മൃതദേഹങ്ങൾ സംസാരിക്കുമ്പോൾ... അമീറ ആയിഷ ബീഗം

വഴി നടക്കാനും പൊതുവിടങ്ങൾ സ്വന്തമാക്കാനും ജാതിക്കോമരങ്ങളോട് സന്ധിയില്ലാ സമരം ചെയ്തവരുടെ പിന്തലമുറക്കാരന്റെ മൃതദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാൻ പോരാട്ടങ്ങളുടെയും സഹനത്തിന്റെയും വിമോചനത്തിന്റെയും ചരിത്രം അറിയുന്നവർക്ക് കഴിയില്ല.സവർണ തീവ്രവാദം കയ്യടക്കി വച്ചിരുന്ന നമ്മുടെ ജനാധിപത്യ നിരത്തുകളിൽ നവോത്ഥാന കാഹളം മുഴക്കിയവർ,വില്ലു വണ്ടി ഓടിച്ചെത്തിയവർ, മുല മുറിച്ചെറിഞ്ഞു കൊടുത്തവൾ... ചോര വാർത്തവർ... അവരുടെ കൂട്ടത്തിലേക്കു...

 മൃതദേഹങ്ങൾ സംസാരിക്കുമ്പോൾ... അമീറ ആയിഷ ബീഗം

നിശബ്ദത അകമ്പടി സേവിച്ചു കുഴിമാടത്തിലേക്കു യാത്ര പോകേണ്ടവരല്ല ചിലർ.. അവർ ചില ദൗത്യങ്ങൾ നിറവേറ്റാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ...

മിഖായേൽ ബ്രൗൺ എന്ന നിരായുധനായ പതിനെട്ടുകാരൻ വെള്ളക്കാരൻ പോലീസ് ഓഫീസറുടെ വെടിയേറ്റ് ജീവൻ പൊലിഞ്ഞു അമേരിക്കയിലെ ഒരുതെരുവിൽ കിടന്നത് നാല് മണിക്കൂർ. കറുത്ത തൊലിയുമായി പിറന്നവനായത് കൊണ്ടാകാം അവനെ കൊണ്ട് പോകാൻ ഒരു ആംബുലൻസും അത്ര നേരം ചീറി പാഞ്ഞു എത്താഞ്ഞത്. ക്യാമെറ കണ്ണുകൾക്ക് വിരുന്നൊരുക്കി നിരത്തിൽ കിടന്ന ആ മൃതദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് വർണ വിവേചനത്തിന്റെ നടുക്കുന്ന കഥകൾ തന്നെ... ചൊട്ട മുതൽ ചുടല വരെ അധഃകൃതൻ നേരിടുന്ന അവഗണയുടെ നേർകാഴ്ചയായി ആ ജീവനറ്റ ശരീരം...

ഫെർഗുസൺ വിപ്ലവം എന്ന് ചരിത്രം രേഖപ്പെടുത്തിയ ആ ഏറ്റുമുട്ടൽ ആഫ്രോ അമേരിക്കൻസിനോട് കാണിക്കുന്ന അക്രമങ്ങളെ കുറിച്ചും ചർച്ചകൾക്കും ഏറ്റുമുട്ടൽ കൊലകളുടെ നൈതികതയെ കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിക്കുന്നതിനു കാരണമായി. രണ്ടാഴ്‌ച്ചക്കൊടുവിൽ മറവുചെയ്യപ്പെടുമ്പോഴേക്കും ആ പതിനെട്ടുകാരൻ അവന്റെ ജനതയോട് മൂകമായി നടത്തിയ വിലാപം മാറ്റൊലിയായത് ലോകമെങ്ങും ആണ്... ആ മൃതദേഹം അപ്പോഴേ എടുത്തു മാറ്റിയിരുന്നെങ്കിൽ ഒരു നിസ്സഹായ വംശത്തിന്റെ രോഷം തെരുവുകളിൽ ആളിക്കത്തിക്കാൻ ഇടയാക്കിയ ആ സംഭവം ലോകം അറിയാതെ പോയേനെ...

ദാന മാജ്ഹി എന്ന ഭർത്താവ് പത്തുകിലോമീറ്റർ തോളിലേറ്റി നടന്ന ഭാര്യയുടെ മൃതദേഹവും ഘട്ടി ദിബാർ എന്ന അച്ഛൻ പതിനഞ്ച് കിലോ മീറ്റർ മാറോടടുക്കിപ്പിടിച്ചു നടന്ന പത്തു വയസ്സുകാരിയുടെ മൃതദേഹവും കണ്ടവർ കാർക്കിച്ചു തുപ്പിയത് തിളങ്ങുന്ന ഇന്ത്യയുടെ മുഖത്താണ്. കോർപ്പറേറ്റു ഭീമന്മാർക്ക് ദരിദ്രനാരായണന്മാരുടെ ചോരയും നീരും കൊണ്ട് വിരുന്നുമേശയിലെ ചഷകങ്ങൾ നിറച്ചു കൊടുത്തവരുടെ വികസന മുഖമൂടികൾ ആണ് ചീന്തിയെറിയപ്പെട്ടത്.

ജീവിതം മുഴുവൻ സമരമായിരുന്നവർക്കു മരിച്ചു കിടക്കുമ്പോഴും മറവ് ചെയ്ത ശേഷവും ആ സമരം കൂടുതൽ തീക്ഷ്ണമാക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെ സാർത്ഥകമായ ജീവിതം...സാർത്ഥകമായ മരണവും ...

ആചാര വെടികളോടു കൂടെ എല്ലാ ബഹുമതികളോടും കൂടെ ജനലക്ഷങ്ങളുടെ പ്രണാമം ഏറ്റു വാങ്ങി മറവു ചെയ്യപ്പെടുന്ന മൃതദേഹങ്ങളെക്കാളും കാലത്തോട് സംവദിക്കുന്നത് അവഗണന ഏറ്റുവാങ്ങുന്ന
മൃതദേഹങ്ങളാണ്...

സംസ്കാരസമ്പന്നരെന്നു അഹങ്കരിക്കുന്നവരുടെ ഉള്ളങ്ങളിൽ നിന്ന് അസഹിഷ്ണുതയുടെ, ജാതി വിവേചനത്തിന്റെ, തീണ്ടികൂടായ്മയുടെ അളിഞ്ഞ മൃതദേഹങ്ങൾ നമ്മുടെ മതേതര കോട്ടകളുടെ തിരുമുറ്റത്തേക്കു വലിച്ചിടാൻ കഴിഞ്ഞെങ്കിൽ അശാന്തനു മരണ ശേഷം കിട്ടിയത് അശാന്തിയല്ല ശാന്തി തന്നെയാണ്...

വഴി നടക്കാനും പൊതുവിടങ്ങൾ സ്വന്തമാക്കാനും ജാതിക്കോമരങ്ങളോട് സന്ധിയില്ലാ സമരം ചെയ്തവരുടെ പിന്തലമുറക്കാരന്റെ മൃതദേഹം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കാൻ പോരാട്ടങ്ങളുടെയും സഹനത്തിന്റെയും വിമോചനത്തിന്റെയും ചരിത്രം അറിയുന്നവർക്ക് കഴിയില്ല.സവർണ തീവ്രവാദം കയ്യടക്കി വച്ചിരുന്ന നമ്മുടെ ജനാധിപത്യ നിരത്തുകളിൽ നവോത്ഥാന കാഹളം മുഴക്കിയവർ,വില്ലു വണ്ടി ഓടിച്ചെത്തിയവർ, മുല മുറിച്ചെറിഞ്ഞു കൊടുത്തവൾ... ചോര വാർത്തവർ...
അവരുടെ കൂട്ടത്തിലേക്കു...
സ്വന്തം മൃതദേഹം കൊണ്ട് പ്രതിഷേധത്തിന്റെ കെടാ ചിത തീർത്ത കലാകാരൻ..

നായാടി മുതൽ നമ്പൂതിരി വരെ എന്ന് എത്ര ഉരുക്കഴിച്ചാലും ജാതിയില്ല വിളംബര ആഘോഷങ്ങൾ നടത്തിയാലും പന്തിഭോജന സ്മരണകൾ അയവിറക്കിയാലും ചില സത്യങ്ങൾ നുണകളുടെ കരിമ്പടങ്ങളെ കീറിമുറിച്ചു പുറത്തു വരും. സവർണപ്രഭുക്കളുടെ കിടപ്പറയിലേക്ക് ജനാധിപത്യത്തെ കൂട്ടി കൊടുക്കുന്നവർക്കും അധികാര ചതുരംഗ കളത്തിൽ മുന്നേറാൻ ജാതി മേലാളന്മാരുടെ അമേധ്യം അമൃതാക്കുന്നവർക്കും മുന്നിൽ ചോദ്യശയ്യ
തീർത്താണ് ആ മൃതദേഹം കിടന്നത്.

അതുകൊണ്ട് തന്നെ ആ മൃതദേഹങ്ങൾക്കു വേണ്ടി നാം വിലപിക്കേണ്ടതില്ല..

advertisment

News

Related News

    Super Leaderboard 970x90