Cinema

‘ഈട’യെ സംഘിയാക്കുന്നവരോട്...... നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് വേണ്ട...!! അജയന്‍ അടാട്ട്‌

മനോരമയുടെ എഡിറ്റോറിയൽ വായിച്ചു രാഷ്ട്രീയ സിനിമയുണ്ടാക്കാൻ പോയാൽ ഏറിയാൽ ഒരു അറബിക്കഥയോ ലെഫ്റ് റൈറ്റ് ലെഫ്റ്റോ ഉണ്ടാവും, ഈട ഉണ്ടാവില്ല! അത്രയെങ്കിലും മനസ്സിലാക്കണമെന്ന് അപേക്ഷ. സിനിമയോട് വളരെ പോസിറ്റീവ് ആയി പ്രതികരിച്ച പല പാർട്ടി സുഹൃത്തുക്കളും അനുഭാവികളും ഉണ്ട് എന്നത് ഇപ്പോഴും നേരിയ പ്രതീക്ഷ തരുന്ന കാര്യമാണ്. ഇടതുപക്ഷം ഉഴുതു മറിച്ച കേരളം ആയതു കൊണ്ട് തന്നെയാണ് ഇന്നും ഈ സിനിമ ഇവിടെ ഒരു സെൻസറും ഇല്ലാതെ ഇറക്കാൻ കഴിഞ്ഞതെന്ന് തികഞ്ഞ ബോധ്യമുണ്ട്.....

‘ഈട’യെ സംഘിയാക്കുന്നവരോട്...... നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് വേണ്ട...!! അജയന്‍ അടാട്ട്‌

 ഈട ഒരു വലതുപക്ഷ സിനിമയാണെന്ന് ചിലരുടെ തിട്ടൂരം ഇറങ്ങിയിട്ടുണ്ട്. അത്രയെളുപ്പത്തിൽ ഈടയെയും ഈടയുടെ കൂടെ നിന്നവരെയും സംഘികളാക്കി അഭിനവ വിപ്ലവ വിശാരദർ ഞെളിഞ്ഞു നടന്നു പോയത് കൊണ്ട് മാത്രം അതങ്ങനെയാകുമോ? അങ്ങനെയെങ്കിൽ എന്താണ് ഈ 'ഇടതു' എന്നൊന്ന് തിരിഞ്ഞു നോക്കേണ്ടി വരും!

ശ്രീകൃഷ്ണ ജയന്തിക്ക് ഗോകുലബാലകരായും വിഴിഞ്ഞം വഴി കപ്പലേറി വരുന്ന അദാനിയുടെ ഗുജറാത്ത് മോഡൽ കണ്ടു മണ്ണ് മിഴിച്ചു നിന്നും വർഗ്ഗസമരപ്പോരാളികളെ കാട്ടിനുള്ളിൽ നായാട്ടിനു പോയ രാജ കിങ്കരന്മാരെ പോലെ വെടി വച്ച് കൊന്നു പടമെടുത്തും സാമൂഹ്യ പ്രവർത്തകരെ മാവോയിസ്റ് ലിസ്റ്റിൽ പെടുത്തിയും ഊപ്പ ചുമത്തിയും ഒരു കമ്മ്യൂണിസ്റ്കാരനെ അന്പത്തിയൊന്നു വെട്ടിനാൽ അരിഞ്ഞു

‘ഈട’യെ സംഘിയാക്കുന്നവരോട്......നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് വേണ്ട...!!അജയന്‍ അടാട്ട്‌

നുറുക്കിയും ആ കൊലപാതകികളെ നാട് മുഴുവൻ ആഘോഷിച്ചും വികസന വിരോധികളായ കുട്ടികളുടെ തല തല്ലിപ്പൊളിച്ചും സ്വാശ്രയ കച്ചോടം പൊടി പൊടിച്ചും കൊലപാതകി ഓ കെ വാസുവിനും കാട്ടുകള്ളൻ മാണിക്കും കായൽ രാജാവ് ചാണ്ടിക്കും ഒക്കെ മേൽക്കൂര പണിതു കൊടുത്തും രവി പിള്ളക്ക് എം ഡി മാരെ ഉണ്ടാക്കി കൊടുത്തും അടിയൊരുടെ പെരുമൻ വർഗീസിനെ കൊള്ളക്കാരനാക്കിയും അങ്ങനെ അങ്ങനെ സുഖിച്ചു ഭരിച്ചു ഇടത്താണെന്നു ഗ്വായ് ഗ്വായ് വിളിച്ചിരിക്കുന്നവരുടെ പ്രശസ്തിപത്രം ആ സിനിമക്കെന്നല്ല ഒരു സിനിമക്കും ആവശ്യമില്ല!

സംഘികൾ അതിനെതിരെ മിണ്ടാത്തത്, അവരെ കൊലപാതകികൾ എന്ന് വിളിച്ചാലോ ഫാസിസ്റ്റുകൾ എന്ന് വിമർശിച്ചാലോ പണ്ട് മുതൽക്കേ അവർക്കൊരു കുഴപ്പവും ഇല്ല എന്നത് കൊണ്ടാണ്. അതവർക്ക് ഒരു അലങ്കാരം മാത്രമാണ്. വിചാരധാര വായിച്ചു വേദം പഠിച്ചു വെട്ടാൻ വരുന്ന പോത്തുകളെയും, എഴുപതിൽ മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ മുതലാളിമാർ മംഗലാപുരത്തു നിന്ന് ഇറക്കുമതി ചെയ്ത കൂലിത്തല്ലുകാരാണ് RSS കാർ എന്ന നിലപാടിനെയും, അന്ന് മുതൽ കൊന്നും കൊല വിളിച്ചുമൊക്കെയാണ് നാം ഈ നിലക്കെത്തിയതെന്നു മോദിയെ ചൂണ്ടി കാണിച്ചു പറയുന്ന ആചാര്യനെയും ചാണകം മുഖത്ത് കോരിതേക്കാൻ ആഹ്വാനം ചെയ്യുന്ന സാമിയെയും ഒന്നും വിമർശകർ കാണാഞ്ഞിട്ടല്ല എന്നുറപ്പാണ്. എന്നാലും സിപിഎം കാർക്ക് രാഷ്ട്രീയ സിനിമയെന്നാൽ മെക്സിക്കൻ അപാരതയോ സഖാവിന്റെ പ്രിയസഖിയോ ആവണമെന്ന് പറഞ്ഞാൽ അതെല്ലാവർക്കും സ്വീകാര്യമാവണ്ടേ?

നിയോ ലിബറൽ നയങ്ങൾ പിന്തുടരുന്ന ഒരു സോഷ്യൽ ഡെമോക്രട്ടിക് പാർട്ടിയെ പലരും വിമർശിച്ചെന്നു വരും. വിമർശനത്തെ കൊഞ്ഞനം കുത്താൻ പോകുന്നതിനു മുൻപ് നെഞ്ചിൽ കൈ വച്ച് ഒരു പാർട്ടിക്കാരന് പറയാനാവുമോ ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതും വർഗ്ഗസമരപോരാട്ടങ്ങളും ഒന്ന് തന്നെയായിരുന്നു എന്ന്. കാമ്പസുകളിൽ പട്ടിക കഷ്ണം കൊണ്ടും വടിവാൾ കൊണ്ടും മാത്രം പറയേണ്ട ഒന്നാണ് രാഷ്ട്രീയം എന്ന് വരുത്തിയതിന്റെ കൂടെ ബാക്കിപത്രമല്ലേ ഇന്ന് രാഷ്ട്രീയം എന്നത് അശ്ലീലം പോലെ അകറ്റി നിർത്തിയിരിക്കുന്ന ഒരു തലമുറ? നാക് അക്രഡിറ്റേഷനു വേണ്ടി സെറ്റ് സാരിയുടുത്ത് നിൽക്കുന്ന യൂണിയൻ മെംബെർമാർ എന്ത് രാഷ്ട്രീയമാണ് കേരളത്തിന് സംഭാവന ചെയ്യുന്നത്? കൂത്തുപറമ്പിൽ വെടി കൊണ്ടുവീണ ധീരയുവത്വങ്ങളിൽ അവശേഷിച്ച മുത്ത് പുഷ്പന്റെ ചുറ്റും നിന്ന് കുട്ടികൾ യുവജനോത്സവത്തിൽ ദേശഭക്തിഗാനം പാടുന്ന പോലെ പുഷ്പനെ അറിയാമോ എന്ന് പാടുന്ന ഒരു വീഡിയോ യൂടൂബിൽ ഉണ്ട്! അതാണ് പാർട്ടി ആഗ്രഹിക്കുന്ന ഇടതുപക്ഷ കല. അതുകൊണ്ടു തന്നെയാണ് ആ പാടിയവരിലെ ഒരു കുട്ടി പോലും നമ്മൾ എന്ത് കൊണ്ട് സ്വാശ്രയ കച്ചവടത്തിന് കൂട്ട് നിന്ന് എന്ന് ചോദിക്കാത്തതു. ചോദ്യം ചോദിക്കാത്ത, ഏറാൻമൂളികളായി ഒരു തലമുറയെ വാർത്തെടുത്തു, അനുസരണയാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം എന്ന തെറ്റ് അവരെ പഠിപ്പിച്ചവർക്കു എന്തിനാണ് ഒരു സിനിമയോട് ഇത്ര ദേഷ്യം?

മംഗലാപുരത്തു പബ്ബിൽ പാന്റിട്ടു പോകുന്ന ജില്ലാ കമ്മറ്റിക്കാരൻ സഖാവിനെ ബോൾഷെവിക് രീതിയിൽ ചിത്രടീകരിച്ചില്ല എന്നാണെങ്കിൽ, സംഘടനയുടെ കേന്ദ്ര ഭാരവാഹി കേരളത്തിൽ വിദേശ സ്വകാര്യ സർവ്വകലാശാലകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി തുടങ്ങിയതും പാർട്ടി കേന്ദ്ര നേതാവ് അത് ഉദ്ഖാടിച്ചതും അവരുടെ വിദേശയാത്രകളും ഒക്കെ ഓർമകളിൽ കിടക്കുന്നതു കൊണ്ട് തന്നെയായിരിക്കണം.

കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങക്കിടയിൽ മോദിയും മൻമോഹൻസിങ്ങും ഒക്കെ പറയുന്ന അതേ ഭാഷയിൽ വികസനം വികസനം എന്ന് ഉരുവിട്ട് ഫിനാൻസ് കാപിറ്റലിനു പാദസേവ ചെയ്യുകയല്ലാതെ ഒരു ജനകീയ രാഷ്ട്രീയ സമരം പോലും ഏറ്റെടുക്കാത്ത ഒരു പാർട്ടി, മോദിയുടെ ഇന്ത്യയിൽ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന ഒരു പാർട്ടി, വിമത സ്വരങ്ങളെ വടിവാള് കൊണ്ട് തീർക്കാം എന്ന മൂഢ സ്വർഗത്തിൽ കഴിയുന്ന ഒരു പാർട്ടി എങ്ങനെയാണ് ഇടതു പക്ഷത്താവുന്നതു? കണ്ണൂരിൽ നടക്കുന്ന ഗോത്ര സംസ്കാരത്തെ ഓർമിപ്പിക്കുന്ന കൊലകളെക്കാൾ അരാഷ്ട്രീയമല്ല ഈ സിനിമ. കുടിപ്പക പോലെ പച്ച മനുഷ്യരെ നമ്പറിട്ട് കൊലപ്പെടുത്തുന്നത് അരാഷ്ട്രീയമാണ്. സാമ്പത്തിക നയങ്ങളും ഹിന്ദുത്വ ഭീകരതയും ചർച്ച ചെയ്തിട്ടാണോ അവിടെ ആളെ കൊല്ലുന്നത്‌?

സിപിഎം ഒരു ഭീകരസംഘടനയല്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ചു ഫിനാൻസ് മൂലധനത്തിന് അടിപ്പെട്ട മൂല്യശോഷണം വന്ന ഒരു പ്രസ്ഥാനം. ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങളെയും വിലക്കെടുത്ത് അവരെ ചതിച്ച ഒരു പാർട്ടി. RSS അങ്ങനെയല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണത്. ബ്രാഹ്മണിക്കൽ ഫാസിസമാണ് അവരുടെ പ്രത്യയശാസ്ത്രം. രണ്ടും ഒന്നാണെന്ന് അതുകൊണ്ടു തന്നെ ഒഴുക്കിൽ പറഞ്ഞു പോയിട്ടില്ല ഈ സിനിമ. വിശദഅംശങ്ങളിൽ വിമർശനമുണ്ട്. അതെന്തായാലും സംഘപരിവാറിനെ നന്നാക്കാൻ അല്ല. അവർ നന്നാവില്ല. നന്നാവാൻ ആരെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അവർക്കാകാം. ഈ സിനിമയുടെ ഉദ്ദേശം എന്തായാലും ആരെയും ഉപദേശിക്കലും നന്നാക്കലും ഒന്നുമല്ല. ഇന്ത്യ ഭരിക്കുന്നത് rss ആണെന്നത് കൊണ്ട് അവരെ എതിർക്കുന്ന ആരെയും വിമര്ശിക്കരുതെന്നു പറഞ്ഞാൽ പിന്നെ ബലരാമനെ പോലും മലരാമൻ എന്ന് വിളിക്കാൻ പറ്റാതായി പോവില്ലേ?

മനോരമയുടെ എഡിറ്റോറിയൽ വായിച്ചു രാഷ്ട്രീയ സിനിമയുണ്ടാക്കാൻ പോയാൽ ഏറിയാൽ ഒരു അറബിക്കഥയോ ലെഫ്റ് റൈറ്റ് ലെഫ്റ്റോ ഉണ്ടാവും, ഈട ഉണ്ടാവില്ല! അത്രയെങ്കിലും മനസ്സിലാക്കണമെന്ന് അപേക്ഷ. സിനിമയോട് വളരെ പോസിറ്റീവ് ആയി പ്രതികരിച്ച പല പാർട്ടി സുഹൃത്തുക്കളും അനുഭാവികളും ഉണ്ട് എന്നത് ഇപ്പോഴും നേരിയ പ്രതീക്ഷ തരുന്ന കാര്യമാണ്. ഇടതുപക്ഷം ഉഴുതു മറിച്ച കേരളം ആയതു കൊണ്ട് തന്നെയാണ് ഇന്നും ഈ സിനിമ ഇവിടെ ഒരു സെൻസറും ഇല്ലാതെ ഇറക്കാൻ കഴിഞ്ഞതെന്ന് തികഞ്ഞ ബോധ്യമുണ്ട്. അത് പക്ഷെ, ഔദാര്യമല്ലെന്നും അവകാശമാണെന്നും ബോദ്ധ്യം ഉള്ള കാലം വരേയ്ക്കും ഞങ്ങൾ സിനിമകൾ ചെയ്തു കൊണ്ടേ ഇരിക്കും.

ചിത്രത്തിൻറെ സൗണ്ട് ഡിസൈനർമാരിൽ ഒരാൾ എന്ന നിലക്കല്ല, ഒരു ഇടതുപക്ഷരാഷ്ട്രീയ പ്രവർത്തകൻ എന്ന നിലക്കുള്ള അഭിപ്രായമാണ്. ഈട യെ കുറിച്ച് സിപിഎം പരിപ്രേക്ഷ്യത്തിലുള്ള അസഹനീയമായ ചില വിലയിരുത്തലുകൾ വായിച്ചത് കൊണ്ട് എഴുതി പോയതാണ്. ഈട യുടെ പുറകിൽ പ്രവർത്തിച്ചവർ അവരുടെ ജീവിതത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിന് ചെയ്തു കൊണ്ടിരിക്കുന്ന സഹായങ്ങൾ ചിലർക്കെങ്കിലും അറിവുണ്ടാവും എന്ന് കരുതുന്നു.

advertisment

News

Super Leaderboard 970x90