സ്ത്രീകൾ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി.. പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം!

ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളെ കണ്ടിട്ടില്ലേ... അതിന്റെ കാലിലെ ചങ്ങല പൊട്ടിച്ചോടാൻ അതിന് ശക്തിയുണ്ടല്ലോ .. എന്നിട്ടും അതിന് മദം പൊട്ടുന്നതല്ലാതെ ചങ്ങല പൊട്ടിക്കുന്നില്ലല്ലോ.....കാരണം ആ ചങ്ങല കുട്ടിയാനയുടെ കലിലാണ് വീണത് അന്ന് അതിന് പൊട്ടിക്കാനുള്ള ശക്തിയുണ്ടായില്ല..... ഒരിക്കലും അത് പൊട്ടിക്കാനുള്ള ശക്തി തനിക്കില്ലന്ന് രീതിയിൽ ആ മനസ്സ് അതിനോട് ശീലവിധേയമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

സ്ത്രീകൾ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി.. പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം!

90 കളിലെ ആദ്യ വർഷങ്ങളിൽ ജോലിക്ക് പോകുന്നതും മടങ്ങുന്നതും ട്രെയിനിൽ ലേഡീസ് കംപാർറ്റ് മെന്റിൽ.
ട്രെയിൻ നിങ്ങീ തുടങ്ങുമ്പോഴേക്കും ചില മുണ്ടുടുത്ത ആണുങ്ങൾ ആ അവസാന വാതിലിൽ കൂടി വലിഞ്ഞു കയറും. അതോടെ അഭ്യസ്ഥവിദ്യരായ ഉദ്യോഗസ്ഥരൊക്കെ കണ്ണടച്ചിരിക്കും. റെയിൽവേ ട്രാക്കിലെ ജോലിക്കാരികളോ ക്ലാസ്സ് 4 ജോലിക്കാരികളോ ,തങ്ങൾക്ക് അടിവസ്ത്രമില്ലന്ന് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്ന ആണുങ്ങളെ മുട്ടൻ തെറി വിളിക്കും....

ആകാത്ത കാഴ്ച കാണരുതേ..... കേൾക്കരുതേ എന്ന് കുരിശും വരച്ച് മുട്ടിപ്പായി പ്രാർത്ഥിച്ച് കിടക്കപ്പായിൽ നിന്ന് എഴുന്നേറ്റാലും ഫലം നാസ്തി !

അതിനാൽ അവസാന ഡോർ അടച്ചിട്ട് മറ്റേ ഡോറിലൂടെ സ്ത്രീകളെ കയറ്റി, ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോൾ അതും വലിച്ചടക്കുന്ന വനിതാ പോലീസ് ജോലി സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന കാലം..... 

ബസ്സിലും, നിരത്തിലും, ഓഫീസിലും അനുഭവിക്കുന്ന പുരുഷ അധിനി വേഷങ്ങളേ കുറിച്ച് പറഞ്ഞ്.. കരയുന്നവർ... തിരിച്ചടി നൽകിയതിൽ ആശ്വാസം കൊള്ളുന്നവർ.... എനിക്ക് അങ്ങനത്തെ അനുഭവങ്ങളൊന്നുമില്ലന്ന് വജ്രം വച്ച നുണ പറയുന്ന ശീലാവതികൾ..... വീട്ടിൽ പോയി ഈ അനുഭവം പറഞ്ഞാൽ പിന്നെ കൈയ്യിലിരുപ്പു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്ന് കുറ്റപ്പെടുത്തുന്ന ഭർത്താവും..... ചാള ഉളുമ്പിന്റെ നാറ്റ സ്വഭാവമുള്ള അമ്മായിയമ്മമാരും കൂടി നരകതുല്യമാക്കുന്ന ഉദ്യോഗസ്ഥ സ്ത്രീകളുടെ എത്ര എത്ര വിലാപങ്ങൾ ആ തുരുമ്പ് കംപാർട്ടുമെന്റുകൾ കേട്ടിരിക്കുന്നു....

വാഗൺ ട്രാജഡികൾ.....

സ്ത്രീകൾ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി.. പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം!

ഒരു ദിവസം രാത്രിയാകാറായപ്പോൾ ട്രെയിൻ ചൊവ്വര സ്റ്റേഷന് മുൻപ് പിടിച്ചിട്ടു.... സിഗ്നൽ കിട്ടാൻ outer ൽ കിടക്കുന്നതായാണ് ആദ്യം കരുതിയത്....
സമയം കടന്ന് പോയപ്പോൾ Guard പറഞ്ഞറിഞ്ഞു Engine എന്തോ തകരാറാണ് എന്ന്.... ഇരുവശത്തും കാടും പാടവും... റോഡുപോലുമില്ല ഒന്ന് ഓടി രക്ഷപെടാൻ.... മെക്കാനിക്ക് എത്തിയിട്ടുണ്ട് ഇപ്പോ ശരിയാകുമെന്ന് Guard......

ചോര വാർന്ന മൃത ദേഹങ്ങൾ പോലെ കുറേ സ്ത്രീകൾ.....
സ്കൂളിൽ നിന്ന് വന്ന് ഭക്ഷണത്തിനായ് കാത്തിരിക്കുന്ന മക്കൾ..... ഉത്കണ്ഠയോടെയും ഈർഷ്യയോടെയും കാത്തിരിക്കുന്ന ഭർത്താവ്....
കുറ്റപ്പെടുത്തി വേദനപ്പിക്കാനായി കാത്തിരിക്കുന്ന മറ്റ് കുടംബാഗങ്ങൾ.....
ഒന്ന് വിളിച്ച് അറിയിക്കാൻ ഒരു കോപ്പുപോലുമില്ലാത്ത കാലം....

പെട്ടെന്ന് ഒരു സ്ത്രീ തേങ്ങി തേങ്ങി കരയാൻ തുടങ്ങി... എനിക്ക് ഇനി വീട്ടിൽ പോകണ്ട... എന്നെ ഇനി വീട്ടിൽ കയറ്റില്ല.... ഭക്ഷണവും തരില്ല... അതൊക്കെ സഹിക്കാം മക്കളുടെ മുന്നിൽ വച്ച് ഞാൻ വേറെതോ പണിക്ക് പോയിട്ടാണ് വരുന്നതെന്ന് അമ്മായിയമ്മ പറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.....ഭർത്താവ് അത് കേട്ടതായ് പോലും നടിക്കാറില്ലത്രേ.....

ഇവർ ആലുവ പുഴയിലേക്ക് എടുത്ത് ചാടി കളയുമോ എന്ന് ഞങ്ങളെല്ലാം ഭയന്നു....
പലരുടേയും അനുഭവം അത് തന്നെ, ഒരു പകർച്ച വ്യാധി പടർന്ന് പിടിച്ച പോലെ ആ ആധിയിൽ മിക്കവാറും എല്ലാ സ്ത്രീകളും വിതുമ്പി.....
രാത്രി 10 മണിയോടെ എറണാകുളത്തെത്തി...
കുമ്പളങ്ങിക്ക് പോകുന്ന 2 പുരുഷൻമാരേയും വേറൊറു സ്ത്രീയേയും കണ്ടെത്തി അവരെ കൂട്ടി വിട്ടു ഞങ്ങളൊക്കെ പല വഴി പിരിഞ്ഞു....

പിറ്റേന്ന് നേരം വെളുക്കും വരെ ഒരു സ്ത്രീയും സ്വസ്ഥമായ് ഉറങ്ങിയില്ല.....
രാവിലെ തന്നെ കരഞ്ഞ് വീർത്ത മുഖവുമായ് 7.25 ന്റെ പാസഞ്ചർ ട്രെയിനിൽ പോകാൻ അവരെത്തി....
വെളുപ്പിന് 4 മണിക്കാണ് അമ്മായിയമ്മ അടുക്കള കതക് തുറന്ന് കൊടുത്തത്..... ഇരുട്ടിൽ വിശന്ന് പൊരിഞ്ഞു ചുരുണ്ടു കൂടിയിരുന്നു അവർ കരഞ്ഞു... ഒരു ഇടത്തരം കുടുംബത്തിലെ ഉദ്യോഗസ്ഥ....ഭർത്താവിനെ ദൈവമായ് കാണണം.. അപകീർത്തിപെടുത്തരുത്. അതിനാൽ എല്ലാം സഹിക്കണം.....

സ്ത്രീകൾ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി.. പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം!

മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമേതുമില്ല എന്ന പൊതു തത്വത്തിലൂന്നിയായിരുന്നു അന്ന് പല സ്ത്രീകളും സർവ്വ പീഢകളും സഹിച്ചത്.അന്ന് വൈകിട്ട് ജോലിയും കഴിഞ്ഞ് ട്രെയിനിറങ്ങി ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങവേ ,എതിരേ അതേ ട്രാക്കിലൂടെ വന്ന ഒരുത്തൻ എന്റെ ചെവിയിൽ അവന്റെ ഒരു ദുരാഗ്രഹം പറഞ്ഞു. 

പെരുവിരലറ്റത്ത് നിന്ന് ഒരു പെരുപ്പ് കയറി .... കുനിഞ്ഞ് ട്രാക്കിൽ നിന്ന് ഒരു പാറക്കല്ലെടുത്ത് അവന്റെ നടുവിന് തന്നെ ഒരൊറ്റ ഏറ്.... അവൻ ജീവനും കൊണ്ട് ഓടി.... തോളിൽ നിന്ന് വീണുപോയ ബാഗ് ഉപേക്ഷിച്ച് പിന്നാലെ പാഞ്ഞ് ഞാൻ അവനെ തുരുതുരെ കല്ലു പെറുക്കി വീക്കി.....
ട്രെയിൻ ഇറങ്ങി വരുന്ന മനുഷ്യരെല്ലാം എന്റെ നേരേ ഒച്ചവച്ചു .... ആരോ ഒരാൾ പാളത്തിൽ നിന്നെന്നെ പിടിച്ചു പുറത്തിട്ടു -... ആലപ്പുഴ നിന്ന് ആ പാളത്തിലൂടെ ഒരു ട്രെയിൻ അപ്പോൾ കടന്ന് പോയ്...
ദേഷ്യം കൊണ്ട് ചുവന്ന് കലങ്ങി പോയ കണ്ണ് വരുന്ന അപകടം കണ്ടില്ലായിരുന്നു....
ജീവിതത്തിൽ ഇന്നേ വരെ ഞാനിതു പോലെ ആക്രമണകാരിയായിട്ടില്ല......
ട്രെയിൻ പോയ്ക്കഴിഞ്ഞ് പാളത്തിൽ കിടന്ന ബാഗ് എടുത്ത് നെഞ്ചോട് ചേർത്ത് ഞാനന്ന് വാവിട്ട് കരഞ്ഞു പോയ്.....
ഇത് വായിക്കുമ്പോൾ ഈ കാലത്തിലെ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാകും ഇവരൊക്കെ എന്തിനാ അന്നൊക്കെ ഇങ്ങനെ ജീവിച്ചതെന്ന്....

സ്ത്രീകൾ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി.. പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം!

ഉത്സവത്തിന് കൊണ്ടുവരുന്ന ആനകളെ കണ്ടിട്ടില്ലേ... അതിന്റെ കാലിലെ ചങ്ങല പൊട്ടിച്ചോടാൻ അതിന് ശക്തിയുണ്ടല്ലോ .. എന്നിട്ടും അതിന് മദം പൊട്ടുന്നതല്ലാതെ ചങ്ങല പൊട്ടിക്കുന്നില്ലല്ലോ.കാരണം ആ ചങ്ങല കുട്ടിയാനയുടെ കലിലാണ് വീണത് അന്ന് അതിന് പൊട്ടിക്കാനുള്ള ശക്തിയുണ്ടായില്ല..... ഒരിക്കലും അത് പൊട്ടിക്കാനുള്ള ശക്തി തനിക്കില്ലന്ന് രീതിയിൽ ആ മനസ്സ് അതിനോട് ശീലവിധേയമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു......അനുസരണ ശീലം മനസ്സിന്റെ ചിന്താശീലത്തെ വളർത്തില്ല..... വിശ്വാസങ്ങൾ വേരുപിടിക്കുന്നതും ,അതിലൂന്നിയ ആശയങ്ങളിൽ നാം തളക്കപ്പെടുകയും ചെയ്യുമ്പോൾ ഭയങ്ങളും ദുരിതങ്ങളും കൂടൊഴിയില്ല.

ആനയെ ചങ്ങലക്കിടുന്നത് ക്രൂരതയാണ് എന്ന് ഏതേലും പാപ്പാനോ അതിന്റെ ഉടമക്കോ തോന്നുമോ?.... അവർ അവരുടെ ജോലിയും കർത്തവ്യവുമാണ് ചെയ്യുന്നത്....
നമ്മൾ ഇങ്ങനെ ശീലവിധേയമാക്കപെട്ട മനസ്സുമായാണ് വളരുന്നത്.... അടിമകളായി..
പരസ്പരം നൽകാനുള്ളത് നരകയാതനകളാണ്.. അതാണത്രേ ജീവിതം....
സ്നേഹം... സമാധാനം.. സത്യമെന്നതെല്ലാം മരണത്തിനു ശേഷം ഏതോ സ്വർഗ്ഗത്തിൽ കണ്ടു വച്ചിരിക്കുന്ന കിട്ടാക്കനിയും.....
സ്വബോധത്തിൻ എന്തേലും മാറ്റം വരും വരെ നാം പീഡിതരായിരിക്കും.....
എല്ലാർക്കും നല്ലൂസമാകട്ടെ....

advertisment

News

Related News

    Super Leaderboard 970x90