കുരീപ്പുഴ അവരുടെ പട്ടികയിലെ ആദ്യത്തെ പേരല്ല അവസാനത്തെയും - അമീറ ആയിഷഭീഗം

പുസ്തകങ്ങൾ കത്തിച്ചും എഴുത്തുകാരെ നാട് കടത്തിയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഇട്ടെരിച്ചും ആത്മഹത്യാ മുനമ്പിലേക്കു ഓടിച്ചു കയറ്റിയും ആശയങ്ങളെ മണ്ണിട്ട് മൂടാൻ ശ്രമിച്ചവരെ നോക്കി ചരിത്രം പല്ലിളിക്കുന്നുണ്ട്.അതൊരു പാഠമാണ്.അടിച്ചമർത്തപ്പെട്ടവൻ ഒരു നാൾ ഉയർത്തെഴുന്നേൽക്കുമെന്ന പാഠം. അവരുടെ കരളിൽ എരിയുന്ന അപമാനത്തിന്റെ കനലുകളിൽ നിന്ന് ഒരു പൊരി കവിയുടെ വാക്കായി ചിതറിയപ്പോഴേക്കും നിങ്ങൾക്കു ഇത്ര പൊള്ളിയെങ്കിൽ നിങ്ങൾ ഭയം കൊണ്ട് പടുത്തുയർത്തുന്ന ജാതി മതിലുകളിൽ വിള്ളൽ വീഴുന്നത് നിങ്ങൾ തന്നെ തിരിച്ചറിയുന്നുണ്ട് എന്നർത്ഥം....

കുരീപ്പുഴ അവരുടെ പട്ടികയിലെ ആദ്യത്തെ പേരല്ല അവസാനത്തെയും - അമീറ ആയിഷഭീഗം

പാകിസ്താനി പൊളിറ്റീഷ്യൻ സൽമാൻ തസീർ കൊല്ലപ്പെട്ടപ്പോൾ എം ജെ അക്ബർ പറഞ്ഞത് അയാൾ ഒരു ഇന്ത്യൻ മുസ്ലിം ആയിരുന്നെങ്കിൽ ഇന്നും ജീവനോടെ ഉണ്ടായിരുന്നേനെ എന്നാണ്.

പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തീവ്രവാദികളുടെ ഈറ്റില്ലമായി മുദ്രകുത്തി രസിക്കുന്നവരുടെ ഉള്ളിൽ നിന്ന് പുളിച്ചു തികട്ടി വന്ന കമന്റ് ആണത്... അങ്ങിനെ ഇന്ത്യൻ മുസ്ലിമിനെ കുറിച്ചു അഭിമാനിക്കുന്നവർ അഖ്ലാഖ് ജുനൈദ് പെഹ്‌ലുഖാൻ തുടങ്ങിയവരുടെ രക്ത കറ പറ്റിയത് ആരുടെ കൈകളിലാണ് എന്ന് ഓർക്കേണ്ടത്.
അവരൊന്നും പാകിസ്താനി മുസ്ലിംകളായിരുന്നില്ല...

കൊല്ലപ്പെട്ടത് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകേറുമ്പോഴും അല്ല

ഡി എൻ ജീവരാജ്‌,കർണാടകയിൽ നിന്നുള്ള ബി ജെ പി എം എൽ എ യാണ് പറഞ്ഞത് ആർ എസ് എസ്സിനെതിരെ സംസാരിച്ചില്ലായിരുന്നെങ്കിൽ ഗൗരി ലങ്കേഷ് ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ എന്ന്...അതെ ... ഹിന്ദുത്വയ്ക്കെതിരെ, ബ്രഹ്മണ്യത്തിനും മനുവാദത്തിനുമെതിരെ അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കും ജാതിബോധത്തിനുമെതിരെ സംസാരിച്ചില്ലായിരുന്നെങ്കിൽ ...

ഗൗരി മാത്രമല്ല ധാബോൽക്കറും പന്സാരെയും കൽബുർഗിയും എല്ലാം ജീവനോടെ ഉണ്ടായേനെ...

ദളിതർക്കു വേണ്ടി സംസാരിച്ചില്ലായിരുന്നെങ്കിൽ, അന്നത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിച്ചില്ലായിരുന്നെങ്കിൽ പെരുമാൾ മുരുകനും ഐലയ്യയും ചേതന തീർത്ഥഹള്ളിയും യോഗേഷ് മാസ്റ്ററും ഒന്നും ഭീഷണിക്കു നിഴലിൽ ജീവിക്കേണ്ടി വരില്ലായിരുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവരുടെ നാക്കു പിഴുതെടുക്കും എന്ന് പറഞ്ഞ പ്രമോദ് മുതലിഖും

മതേതര വാദികളായ എഴുത്തുകാർ ജീവന് വേണ്ടി പ്രത്യേകം പൂജ നടത്തണമെന്ന് വിഷം ചീറ്റിയവരും

അവർ പല രൂപത്തിൽ പല പേരിൽ അവതരിച്ചു കൊണ്ടേയിരിക്കും എന്നതുകൊണ്ട് തന്നെ ആക്രമണത്തിന് ഇരയാകുന്നവരുടെ ലിസ്റ്റിൽ കുരീപ്പുഴ ശ്രീകുമാർ എന്നത് ആദ്യത്തെ പേരല്ല അവസാനത്തെയും

സ്വാതന്ത്ര്യം എന്ന വാക്കിനെന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് ആളുകളോട് അവർ കേൾക്കാൻ ഇഷ്ടപെടാത്ത കാര്യം പറയാനുള്ള അവകാശമാണെന്ന് പറഞ്ഞത് ജോർജ് ഓർവെൽ ആണ്...

അസഹിഷ്ണുതയുടെ മൂർത്തികൾ ഉഗ്രരൂപം പൂണ്ടാടുമ്പോൾ, ജനാധിപത്യ വ്യവസ്ഥിതിയുടെ തലയിൽ വാമന പാദം പതിയുമ്പോൾ, ശബരിയും ശൂർപ്പണഖയും ഏകലവ്യനും ഘടോത്കചനുമൊക്കെ ഇന്നും നമ്മുടെ തെരുവോരങ്ങളിൽ അന്തിയുറങ്ങുമ്പോൾ നിശ്ശബ്ദനാകാതിരിക്കാൻ കഴിയുക എന്നതും രാജാവും പരിവാരങ്ങളും നഗ്നനാണെന്ന് വിളിച്ചു പറയുക എന്നതുംതന്നെയാണ് തന്നെ ഏറ്റവും ശക്തമായ രാഷ്ട്രീയം.

നാസികളുടെ താല്പര്യത്തിനു വിരുദ്ധമായ പുസ്തകങ്ങൾ കത്തിക്കൽ ക്യാമ്പയിന് ജർമ്മനി സാക്ഷ്യം വഹിച്ചത് 1930 കളിലാണ്.അന്ന് അതിനു നേതൃത്വം കൊടുത്ത വിദ്യാർത്ഥികളോട് അന്ധയായ എഴുത്തുകാരി ഹെലെൻ കെല്ലർ പറഞ്ഞ വാചകങ്ങൾ തന്നെയാണ് ഇന്ന് എഴുത്തുകാർക്ക് നേരെ തീ തുപ്പുന്ന അല്പന്മാരോടും പറയാനുള്ളത്. "നിങ്ങള്ക്ക് എന്റെ പുസ്തകങ്ങൾ കത്തിക്കാം യൂറോപ്പിലെ സുമനസ്സുകളുടെയും ബുദ്ധിജീവികളുടെയും പുസ്തകങ്ങൾ കത്തിക്കാം എന്നാൽ ആ പുസ്തകങ്ങളിലെ ആശയങ്ങൾ ആയിരക്കണക്കിന് അരുവികളായി ഒഴുകിയിരിക്കുന്നു അതിനിയും ഒഴുകും...

പുസ്തകങ്ങൾ കത്തിച്ചും എഴുത്തുകാരെ നാട് കടത്തിയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഇട്ടെരിച്ചും ആത്മഹത്യാ മുനമ്പിലേക്കു ഓടിച്ചു കയറ്റിയും ആശയങ്ങളെ മണ്ണിട്ട് മൂടാൻ ശ്രമിച്ചവരെ നോക്കി ചരിത്രം പല്ലിളിക്കുന്നുണ്ട്.

അതൊരു പാഠമാണ്.അടിച്ചമർത്തപ്പെട്ടവൻ ഒരു നാൾ ഉയർത്തെഴുന്നേൽക്കുമെന്ന പാഠം. അവരുടെ കരളിൽ എരിയുന്ന അപമാനത്തിന്റെ കനലുകളിൽ നിന്ന് ഒരു പൊരി കവിയുടെ വാക്കായി ചിതറിയപ്പോഴേക്കും നിങ്ങൾക്കു ഇത്ര പൊള്ളിയെങ്കിൽ

നിങ്ങൾ ഭയം കൊണ്ട് പടുത്തുയർത്തുന്ന ജാതി മതിലുകളിൽ വിള്ളൽ വീഴുന്നത് നിങ്ങൾ തന്നെ തിരിച്ചറിയുന്നുണ്ട് എന്നർത്ഥം.

advertisment

News

Super Leaderboard 970x90