിനുവേണ്ടി എന്ന വിചിത്രമായ വാദമാണ് സർക്കാർ അതിനുവേണ്ടി ഉയർത്തുന്നത്. എന്നാൽ ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ സർക്കാർ മനപ്പൂർവ്വം മറന്നു കളയുകയാണ് ചെയ്യുന്നത്. ഇപ്പോൾ മെട്രിക്കുലേഷൻ കടക്കാത്തവർക്കാണ് ECR നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ വരും കാലത്ത് സർക്കാരിനു അനഭിമതരായ ജനങ്ങളെ മുഴുവൻ ഇതിന്റെ പരിധിയിൽ കൊണ്ടുവന്ന് സംശയത്തിന്റെയും ചോദ്യം ചെയ്യലിന്റെയും മുനമ്പിൽ നിറുത്തുക എന്നൊരു ഗൂഡോദ്ദേശ്യം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റു പറയാനാവില്ല.

അല്ലെങ്കിൽ തന്നെ എങ്ങനെയാണ് രാജ്യം ഒരു പൌരന്റെ മികവ് അളക്കുന്നത്? അവൻ നേടുന്ന ഔദ്യോഗിക വിദ്യാഭ്യാസം മാത്രമാണോ അതിന്റെ മാനദണ്ഡം? അവൻ ജീവിതത്തിലൂടെ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനത്തെ അടയാളപ്പെടുത്തുന്ന അളക്കുന്ന ഏകകം എന്ത്..? അതിനു ദേശം ഒരു വിലയും കല്പിക്കുന്നില്ലേ..? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നുണ്ട്.

പ്രവാസലോകത്തുള്ള അറുപതു ലക്ഷത്തിൽ പരം തൊഴിലാളികളെയാണ് ഇത് പ്രത്യക്ഷത്തിൽ ബാധിക്കാൻ പോകുന്നത്. ഇപ്പോൾ തന്നെ എജന്റുമാർ, എമിഗ്രേഷൻ വിഭാഗം, എയർലൈൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് വിവേചനം അനുഭവിക്കുന്ന ഈ വിഭാഗത്തെ കൂടുതൽ വിവേചനത്തിലേക്ക് തള്ളിവിടാനാവും ഈ നടപടി ഉപകരിക്കുക. അതിലൂടെ അവർ അനുഭവിക്കുന്ന അപകർഷാതാബോധവും നിരാശയും എത്രയാണെന്ന് ഒരു ഭരണകൂടം നിശ്ചയമായും മനസിലാക്കേണ്ടതുണ്ട്. എന്നുമാത്രമല്ല ഇന്ത്യയിൽ നിന്നു തന്നെ തരം താഴ്ത്തപ്പെട്ട്, ഓറഞ്ചു പാസ്പോർട്ടുമായി ചെന്നിറങ്ങുന്ന ഒരു ഇന്ത്യൻ പൌരനെ എങ്ങനെയാവും മറ്റൊരു ദേശം സ്വീകരിക്കുന്നത് എന്നൊരു ചോദ്യം കൂടി ഇവിടെ ഉയർന്നുവരുന്നുണ്ട്.

‘ഭാവിയിലേക്ക് വളർത്തിയെടുക്കാവുന്ന ഗൂഡാലോചന’ എന്ന ആശയം തള്ളിക്കളഞ്ഞാൽ തന്നെ ഒരു പൌരനോട് കാണിക്കുന്ന വിവേചനം എന്ന നിലയിൽ ഈ തീരുമാനത്തെ എതിർത്തു തോല്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പൌരനെ പല തട്ടുകളായി തരം തിരിക്കുന്ന നടപടികളുടെ ആദ്യ ചുവടുവയ്പ്പായി ഇതു മാറിയേക്കാം.

advertisment

News

Super Leaderboard 970x90