Business

ബാങ്ക് തട്ടിപ്പ് : UPA-NDA സഖ്യത്തിന്റെ റോൾ എന്ത് ?

പാവപ്പെട്ടവൻ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ പിഴയിട്ടു ഊറ്റിയെടുത്ത പണമടക്കം ക്രിമിനലുകൾ തട്ടിച്ചുകൊണ്ടുപോകുന്നത് കണ്ടുനിന്നയാൾ അക്കാര്യം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സേവകനെ അറിയിച്ചിട്ട് എന്ത് നടപടിയുണ്ടായി എന്നറിയാൻ രാജ്യത്തിനു അവകാശമില്ലേ?

ബാങ്ക് തട്ടിപ്പ് : UPA-NDA സഖ്യത്തിന്റെ റോൾ എന്ത് ?

ബാങ്ക് കൊള്ളയിൽ ഞെട്ടിക്കുന്ന വസ്തുതകൾ, UPA-NDA സഖ്യത്തിന്റെ റോൾ വ്യക്തമാക്കുന്ന KJ Jacob ന്റെ പോസ്റ്റും കമന്റും. Well said KJJ....

അടിയൊന്നുമായില്ല, വടിയെടുക്കാൻ പോയിട്ടേയുള്ളൂ എന്ന മട്ടിലാണ് ബാങ്ക് കൊള്ളയുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്.

ഒന്ന്:

2013 സെപ്റ്റബറിൽ നിരവ് മോദിയുടെ കമ്പനിയ്ക്ക് 50 കോടി രൂപയുടെ ലോൺ അനുവദിക്കാൻ ചേർന്ന യോഗത്തിൽ അത് പാടില്ലെന്നും ഇപ്പോൾ കൊടുത്തിട്ടുള്ള 1500 കോടിയുടെ ലോൺ തിരിച്ചടച്ചിട്ടുമാത്രമേ പുതിയ ലോൺ പരിഗണിക്കാവൂ എന്നും അലഹബാദ് ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ യു പി എ സർക്കാർ നിയമിച്ച സ്വതന്ത്ര അംഗം ദീപക് ദുബൈ പറഞ്ഞൂ. എന്നാൽ അദ്ദേഹത്തെ മറികടന്നു ലോൺ അനുവദിച്ചു. അതിനെത്തുടർന്ന് ബാങ്കിന്റെ ഭാഗത്തിനുനിന്നും വലിയ സമ്മർദ്ദമുണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. ഫിനാൻസ് മിനിസ്ട്രിയിലെയും ബാങ്കിലെയും ഉന്നതോദ്യോഗസ്‌ഥർ പലവിധം സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ രാജിവയ്പ്പിച്ചു എന്നും അദ്ദേഹം പറയുന്നു. (ലിങ്ക് കമന്റിലുണ്ട്)

അതായത്, അന്നത്തെ ധനകാര്യമന്ത്രിയും കോൺഗ്രസും ഉത്തരം പറയേണ്ട ചോദ്യം. അവർ തന്നെ നിയമിച്ച ഒരു ഡയറക്ടർ ബാങ്ക് കൊള്ളയ്ക്ക് കൂട്ടുനിൽക്കാതിരുന്നതിനാൽ രാജിവച്ചുപോകുന്നതിനു മാത്രം സമ്മർദ്ദം ചെലുത്താൻ അവർ കാരണമായിട്ടുണ്ടോയെന്നു പറയാനുള്ള കോൺഗ്രസിന്റെയും ചിദമ്പരത്തിന്റെയും ഊഴം.

എന്താണ് പറയുക എന്ന് നമുക്ക് നോക്കാല്ലോ.

ഒരു കാര്യം കൂടി:

ദുബെ പറയുന്നത് ശരിയാണെങ്കിൽ അലഹബാദ് ബാങ്ക് അന്നുതന്നെ 1500 കോടി രൂപയുടെ വായ്പ മോഡിയ്ക്ക് കൊടുത്തിട്ടുണ്ട്, അന്നുതന്നെ അത് കിട്ടാക്കടവും ആയിട്ടുണ്ട്. അന്ന് അലഹബാദ് ബാങ്കിന്റെ ജനറൽ മാനേജർ ആയിരുന്ന ആളാണ് ഇപ്പോൾ പി എൻ ബിയുടെ എം ഡി. അപ്പോൾ അലഹബാദ് ബാങ്കിന്റെ കണക്കുകൂടി പരിശോധിക്കേണ്ടി വരില്ലേ?

രണ്ട്:

കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ ഹരി പ്രസാദ് എന്ന വിസിൽ ബ്ലോവർ..( ഉവ്വ്, അങ്ങിനെയുമുണ്ട്, വിടുവായന്റെ ചാനൽ അക്കാര്യം അറിഞ്ഞില്ല...തെളിവുകൾ എമ്പാടും ഉണ്ടായിട്ടും) മേഹുൽ ചോക്‌സി പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ചു ഒന്പതിനായിരത്തിലധികം കോടി രൂപ കടത്തി എന്നൊരു പരാതി 2016 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നൽകിയിരുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോൾ ഈ ചോക്സിയുടെ കാര്യം അത്രകണ്ട് വന്നിരുന്നില്ല. ഇന്നലെ വൈകുന്നേരം ആയപ്പോഴേക്കും പുതിയ വാർത്തയെത്തി: നാലായിരത്തിലധികം കോടി രൂപ വെട്ടിച്ചതിനു ചോക്‌സിയ്‌ക്കെതിരെയും സി ബി ഐ കേസെടുത്തു! 2017-18
വര്ഷങ്ങളിലാണ് ഈ തട്ടിപ്പു നടന്നത് എന്നാണ് സി ബി ഐ എഫ് ഐ ആറിൽ പറയുന്നത്. ( എഫ് ഐ ആറിന്റെ ലിങ്ക് കമന്റിലുണ്ട്).

ഇപ്പോൾ പുറത്തുവന്നത് കഴിഞ്ഞ ഒരു വർഷത്തെ തട്ടിപ്പാണ്. വീസിൽ ബ്ലോവർ പറഞ്ഞത് 2016 -വരെയുള്ള തട്ടിപ്പാണ്. അപ്പോൾ മുഴുവൻ തപ്പിനോക്കിയാൽ എവിടെച്ചെന്നുനിൽക്കും?

ഇനിയാണ് ചോദ്യം: നിരവ് മോദിയുടെ പിറകെ പോയപ്പോൾ മോദിയെയും ചോക്‌സിയെയും പിടികിട്ടി. അപ്പോൾ ചോക്‌സിയ്‌ക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിനും, അവിടെനിന്നു അതയച്ചുകൊടുത്ത മഹാരാഷ്ട്ര കമ്പനി രജിസ്ട്രാർക്കും, സി ബി എഐയ്ക്കും രണ്ടുകൊല്ലം മുൻപ് കൊടുത്ത പരാതി അന്വേഷിച്ചിരുന്നു എങ്കിൽ മോദിയെ പിടികിട്ടില്ലായിരുന്നോ? അങ്ങിനെയെങ്കിൽ ഇത്ര വലിയ തട്ടിപ്പു അന്നേ പിടികൂടാൻ പറ്റില്ലായിരുന്നോ? അവർ രാജ്യം വിടുന്നത് തടയുകയെങ്കിലും ചെയ്യാൻ പറ്റില്ലായിരുന്നോ?

പാവപ്പെട്ടവൻ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ പിഴയിട്ടു ഊറ്റിയെടുത്ത പണമടക്കം ക്രിമിനലുകൾ തട്ടിച്ചുകൊണ്ടുപോകുന്നത് കണ്ടുനിന്നയാൾ അക്കാര്യം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സേവകനെ അറിയിച്ചിട്ട് എന്ത് നടപടിയുണ്ടായി എന്നറിയാൻ രാജ്യത്തിനു അവകാശമില്ലേ? (ഭക്തരുടെ ശ്രദ്ധയ്ക്ക്: 2014 ഇൽ ഇന്ത്യ ഉണ്ടായി, ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അന്നുമുതൽ ഇന്നുവരെ ആ പദവിയിൽ അദ്ദേഹം മാത്രമാണ് ഇരുന്നത്, നെഹ്‌റുവോ മറ്റാരുമോ ഇരുന്നിട്ടില്ല) ) പ്രധാനമന്ത്രിയുടെ ഓഫീസിനും സി ബി ഐ ക്കും കമ്പനി രജിസ്ട്രാർക്കും ഇതൊന്നും അന്വേഷിക്കേണ്ട കാര്യമല്ല എന്ന തോന്നൽ എങ്ങനെയുണ്ടായി?

കള്ളപ്പണത്തിനെതിരെ വേട്ട നടത്തുന്നു എന്ന് നെഞ്ചുവിരിച്ച് നിന്ന് പറയുന്ന പാർട്ടികൾക്ക് പാവപ്പെട്ടവന്റെ പണം കൊണ്ട് പുട്ടടിക്കുന്ന കാര്യം പറഞ്ഞപ്പോൾ മിണ്ടാതിരുന്നതിനു ഉത്തരം പറയാൻ ബാധ്യതയില്ല?

***
രണ്ടാഴ്ച മുൻപ് ഒരു ചാനൽ ചർച്ചയിൽ 'ഇടതുപക്ഷക്കാർ പറഞ്ഞുനടക്കുന്ന നിയോലിബറിലസം എന്താണ് എന്ന് മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറഞ്ഞുതരാമോ' എന്ന് കോൺഗ്രസ് നേതാവ് ശ്രീമതി ഷാനിമോൾ ഉസ്മാൻ പുച്ഛസ്വരത്തിൽ ചോദിച്ചിരുന്നു. അവർക്കു മറുപടിയായി ഞാൻ പറഞ്ഞത് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ കേട്ടുനോക്കാനാണ്. മോദിജിയുടെ വ്യവസായി സുഹൃത്തുക്കൾ (മോദിജി കാ ഉദ്യോഗ്‌പതി ദോസ്‌തോം) എങ്ങിനെയാണ് പാവപ്പെട്ടവന് അവകാശപ്പെട്ട വെള്ളവും വൈദ്യുതിയും വായ്പയും സർക്കാർ സഹായവും അടിച്ചുമാറ്റുന്നത് എന്നതുമാത്രമായിരുന്നു രാഹുൽ ഗുജറാത്തിൽ പറഞ്ഞുകൊണ്ടിരുന്നത്.

യു പി എ സർക്കാരിന്റെ കീഴിൽ നടന്നത് എന്താണ് എന്ന ധാരണ രാഹുൽ ഗാന്ധിയ്ക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും നാട്ടുകാർക്ക് അതിനിയെങ്കിലും മനസ്സിലാക്കേണ്ടതാണ്. പ്രൊസിക്യൂഷൻ, എന്നുപറഞ്ഞാൽ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള സി ബി ഐ, ഉഴപ്പി എന്ന് ഖേദിച്ചുകൊണ്ടു കോടതി വെറുതെ വിട്ട ടു ജി കൊള്ളയായാലും കൽക്കരി കൊള്ളയായാലും ബാങ്ക്കൊള്ളയെ എതിർത്ത ഡയറക്ടറെ പറഞ്ഞു വിട്ട യു പി എ സർക്കാർ ആയാലും കൊള്ളയെക്കുറിച്ച് വിവരം കിട്ടിയിട്ടും മിണ്ടാതിരുന്ന പ്രധാന സേവകനായാലും ഒരു കാര്യം ഉറപ്പാണ്: ഇവർ കൂട്ടുകൃഷിക്കാരാണ്. അധ്വാനിക്കുന്ന മനുഷ്യരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന കൊള്ളക്കാർ.

ഇന്നലെ ആർ ബി ഐ കണക്കുകൾ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുവർഷത്തിൽ നടന്ന ബാങ്ക് കൊള്ളയുടെ ആകെത്തുക 61,216 കോടി രൂപയാണ് എന്നാണ്. (അധികം മാധ്യമങ്ങൾ അത് കാര്യമായി കൊടുത്തുകണ്ടില്ല. ലിങ്ക് കമന്റിലുണ്ട്). അന്പത്തിനായിരവും ഒരുലക്ഷവുമൊക്കെ വായ്പയെടുത്ത് വീടുനഷ്ടപ്പെട്ടവന്റെയും വിദ്യാഭ്യാസവായ്പയെടുത്തു കുടുങ്ങിയവരുടെയും ചോരവിറ്റുണ്ടാക്കിയ പണം സർക്കാരിന്റെയും അധികാരികളുടെയും സഹായത്തോടെ ക്രിമിനലുകൾ അടിച്ചുമാറ്റിയതിന്റെ ആധികാരിക കണക്ക്!

ഇടതുപക്ഷം പറയുന്ന നിയോലിബറലിസം എന്താണ് എന്ന് ഷാനിമോൾ ഉസ്മാനും സുഹൃത്തുക്കൾക്കും മനസിലായിത്തുടങ്ങും എന്നാണ് എന്റെ പ്രതീക്ഷ.

Harish Vasudevan ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : bank  

advertisment

Super Leaderboard 970x90