സെറീനയും ശരീരവും : വംശീയതയും വെറുപ്പും....!!

ലോകത്തെ എല്ലായിടത്തും പ്രത്യേകിച്ച് അമേരിക്കയിൽ തന്നെ സെറീന ഒരിക്കലും എല്ലാവര്ക്കും സ്വീകാര്യമായ ഒരു ഇമേജ് ആയി മാറിയിട്ടില്ല. അവരെ, അവരുടെ ശരീരത്തെ എന്ന് അപരവത്കരിക്കാനാണ് പൊതുബോധം ശ്രമിച്ചിട്ടുള്ളത്, അവർക്ക്‌ കൽപ്പിച്ചു നൽകിയിട്ടുള്ള ബിംബം എന്നും അതി-ലൈംഗികതയുടെയും, പുരുഷത്വത്തിന്റെയും, ദേഷ്യത്തിന്റെയുമാണ്. ഒരാണിന് ഒറ്റയ്ക്ക് സെറീനയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ പറ്റില്ല, അവർക്കു കുറഞ്ഞത് രണ്ടിൽ കൂടുതൽ ആണുങ്ങൾ വേണ്ടി വരും എന്ന് പലപ്പോഴായി കേട്ട ക്രൂരമായ തമാശയാണ്, വില്യംസ് സഹോദരന്മാർ എന്നാണ് ഒരു ടെന്നീസ് മേധാവി അവരെ വിളിച്ചിട്ടുള്ളത്...

 സെറീനയും ശരീരവും : വംശീയതയും വെറുപ്പും....!!

 ഈയിടെ പുറത്തിറങ്ങിയ മരിയ ഷറപ്പോവയുടെ ആത്മകഥയിൽ തന്റെ കാലത്തേ ഏറ്റവും മികച്ച താരമായ സെറീന വില്യംസിന്റെ പേര് നൂറിലേറെ തവണയാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ എതിരാളിയോടുള്ള ബഹുമാനം കൊണ്ടോ, എക്കാലത്തെയും മികച്ച ടെന്നീസ് താരം ആയതുകൊണ്ടോ അല്ല സെറീനയുടെ പേര് ഷറപ്പോവ നിരന്തരം ആവർത്തിച്ചിട്ടുള്ളത്. പലപ്പോഴും അവരുടെ വാക്കുകളിൽ കാണപ്പെട്ടിട്ടുള്ളത് വെറുപ്പ് തന്നെയാണ്. ഷറപ്പോവ എന്ന പത്ര-മാധ്യമ , കോർപറേറ്റുകളുടെ കടലാസിലെ സൂപ്പർതാരത്തിന് കറുത്ത സെറീനയോടു ഏറ്റുമുട്ടി ഒന്ന് വിജയിക്കാൻ 12 ലേറെ വർഷങ്ങളും, 19 ലേറെ മത്സരങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. തന്റെ ആത്മകഥയിൽ എക്കാലത്തെയും മികച്ച ടെന്നീസ് താരത്തിന്റെ കളിമികവിനേക്കാളും സെറീനയും ശരീരവും : വംശീയതയും വെറുപ്പും....

ഷറപ്പോവ പ്രാധാന്യം കൊടുത്തത് സെറീനയുടെ ശരീരത്തെയായിരുന്നു. തികച്ചും വംശീയമായ , വെറുപ്പിന്റെ വാക്കുകൾ ആണ് സെറീനയെ പറ്റി പറയുമ്പോൾ അവരുപയോഗിക്കുന്നത്. അത് കൊണ്ടാവണം ഒരു മകൾക്കു ജന്മം നൽകിയതിന് ശേഷം അവർ തന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു കത്തെഴുതിയത് :

പ്രിയപ്പെട്ട അമ്മയ്ക്ക്,

എന്റെ അറിവിലെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാൾ നിങ്ങളാണ്. എന്റെ കുഞ്ഞിനു, അവൾക്ക് ലഭിച്ചിരിക്കുന്നത് എന്റെ കൈകളും കാലുകളും തന്നെയാണ്.. എന്റെ അതേ കരുത്തുറ്റ, ദൃഢകായമായ, ഊക്കുള്ള, സവിശേഷമായ ഉണർവുള്ള കൈകളും ശരീരവും. എന്റെ പതിനഞ്ചാം വയസ്സുമുതലിങ്ങോട്ടു ഈ നിമിഷം വരെയുള്ള അനുഭവങ്ങൾ എന്റെ മകൾക്ക് നേരിടേണ്ടി വന്നാൽ അതിനോട് ഞാനെങ്ങനെ പ്രതികരിക്കുമെന്നെനിക്കറിയില്ല.

പുറമെയുള്ള എന്റെ ശരീരപ്രകൃതിനോക്കി ആളുകൾ എന്നെ പുരുഷൻ എന്ന് വിളിച്ചിരുന്നു. ഞാൻ ഉത്തേജക മരുന്ന് കഴിക്കാറുണ്ട് എന്നു ആരോപിക്കാറുണ്ടായിരുന്നു.(ഇല്ല, കളിയിൽ മുൻതൂക്കം കിട്ടുവാൻ വേണ്ടി വഞ്ചനാത്മകമായി പെരുമാറാൻ എന്റെ ആത്മാർത്ഥതയും സത്യസന്ധതയും ഒരിക്കലുമെന്നെ അനുവദിച്ചിട്ടില്ല) . ഞാൻ വനിതകളുടെ കൂടെയല്ല; മറിച്ചു പുരുഷന്മാരുടെ കൂടെയാണ് ടെന്നീസ് കളിക്കേണ്ടത് എന്ന് വിളിച്ചുപറഞ്ഞവർ ഉണ്ടായിരുന്നു, കാരണം ഞാൻ മറ്റു വനിതാ അത്ലറ്റുകളെക്കാളും കരുത്ത ആയിരുന്നത്രെ. (എന്ത് ചെയ്യാൻ, ഞാനിങ്ങനെയാണ് ജനിച്ചത്, എന്റെ ശരീരമിങ്ങനെയാണ് അതിൽ ഞാൻ അഭിമാനിക്കുന്നു., മാത്രമല്ല എന്നാലാവും വിധം കഠിനാധ്വാനം ചെയ്യാറുമുണ്ട്.) .

'കറുത്ത സ്ത്രീയുടെ കരുത്ത്' മനസിലാക്കാതെ, പരിഹാസ്യ ചോദ്യശരമെറിയുന്ന, കുത്തുവാക് പറയുന്ന ഓരോ വ്യക്തികളുടെ, പത്രക്കാരുടെ , അവതാരകരുടെ മുന്നിൽ 'അമ്മ എനിക്ക് വേണ്ടി പൊരുതിനിന്ന് ,രക്ഷാകവചം തീർത്തത് എങ്ങനെയാണ് എന്നെനിക്കിന്നുമറിയില്ല.

ചില സ്ത്രീകൾ ഇങ്ങനെയുമാണ് എന്നു അവരെ പഠിപ്പിക്കാൻ നമുക് പറ്റിയല്ലോ എന്നതിൽ എനിക്കഭിമാനമുണ്ട്. നമ്മൾ എല്ലാവരും ഒരുപോലെയല്ലല്ലോ . നീളമുള്ളവരുണ്ട്, കുറിയവരുണ്ട്, ധൃഢകായരുണ്ട് അങ്ങനെ പലരും, അഭിമാനത്തോടെ പറയാം നാം എല്ലാവരും സ്ത്രീകളാണ് എന്ന്.കുലീനമായ നിങ്ങളുടെ അതേ വഴിയിലൂടെ പോകുവാൻ മാത്രമാണ് എന്റെ ആഗ്രഹം. ഒരുപാടു ദൂരമിനിയും താണ്ടാനുണ്ടെങ്കിലും.

അമ്മയോടെനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, ഞാൻ കടന്നുവന്ന വഴിയിലെ പ്രതിസന്ധികളെയെല്ലാം താണ്ടി കരുത്തയാവാൻ എന്നെ പ്രാപ്തയാക്കിയതിനു. ആ വെല്ലുവിളികൾ ഇപ്പോൾ ഞാൻ ആസ്വദിക്കാറുണ്ടെങ്കിൽ കൂടിയും.എന്റെ മകൾ അലെക്സിയ ഒളിമ്പിയക്കും 'അമ്മയുടെ അതെ മാർഗം തന്നെയാണെനിക്ക് പഠിപ്പിക്കാനുള്ളത്. ഒപ്പം അവൾക്കു അമ്മയുടെ അതേ ഉൾക്കരുത്ത് ഉണ്ടാവട്ടെ എന്ന ആശയും.എന്നെ സഹായിക്കാൻ ഇനിയും കൂടെയുണ്ടാവും എന്ന് എനിക്ക് വാക്കു തരൂ, അമ്മയുടെ അത്രയും ശാന്തയും കരുത്തയും ആവാൻ ഇനിയും എനിക്ക് പറ്റിയിട്ടില്ല എന്നെനിക്കറിയാം. ഒരുനാൾ ഞാൻ അവിടെയെത്തും എന്നു മാത്രം പറഞ്ഞുകൊണ്ട്,

അമ്മയുടെ അഞ്ചാമത്തെവൾ...

സെറീന വില്യംസ് ലോകത്തോട് പലപ്പോഴായി ഇങ്ങനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, പറയേണ്ടി വന്നിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ ആയ അവരുടെ കളിമികവിനേക്കാൾ ആളുകൾ പലപ്പോഴായി ചർച്ച ചെയ്തത് അവരുടെ ശരീരത്തെയായിരുന്നു. ആണുങ്ങളുടെ കൂടെയാണ് കളിക്കേണ്ടത് എന്നാക്രോശിച്ചു, അവർ ജയിക്കുന്നത് ശാരീരികമായ കരുത്ത് കൊണ്ട് മാത്രമാണെന്ന് ആരോപിച്ചു, അങ്ങനെ സ്വയം തൃപ്തരായി ഒരുപാടു പേർ.. .

അവരുടെ നിറം, കൈകളുടെ പേശിബലം, തുടകളുടെ വണ്ണം, ശരീരത്തിന്റെ ഉയർച്ച - താഴ്ചകൾ, മുലക്കണ്ണുകൾ അങ്ങനെ തല മുതൽ കാലു വരെ സർവവും വെളുത്ത ലോകത്തിന്റെ സ്കാനിംഗും അതുയർത്തിവിടുന്ന സമ്മർദവും അതിജീവിച്ചാണ് അവർ ടെന്നിസിൽ വിജയം കൈവരിച്ചത്. വെളുത്ത സ്റ്റെഫിഗ്രാഫിലും , മെലിഞ്ഞ ഹിൻഗിസിലും, 'ബ്ലോണ്ട് ' ഷറപ്പോവയിലും മാത്രമേ സ്കിൽ ഉള്ളൂ എന്നും സെറീനയുടേത് വെറും പവർ മാത്രമാണെന്നും അക്കൂട്ടർ ആശ്വസിച്ചു, മേല്പറഞ്ഞവരുടെ പേര് കേട്ട മാത്രയിൽ സ്കിൽ, ശുദ്ധമായ ടെന്നീസ്, എന്നീ പദങ്ങളിൽ മനക്കോട്ട കെട്ടി, സ്‌ഖലനം നേടി നിർവൃതിയടഞ്ഞു കൊണ്ടിരിക്കയാണ്.

ലോകത്തിലെ ഏറ്റവും ധനികയായ വനിതാ കായികതാരം കാലങ്ങളായി (11 വർഷത്തോളം )ഷറപ്പോവയാണ്. ഷറപ്പോവ കളിച്ചു നേടിയതിനേക്കാൾ ഇരട്ടിയിലധികം പ്രൈസ് മണി സെറീന നേടിയിട്ടുട്ടെങ്കിലും പരസ്യവരുമാനത്തിന്റെ കണക്കെടുത്താൽ ഈ കണക്കുകൾ നേർവിപരീതമാവുന്നത് കാണാം. കളിച്ചു നേടിയതിന്റെ അഞ്ചിരട്ടിയിലധികമാണ് ഷറപ്പോവയുടെ പരസ്യവരുമാനം. അല്ലെങ്കിലും വെളുത്ത, കൊലുന്നനെയുള്ള കായികതാരത്തിനു കിട്ടുന്ന പരിഗണനയെന്നും കറുത്ത നിറമുള്ള ഒരാൾക്ക് കിട്ടണമെന്നില്ലലോ.

ലോകത്തെ എല്ലായിടത്തും പ്രത്യേകിച്ച് അമേരിക്കയിൽ തന്നെ സെറീന ഒരിക്കലും എല്ലാവര്ക്കും സ്വീകാര്യമായ ഒരു ഇമേജ് ആയി മാറിയിട്ടില്ല. അവരെ, അവരുടെ ശരീരത്തെ എന്ന് അപരവത്കരിക്കാനാണ് പൊതുബോധം ശ്രമിച്ചിട്ടുള്ളത്, അവർക്ക്‌ കൽപ്പിച്ചു നൽകിയിട്ടുള്ള ബിംബം എന്നും അതി-ലൈംഗികതയുടെയും, പുരുഷത്വത്തിന്റെയും, ദേഷ്യത്തിന്റെയുമാണ്. ഒരാണിന് ഒറ്റയ്ക്ക് സെറീനയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ പറ്റില്ല, അവർക്കു കുറഞ്ഞത് രണ്ടിൽ കൂടുതൽ ആണുങ്ങൾ വേണ്ടി വരും എന്ന് പലപ്പോഴായി കേട്ട ക്രൂരമായ തമാശയാണ്, വില്യംസ് സഹോദരന്മാർ എന്നാണ് ഒരു ടെന്നീസ് മേധാവി അവരെ വിളിച്ചിട്ടുള്ളത്, സഹ കളിക്കാരായ നോവോക് ജോക്കോവിച്ചും , ആൻഡി റോഡിക്കും, കരോളിൻ വോസ്നിയാക്കിയും ജേഴ്‌സിയിലും, ഷോർട്ട്സിലും തുണി തിരുകി വലിയ മുലകളും, പിന്ഭാഗവും കാട്ടിയാണ് അവരെ പ്രദർശന മത്സരങ്ങളിൽ അപമാനിച്ചിട്ടിട്ടുള്ളത്.പ്ലേബോയ് മാഗസിനിൽ അല്ല നാഷണൽ ജിയോഗ്രാഫീ ചാനലിൽ ആണ്‌ ഇവരെ കാണിക്കേണ്ടത് എന്ന് പറഞ്ഞു. ഗൊറില്ല എന്നും, മ്ലേച്ഛ എന്നും പലവട്ടം പഴി കേട്ടു ...,

അതൊക്കെ കൊണ്ടാണ് അവർ ഉറക്കെയുറക്കെ ലോകത്തോട് വിളിച്ചു പറയുന്നത്, എനെറെ നിറം, ശരീരം, കൈകൾ, കാലുകൾ, മുലകൾ, നിതംബം എല്ലാം ഇങ്ങെനയാണ് , അതിൽ എന്താണ് നിങ്ങൾക്കു പ്രശ്നം? സ്ത്രീകളുടെ ശരീരം നിങ്ങൾ നിശ്ചയിക്കുന്നത് പോലെയുള്ള വാർപ്പുമാതൃകളിൽ ഒതുക്കാൻ പറ്റുന്നതല്ല. അങ്ങനെയാവണം എന്ന് നിങ്ങൾ ശഠിക്കുന്നത് എന്തിനാണെന്നാണ് അവർ നിരന്തരം ചോദിക്കുന്നത്. തന്റെ നിറത്തിൽ, തന്റെ ശരീരപ്രകൃതിയിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ല എന്നും അങ്ങനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും നാം നമ്മുടെ ശരീരത്തിൽ ആത്മവിശ്വാസം കണ്ടെത്താനും അതിൽ അഭിമാനിക്കുകയും വേണം എന്നും അവർ നിലപാടെടുക്കുന്നു. കറുപ്പിനോടുള്ള, ശരീരത്തിന്റെ വാർപ്പുമാതൃകകളോടുള്ള, വംശീയമായ വെറുപ്പിനോടുള്ള പോരാട്ടം തന്നെയാണ് സെറീന വില്യംസും അവരുടെ അമ്മയുടെയും സഹോദരി വീനസിന്റെയും ജീവിതവും.

കടപ്പാട്:: Hari Kumar C  (അമൽ റോഷൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്)

#TAGS : serenawilliams  

advertisment

News

Related News

    Super Leaderboard 970x90