Life Style

പെണ്ണുകാണൽ ചടങ്ങിലൂടെ മകൾ ഒരു വിൽപ്പനച്ചരക്കാണെന്നു പറയാതെ പറയുകയാണ് മാതാപിതാക്കൾ...ആശ സൂസൻ എഴുതിയ ലേഖനം

പെണ്ണുകാണൽ എന്ന വാക്കിൽ തന്നെയുണ്ട് അതിന്‍റെ സ്ത്രീവിരുദ്ധത. പെൺകുട്ടികളെ പോറ്റുന്നത് തന്നെ പൈക്കളെ വിൽക്കുന്നത് പോലെ മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടാനാണെന്ന അടിമബോധം കുത്തിവെച്ചു കൊണ്ടാണ്. വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ചേരലാണല്ലോ, രണ്ടു പേര്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെങ്കിലും നമ്മുടെ നാട്ടിൽ ആണു കാണാൻ ഒരു പെണ്ണും പെണ്ണിന്‍റെ കൂട്ടുകാരികളേയും അമ്മായിമാരേയും കൂട്ടി പോവാറില്ല.

പെണ്ണുകാണൽ ചടങ്ങിലൂടെ മകൾ ഒരു വിൽപ്പനച്ചരക്കാണെന്നു പറയാതെ പറയുകയാണ് മാതാപിതാക്കൾ...ആശ സൂസൻ എഴുതിയ ലേഖനം

എന്‍റെ കുട്ടിക്കാലത്തു വീടിന്‍റെ അയല്പക്കത്തൊരു കുര്യാക്കോസ് ചേട്ടനുണ്ടായിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആ മനുഷ്യന്‍റെ ജോലി കാലി വളർത്തലായിരുന്നു. ചെറിയ പൈക്കിടാവിനെ വാങ്ങി 'പോറ്റിവളർത്തി' കൊഴുത്തു തടിപ്പിച്ചു ചെനപിടിപ്പിക്കാൻ പരുവമാവുമ്പോൾ വിൽക്കുന്ന ഏർപ്പാട്.

പശുകുട്ടിയെ വാങ്ങാൻ ആരേലും വരുന്ന ദിവസം തൊഴുത്തും പരിസരവും വൃത്തിയാക്കി, കന്നിനെ കുളിപ്പിച്ച് അതിന്‍റെ രോമത്തിൽ എണ്ണയൊക്കെ തേച്ചു മിനുമിനാന്നു തിളങ്ങാൻ പരുവത്തിൽ നിർത്തും. അതിനെ കാണാൻ വരുന്നവർ അതിന്‍റെ മേനി മുഴുപ്പും, അകിടും, മുലക്കണ്ണുമൊക്കെ നോക്കി ഇഷ്ട്ടപ്പെട്ടാൽ വിലപറഞ്ഞു ഉറപ്പിച്ചു കച്ചവടമുറപ്പിക്കുന്നു.

ഞാനീ പറഞ്ഞ കാലിവളർത്തലിനും അതിനെ കച്ചവടമാക്കുന്ന രീതിക്കും നമ്മുടെ നാട്ടിലെ പെണ്ണ് കാണൽ എന്ന വിവരക്കേടുമായി എന്തേലും സാമ്യം തോന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം.

പെണ്ണുകാണൽ എന്ന വാക്കിൽ തന്നെയുണ്ട് അതിന്‍റെ സ്ത്രീവിരുദ്ധത. പെൺകുട്ടികളെ പോറ്റുന്നത് തന്നെ പൈക്കളെ വിൽക്കുന്നത് പോലെ മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടാനാണെന്ന അടിമബോധം കുത്തിവെച്ചു കൊണ്ടാണ്. വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ചേരലാണല്ലോ, രണ്ടു പേര്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെങ്കിലും നമ്മുടെ നാട്ടിൽ ആണു കാണാൻ ഒരു പെണ്ണും പെണ്ണിന്‍റെ കൂട്ടുകാരികളേയും അമ്മായിമാരേയും കൂട്ടി പോവാറില്ല. വിവാഹശേഷം പെണ്ണു താമസിക്കുന്നതു ഭർത്താവിന്‍റെ വീട്ടിലായിരിക്കണമെന്ന അലിഖിത നിയമം നിലനിൽക്കെ ആ വീടൊന്നു കാണാൻ കഴുത്തിൽ താലി കേറണം. പക്ഷെ വിരുന്നുണ്ണാൻ മാത്രം വരുന്ന ഭാര്യവീടു പെണ്ണുകാണലിന്‍റെ അന്നു തന്നെ ചെക്കന് കണ്ടു ബോധ്യപ്പെടുകയും ചെയ്യാം.

ഒരു പരിചയവുമില്ലാത്ത ആളുകളുടെ മുന്നിലേക്ക് സ്വന്തം മകളെ അണിയിച്ചൊരുക്കി അവളുടെ വസ്ത്രത്തിനുള്ളിലൂടെ അംഗമുഴുപ്പും അളവെടുക്കലും നടത്താൻ മൗനാനുവാദം നൽകി കണ്ടുകാഴ്ചക്ക് നിർത്തും പോലെ നിർത്താൻ ഒരു മടിയുമില്ലാത്ത മാതാപിതാക്കളോട് ഒരു സ്വകാര്യം പറയട്ടെ, നിങ്ങളുടെ മകൾ ഒരു വിൽപ്പനച്ചരക്കാണെന്നു പറയാതെ പറയുകയാണ് പെണ്ണുകാണൽ ചടങ്ങിലൂടെ നിങ്ങൾ ചെയ്യുന്നത്. ആൺ ബോധം പേറുന്ന അച്ഛനും ആങ്ങളയ്ക്കും അതെ ആൺബോധ ശാസനയിലൂടെ വളർന്നു വന്ന അമ്മയ്ക്കും ഇതൊക്കെയൊരു നാട്ടുനടപ്പല്ലേ ഇതിലെന്തിരിക്കുന്നു എന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ ഇന്നത്തെ കാലത്തിൽ നിന്നും അൽപ്പം പിന്നിലോട്ട് സഞ്ചരിച്ചു നോക്കണം. അവിടെ ശൈശവ വിവാഹം എന്നൊരു ദുരാചാരത്തെ കാണാനാവും. അന്നത്തെ സാഹചര്യത്തിൽ അതിലൊരു ശരികേടും അന്നുള്ളവർക്കു തോന്നിയിട്ടില്ല. പക്ഷെ ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് അതും അന്നുണ്ടായിരുന്നതും ഇന്നു കുഴിച്ചു മൂടിയതുമായ എല്ലാ ആചാരങ്ങളേയും കുറിച്ച് ചിന്തിക്കുമ്പോളാണ് അത് എത്രത്തോളം വിവരക്കേടും ക്രൂരവുമായിരുന്നുവന്നു മനസ്സിലാകുക.

പെണ്ണുകാണൽ ചടങ്ങിലൂടെ മകൾ ഒരു വിൽപ്പനച്ചരക്കാണെന്നു പറയാതെ പറയുകയാണ് മാതാപിതാക്കൾ...ആശ സൂസൻ എഴുതിയ ലേഖനം

പരമ്പരാഗതമായി കിട്ടിയ രാജവാഴ്ചയിൽ നിന്നും താഴേക്കിറങ്ങാൻ ആൺബോധത്തിനു കഴിഞ്ഞില്ലെങ്കിലും അതിനു വഴങ്ങിക്കൊടുക്കുന്ന സാമൂഹിക ദുരാചാരത്തിനു തടയിടാൻ നമ്മുടെ പെൺകുട്ടികൾക്ക് കഴിയണം. വീട്ടിലേക്ക് പെണ്ണു കാണാൻ വരുന്നു എന്നതിനി മുതലങ്ങു മാറ്റിപ്പിടിക്കണം.

എതെങ്കിലും കഫേഷോപ്പിൽ അല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യതയിൽ അന്യൻ തലയിടാത്ത ഒരിടത്തു കണ്ടുമുട്ടുക. ഔപചാരികതകൾ ഒന്നും തന്നെയില്ലാതെ തുറന്നു സംസാരിക്കുക. ആദ്യത്തെ പത്തു മിനിറ്റിലുള്ള സംസാരത്തിലും കൂടികാഴ്ചയിലും കാര്യങ്ങൾ തീരുമാനിക്കാതെ ഒരുമിച്ചു ചിലവിടുന്ന പല അവസരങ്ങൾ സൃഷ്ടിച്ച് ഇഷ്ട്ടങ്ങളും ഇഷ്ടക്കേടുകളും മനസിലാക്കുക. ഭക്ഷണം, യാത്ര, സിനിമ, വായന എന്നിങ്ങനെ ലോകത്തിലെ എല്ലാ വിഷയവും സംസാരിക്കുമ്പോൾ മനഃപൂർവ്വം ഒഴിവാക്കുന്ന ഒന്നാണ് ലൈംഗീകതയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ. ചോദിച്ചാൽ അബദ്ധമാവുമോ എന്നുള്ള പേടി, അല്ലെങ്കിൽ എന്തു ധരിക്കുമെന്ന തോന്നൽ. അതൊഴിവാക്കപ്പെടേണ്ടതാണ്. സംസാരത്തിൽ നിന്നു മനസ്സിലാക്കിയെടുക്കാവുന്ന ഒന്നല്ല ശാരീരികമായ പൊരുത്തം, അതു പ്രവർത്തിയിലൂടെ മാത്രം അറിയാന്‍ സാധിക്കുന്ന ഒന്നാണ്. പക്ഷെ നമ്മുടെ നിലവിലെ സാമൂഹ്യചുറ്റപാടിൽ അത് പ്രാവർത്തികമാക്കാൻ മാത്രം ധൈര്യവും തുറന്ന ചിന്താശേഷിയുമുള്ള പെൺകുട്ടികൾ വിരളമാണ്. എങ്കിലും പല കൂടിക്കാഴ്ചയിൽ നിന്നും അടിത്തിടപഴകലുളിൽ നിന്നും നമുക്ക് ഇഷ്ട്ടമാവുന്ന, അംഗീകരിക്കാൻ പറ്റുന്ന വ്യക്തിത്വമാണോ, ആശയപരമായി ഒരുപോലെയാണോ എന്നൊക്കെ അറിയാൻ സാധിക്കും. മുന്നോട്ട് പോവാൻ രണ്ടുപേർക്കും പൂർണ്ണ താല്പര്യമുണ്ടെങ്കിൽ മാത്രം മതി ബാക്കിയുള്ളവരുമായി കൂടിക്കാഴ്ചയും തെങ്ങിലെ തേങ്ങാ എണ്ണലുമൊക്കെ.

കെട്ടിക്കേറി ചെല്ലുന്ന വീട്ടിലുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കേണ്ടത് മാതാപിതാക്കൾ തരുന്ന സ്വത്തിന്‍റെ വലിപ്പം പറഞ്ഞാവരുത്, സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തിയുള്ള, സ്വന്തമായി നിലപാടുള്ള, ആത്മാഭിമാനത്തിന്‍റെ തലയെടുപ്പിലാവണം.

ആശ്രയയത്വ ബോധം അൽപ്പം പോലും ഇല്ലാത്ത പെണ്ണിന് അടിമയാവേണ്ടി വരില്ല, അടിമയാക്കാനും കഴിയില്ല. എന്‍റെ പെൺകുട്ടികളെ, ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും തീരുമാനങ്ങളും മാറട്ടെ, നിങ്ങളാവണം നിങ്ങളെ ഭരിക്കേണ്ടത്, നിങ്ങളാവണം മാറ്റങ്ങൾക്ക് വഴിയൊരുക്കേണ്ടത്, പുതിയ തലമുറയുടെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കേണ്ടതും നിങ്ങൾ മാത്രമാണ്.

എന്‍റെ പെണ്‍കുട്ടികൾക്കെല്ലാവർക്കും ഒരുപിടി ഉമ്മകൾ ...

advertisment

News

Related News

    Super Leaderboard 970x90