'കോഴിയും നിപ്പയും' - ആശിഷ് ജോസ് അമ്പാട്ട്

കോഴി ഇറച്ചി കഴിക്കുന്നതിലൂടെ നിപ്പ വൈറല്‍ ബാധ ഉണ്ടാക്കും എന്നത് ശാസ്ത്രീയ പിന്‍ബലങ്ങള്‍ ഉള്ള കാര്യമല്ല. അത് മാത്രമല്ല നിപ്പാ വൈറസ് എന്ന ഹെനിപ്പവൈറല്‍ ജനുസ്സില്‍പ്പെട്ട ഇനങ്ങള്‍ ഉയര്‍ന്ന താപത്തില്‍ നശിച്ചു പോകുന്നതാണ്, അറുപതും നൂറു ഡിഗ്രി സെല്‍ഷ്യസില്‍ അവ പൂര്‍ണ്ണമായും നശിച്ചു പോകും. ഇറച്ചി വൃത്തിയായി ചൂട് വെള്ളത്തില്‍ കഴുക്കി ശരിയായ താപത്തില്‍ പാചകം ചെയ്തു ഉപയോഗിക്കാവുന്നതാണ്.

 'കോഴിയും നിപ്പയും' - ആശിഷ് ജോസ് അമ്പാട്ട്

 വളരെയധികം ഉയര്‍ന്ന മരണ നിരക്കുള്ള ഒരു പകര്‍ച്ചവ്യാധി സമൂഹത്തില്‍ പടരുന്നു പിടിക്കുമ്പോള്‍ അതും ആയി ബന്ധപ്പെട്ടു ജനങ്ങള്‍ പരിഭ്രാന്തര്‍ ആകുകയും പലവിധത്തില്‍ ഉള്ള അഭ്യൂഹങ്ങള്‍ അവരുടെ ഇടയില്‍ പ്രചരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇവയ്ക്കു വിശദീകരണങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ശാസ്ത്ര/ആരോഗ്യ മേഖലകളില്‍ വിദഗ്‌ദ്ധരായിട്ടുല്ലവരില്‍ നിന്നും ലഭിക്കയും ചെയ്യും. പക്ഷെ നിപ്പ പോലെ ഒരു പകര്‍ച്ചവ്യാധിയുടെ മുന്‍പില്‍ അകപ്പെട്ടിരിക്കുന്ന കേരള ജനതയുടെഅടുത്ത് ബോധപ്പൂര്‍വ്വം അസത്യ സന്ദേശങ്ങള്‍ നിര്‍മ്മിക്കയും പങ്കുവയ്ക്കുകയും ചെയ്യുന്നത് അപരാധമാണ്. ബ്രോയിലര്‍ കൊഴികളിലൂടെയാണ് നിപ്പ വൈറസ് പകരുന്നത് എന്നത് അപ്രകാരമുള്ള ഒരു സന്ദേശമാണ്.

പൂനെ ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട് ഡയറക്ടര്‍ ആയ ഡോ.ആനന്ദ്‌ ബാസു കേരളത്തില്‍ നിപ്പ വൈറല്‍ രോഗം ബാധിക്കാനുള്ള മൂലകാരണം ബ്രോയിലര്‍ കോഴികളുടെ ഉപയോഗം ആണെന്നു സ്ഥിരീകരിക്കുകയും വവ്വാലുകള്‍ക്ക് നിപ്പ രോഗ പകര്‍ച്ചയില്‍ സ്ഥാനം ഒന്നുമില്ല എന്ന് കൂടി ചേര്‍ത്തു എന്നും കോഴി ഇറച്ചി ഇനി കഴിക്കാന്‍ പാടില്ല എന്നും രേഖപ്പെടുത്തിയ സന്ദേശമാണ് പ്രചരിക്കുന്നത്. ' Times of India ' എന്ന പത്രത്തില്‍ വന്ന വാര്‍ത്ത‍ എന്ന രീതിയില്‍ ഒരു സ്ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. പൂര്‍ണ്ണമായും വ്യാജമായി നിര്‍മ്മിച്ചതാണ് ഇവ രണ്ടും. കഴിഞ്ഞ കൊല്ലം പക്ഷിപ്പനി ( H1N1 ഇന്ഫ്ലൂവന്‍സ) പടര്‍ന്നു പിടിച്ചതും ആയി ബന്ധപ്പെട്ട ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് എഡിറ്റ്‌ ചെയ്തു നിപ്പ വൈറല്‍ രോഗം പക്ഷികളില്‍ കണ്ടെത്തി ഇന്നവിധം ആക്കിയിരിക്കുന്നത്, നിപ്പയുടെ ആംഗലേയ സ്പെലിംഗ് 'nipah' എന്നാണ് പക്ഷെ സ്ക്രീന്‍ഷോട്ടില്‍ 'nippa'. അത് പോലെ പൂനെ ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട് ഡയറക്ടര്‍ സത്യത്തില്‍ ഡോ. ഡിറ്റി മൌര്യയാണ്. ഡോ. ആദാനു ബാസു ഈ കേന്ദ്രത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടറും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂടില്‍ നിന്നോ അതിന്‍റെ നേതൃത്വ നിരയില്‍ ഉള്ള ഇവര്‍ ആരെങ്കിലും നിന്നോ ഇപ്രകാരം ഒരു നിര്‍ദ്ദേശം വന്നിട്ടില്ല.

നിപ്പാ വൈറസ് അടിസ്ഥാനപരമായി ചില പ്രത്യേക സസ്തിനികളെ മാത്രം ബാധിക്കുന്ന ഇനം വൈറസ് ആണ്. പക്ഷികള്‍, പാമ്പുകള്‍, പല്ലികള്‍, പുഴുകള്‍, ഇച്ചകള്‍, കൊതുകള്‍ തുടങ്ങി സസ്തിനിയിതര ജീവികളെ ഒന്നും ഈ വൈറസ് ബാധിക്കുന്നതായി തെളിവുകളില്ല. വവ്വാലുകള്‍ പക്ഷികളെ പോലെ പറക്കും എങ്കിലും അവ പൂര്‍ണ്ണമായും സസ്തിനി ജീവികള്‍ തന്നെയാണ്. ബംഗാള്‍ദേശില്‍ മുന്‍പ് നിപ്പ പകര്‍ച്ചവ്യാധി വന്ന ഇടങ്ങളില്‍ ഉള്ള പക്ഷികളില്‍ നിപ്പാ വൈറല്‍ സാനിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്ന പഠനങ്ങള്‍ നടന്നിട്ടുണ്ട്, കോഴിക്കളില്‍ നിന്നുള്ള പ്രത്യേക സാമ്പിളുകളും എടുത്തിട്ടുണ്ട്. നിപ്പ വൈറല്‍ പക്ഷികളില്‍ അത്തരം പരീക്ഷണങ്ങളില്‍ കണ്ടെതിയില്ലായിരുന്നു. ( (Hsu et al., 2004).

സത്യത്തില്‍ ബ്രോയിലര്‍ കോഴികള്‍ അഥവാ ഇറച്ചി കോഴികള്‍ എന്നത് മനുഷ്യന്‍ ഭക്ഷ്യയോഗ്യമായ ഇറച്ചിയുടെ മികച്ച ലഭ്യതയ്ക്കുവേണ്ടി ഉണ്ടാക്കിയ സങ്കരയിനം കോഴികളാണ് Gallus gallus domesticus എന്ന് ശാസ്ത്രീയപ്പേര് . ഒന്നോ ഒന്നര മാസമോ കൊണ്ട് ഇറച്ചിയ്ക്കായുള്ള തൂക്കം വയ്ക്കുന്ന രീതിയില്‍ ഉള്ള കോഴികളെ സെലെക്റ്റ് ചെയ്താണ് ഇവയെ നിര്‍മ്മിക്കുന്നത്. 1923യിലാണ് വില്മര്‍ സ്റ്റീല്‍ എന്ന അമേരിക്കന്‍ കൃഷിക്കാരി ഇവയെ ബ്രീഡ് ചെയ്തു എടുക്കുന്നത്. ആണ്‍ വൈറ്റ് കോര്‍ണിഷ് എന്ന ഇനം കോഴിയും, പെണ്ണ് പ്ലൈമൌത് റോക്ക് എന്ന ഇനം കോഴിയും ആയിട്ടുള്ള ബ്രീഡിംഗ് വഴിയാണ് ബ്രോയിലര്‍ കോഴികള്‍ ഉണ്ടാക്കുന്നത്.

ഇന്നുള്ള ബാക്കി നാട്ടുകോഴികളും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യത്യസ്ത കാട്ടുകോഴി ഇനങ്ങളില്‍ നിന്നുള്ള സങ്കരയിനങ്ങളാണ്. നമ്മള്‍ ഉപയോഗിക്കുന്ന വളര്‍ത്ത് മൃഗങ്ങളും കാര്‍ഷിക ആവിശ്യത്തിന് ഉള്ള സസ്യ ഇനങ്ങളും എല്ലാം ഇങ്ങനെ പലപ്പോഴായി സെലെക്റ്റ് ചെയ്തും സങ്കരയിനങ്ങളെ നിര്‍മ്മിച്ചും ഉണ്ടാക്കിയതാണ്.

കോഴി ഇറച്ചി കഴിക്കുന്നതിലൂടെ നിപ്പ വൈറല്‍ ബാധ ഉണ്ടാക്കും എന്നത് ശാസ്ത്രീയ പിന്‍ബലങ്ങള്‍ ഉള്ള കാര്യമല്ല. അത് മാത്രമല്ല നിപ്പാ വൈറസ് എന്ന ഹെനിപ്പവൈറല്‍ ജനുസ്സില്‍പ്പെട്ട ഇനങ്ങള്‍ ഉയര്‍ന്ന താപത്തില്‍ നശിച്ചു പോകുന്നതാണ്, അറുപതും നൂറു ഡിഗ്രി സെല്‍ഷ്യസില്‍ അവ പൂര്‍ണ്ണമായും നശിച്ചു പോകും. ഇറച്ചി വൃത്തിയായി ചൂട് വെള്ളത്തില്‍ കഴുക്കി ശരിയായ താപത്തില്‍ പാചകം ചെയ്തു ഉപയോഗിക്കാവുന്നതാണ്. നിപ്പ വൈറല്‍ ബാധ പോലെയൊരു ഭീതി ജനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ അതിനെ മറയാക്കി തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യത്തിനു വേണ്ടി വ്യാജ വാര്‍ത്തകള്‍ വ്യാപിക്കുന്നത് ദ്രോഹമാണ്. കേരളത്തിലെ കോഴി ഇറച്ചി മേഖലയോട് വിദ്വേഷം ഉള്ള ആരോ ചെയ്ത പ്രവര്‍ത്തി ആയിട്ടു വേണം അനുമാനിക്കാന്‍.

advertisment

News

Super Leaderboard 970x90