Travel

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

ഷിമോഗയിലെ മഴക്കാടുകൾക്കിടയിലെ എപ്പോഴും മഴ പെയ്തിറങ്ങുന്ന അഗുംബെയെന്ന കൊച്ചു ഗ്രാമം.സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി.ഇന്ത്യയിൽ രാജവെമ്പാലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം.അങ്ങനെ പ്രത്യേകതകൾ ഏറെയാണ് ഈ കൊച്ചു ഗ്രാമത്തിന്.അഗുംബെ ഒരു അനുഭവമാണ്.മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്.നനയാന്‍ ഇഷ്ടമുള്ളവര്‍ പോയാല്‍ അതനുഭവിക്കാന്‍ കഴിയും....

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

എന്റെയും തടിയന്റെയും ആദ്യ കാല സഞ്ചാരപ്രയാണങ്ങളിൽ ഒന്നാണ് അഗുംബെ.അവിടെ പോയിട്ട് വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു ഷിമോഗയിലെ മഴക്കാടുകൾക്കിടയിലെ എപ്പോഴും മഴ പെയ്തിറങ്ങുന്ന അഗുംബെയെന്ന കൊച്ചു ഗ്രാമം.സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി.ഇന്ത്യയിൽ രാജവെമ്പാലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം.അങ്ങനെ പ്രത്യേകതകൾ ഏറെയാണ് .ശൃംഗേരിയ്ക്കും jog falls നും എല്ലാം തൊട്ടടുത്താണ് അഗുംബെ.

ഇനിയും ഇനിയും പോണമെന്നു വിചാരിക്കുന്ന സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം അഗുംബെയ്ക്കാണ്.ഇന്ത്യയുടെ പല ഭാഗങ്ങളിൽ പലയിടത്തും പോയിട്ടും അഗുംബെ തന്നെയാണ് ഒന്നാം സ്ഥാനത്തു.എവിടെങ്കിലും ഒരു കർണാടകക്കാരനെ കണ്ടുമുട്ടിയാൽ ആദ്യം ചോദിക്കുന്ന ചോദ്യം ‘ഇങ്ങള് അഗുംബെ പോയിട്ടുണ്ടോ ‘ എന്നാണ് .

ജോലിയുടെ ട്രെയിനിങ് പീരിയഡിൽ ഉണ്ടായിരുന്ന കർണാടകക്കാരോട് ചോദിച്ചപ്പോൾ ചിലർക്ക് ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്നു പോലും അറിയില്ലായിരുന്നു.അമൃത്സറിൽ വച്ചു കണ്ട പ്രത്യൻക് സൂഡയോടും ആദ്യം ചോദിച്ചത് ഇതായിരുന്നു.അവനു പക്ഷേ കസ്തുരി അക്കയെ വരെ അറിയാം.അഗുംബെയിലെ പകുതി സ്ഥലങ്ങളിൽ പോലും ഞങ്ങൾ അന്ന് പോയില്ലാ.രണ്ടു ദിവസത്തിന് പോയ ഞങ്ങൾ ഒന്നാം ദിവസം രാത്രി പ്ലാൻ മാറ്റി വയനാട്ടിലേക്ക് പോയി.അതിൽ ഇപ്പോളും വിഷമമുണ്ട്.ചിലപ്പോൾ വീണ്ടും വരുവാൻ വേണ്ടി അങ്ങനെയായതാവും.

അഗുംബെ പോയ ഒരാളുടെ വിവരണം ഞാനും തടിയനും സഞ്ചാരിയിൽ വായിച്ചു.ഞങ്ങൾ രണ്ടാളും പോസ്റ്റ് ഇട്ട ആളോട് ചോദിച്ചു വേണ്ട വിവരങ്ങൾ ഒക്കെ അറിഞ്ഞു.അഗുംബെയിൽ ഉള്ള ഒരേയൊരു ലോഡ്ജ് മല്യ ലോഡ്ജിൽ വിളിച്ചു റൂം ഒക്കെ ഉണ്ടോ എന്ന് ഉറപ്പുവരുത്തി.വരുന്നതിനു മുൻപേ വിളിച്ചാൽ മതി റൂം ശെരിയാക്കാം എന്നുറപ്പു കിട്ടി.

ഒരാവശ്യത്തിന് കോഴിക്കോട് പോവേണ്ടി വന്നിരുന്നു.കോഴിക്കോട് നിന്നും ഷൊര്ണൂർക്ക് ജനശതാബ്ദി കേറാൻ നിക്കുമ്പോൾ ദാ കിടക്കുന്നു് ‘മാതൃഭൂമി യാത്ര’.അഗുംബെ എന്ന് മത്തങ്ങാ അക്ഷരത്തിൽ ഫ്രണ്ട് പേജിൽ.ഒരെണ്ണം ഞാനും വാങ്ങി.മിക്ക പോസ്റ്റിലും പലരും പറയാറുള്ളതുപോലെ അഗുംബെ ഞങ്ങളെ “മാടി വിളിക്കുന്നതുപോലെ” .

അതിൽ ലേഖിക താമസിച്ചിരിക്കുന്നത് മല്യ ലോഡ്ജിൽ അല്ല.ദൊഡുമനയിലാണ്.അവിടെ കസ്തുരിയാക്കയുടെ കൂടെ ഒരു ആഴ്ച താമസിച്ചു അഗുംബെയെ പറ്റി നല്ലപോലെ അഗുംബെയുടെ ഗ്രാമീണ ഭംഗി എഴുതിരിക്കുന്നത് കൂടെ കണ്ടപ്പോൾ അഗുംബെ ഉടനെ പോണമെന്നു ഉറപ്പിച്ചു.യാത്ര വിവരണത്തിൽ കസ്തുരി അക്കയുടെ ഫോൺ നമ്പറും ഉണ്ട്.തടിയൻ ഫോൺ വിളിച്ചു.അടുത്ത ആഴ്ച വരുമെന്നു പറഞ്ഞു.തലേ ദിവസം ഒന്ന് വിളിക്കണം എന്നും പറഞ്ഞു.ആരെയെങ്കിലും വിളിച്ചു convince ചെയ്യിക്കാൻ തടിയനെ കഴിഞ്ഞേയുള്ളു.കോളേജിൽ സാറാ ജോസേപ്പിനെ വരെ വിളിച്ചു വരുത്തിയിട്ടുണ്ട് തടിയൻ.ശുദ്ധ മനസ്സും നിഷ്കളങ്ക സംസാരവും കുലുങ്ങി കുലുങ്ങിയുള്ള ചിരിയുമാണ് തടിയന്റെ ബലം. (ആ വല്യ ശരീരത്തെയും വിസ്മരിക്കുന്നില്ല )

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

ഞാനും തടിയനും ഷൊർണൂർ വരെ ബസ്സിൽ പോയി.അവിടെ നിന്നുള്ള ഏതോ ഒരു ട്രെയിനിൽ കയറി ഉഡുപ്പിയിൽ ഇറങ്ങണം.തട്ടുകടയിൽ നിന്നൊരു ഓംലെറ്റ് ഉം കട്ടൻ ചായയും കുടിക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല.തടിയനോട് ദോശ കഴിക്കാൻ പറഞ്ഞിട്ടും രക്ഷയില്ല.മുട്ട പൊരിക്കുന്നതിൽ തന്നെയാണ് ദോശയും ഉണ്ടാക്കുന്നത് അതാണ് കാരണം. വേറൊരു ഹോട്ടലിൽ കയറി ചപ്പാത്തിയും വേജ് കുറുമയും കഴിച്ചു.നല്ല രീതിയിൽ 3G ആയി.(ഇപ്പോൾ തടിയൻ ആളാകെ മാറി . ഇപ്പോഴും വെജ് തന്നെയാണെങ്കിലും ഇമ്മാതിരി പ്രേശ്നമൊന്നും ഇല്ലാ )

ട്രെയിനിൽ നിറയെ രാജസ്ഥാനികൾ ആയിരുന്നു.മലയാളികൾ ആയിരുന്നു ന്യുനപക്ഷം.ഇടയ്ക്കൊരു കശപിശ ഉണ്ടായെങ്കിലും ന്യുനപക്ഷമാണെന്ന ബോധം കാരണം മലയാളികൾ കൂടുതൽ വഴക്കിനു പോയില്ല.ഷൊർണൂർ മുതൽ കോഴിക്കോട് വരെ ഞങ്ങൾ നിന്നു .കോഴിക്കോട് ഇരിക്കാൻ സീറ്റ് കിട്ടി.ഉഡുപ്പിയിൽ രാവിലെ ഇറങ്ങി പല്ലു തേപ്പും മറ്റും സ്റ്റേഷനിൽ വച്ചു തന്നെ സാധിചു വന്നപ്പോൾ തടിയന്റെ മൊബൈലിൽ ഒരു മിസ്സ്കാൾ.കസ്തുരിയ്ക്കയാണ്.എവിടെത്തി എന്നറിയാൻ വിളിച്ചതാണ്.വഴിയിൽ നിന്നൊന്നും കഴിക്കണ്ട.ഉപ്പുമാവ് ഇരിപ്പുണ്ട് എന്ന് പറയാൻ വിളിച്ചതാ.

ഉഡുപ്പി സ്റ്റേഷനിൽ നിന്നും കുറച്ചു നടക്കണം മെയിൻ റോഡു വരെ.ഓട്ടോക്കാർ പലതും പറയും.ഞാൻ മുൻപൊരു സോളോ വന്നിട്ടുണ്ട്.ജോഗ് ഫാൾസും ഉഡുപ്പിയും എല്ലാം കൂടെ ഒരു സോളോ.കയ്യിലുള്ള മുറി ഹിന്ദിയും വച്ചു അധികമൊന്നും ആലോചിക്കാതെ ട്രെയിൻ കയറി പോയതാ.എന്ത് ബലത്തിലാ അങ്ങനെയൊകെ പോയെ എന്ന് ചോദിച്ചാൽ ഇപ്പോൾ ചിരി വരും..അന്നും ഇന്നും കന്നഡ എനിക്കൊരു കാലകേയ ഭാഷയാണ്.അന്ന് ഉഡുപ്പി സ്റ്റേഷനിൽ വന്ന പരിചയമുള്ളതുകൊണ്ടു ഞങ്ങൾ ഓട്ടോക്കാരുടെ വലയിൽ വീണില്ല.ഞങ്ങൾ നടന്നു.റോഡ് സൈഡിൽ നിന്നും ബസ് പിടിച്ചു സ്റ്റാന്റിലെത്തി.ഒരു അഗുംബെ ബസ് പോവാൻ നിൽക്കുന്നു .പെട്ടി പുറത്തു മാത്രമേ സീറ്റുള്ളു.ഞങ്ങൾ അവിടിരുന്നു.കാഴ്ചകൾ കാണാനും പറ്റിയ സീറ്റ്.

ഏതാണ്ട് ഒരു രണ്ടു മണിക്കൂറു കാടിലൂടെയുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ അഗുംബെയിലിറങ്ങി.ദൊഡുമന എവിടെയെന്നൊക്കെ അറിയാവുന്ന ഹിന്ദിയിൽ ചോദിച്ചു മനസിലാക്കി.ഹിന്ദി ആണെങ്കി ഞാൻ തമിഴ് ആണെങ്കി പാലക്കാട്ടുകാരൻ തടിയൻ . അതായിരുന്നു ഞങ്ങളുടെ രീതി.രണ്ടിനും മുറിയെ അറിയൂ പക്ഷേ യാത്ര ചെയ്യാൻ അത് തന്നെ ധാരാളം.

പ്രസിദ്ധമായ മാൽഗുഡി ഡേയ്സ് സീരിയൽ ഷൂട്ട് ചെയ്തത് ഇവിടെയാണ്.മഴക്കാലമായതുകൊണ്ടു മുൻവശം പടുതകൊണ്ട് മറച്ചിരിക്കുന്നു.കേറി ചെന്നതേ കസ്തുരിയക്കയുടെ മരുമകൻ അകത്തേക്കു സ്വീകരിച്ചു.കസ്തുരിയ്ക്കയും ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു.കസ്തുരിയക്കയുടെ അമ്മ മുല്ലപ്പൂ കൊണ്ട് മാലയുണ്ടാക്കുകയാണ്.മുകളിലത്തെ നിലയിലാണ് ഞങ്ങളുടെ മുറി.ബാഗെല്ലാം വച്ചു ഞങ്ങൾ കുളിച്ചു.150 വർഷത്തിലധികം പഴക്കമുള്ള വീടാണിത്.പഴയ രീതിയിലുള്ള കുളിമുറിയൊക്കെ ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്.

അടുക്കളയിലേക്കു വന്നപ്പോൾ കസ്തുരിയ്ക്ക എന്നോട് എന്തോ പറഞ്ഞു .എനിക്ക് മനസിലാകുന്നതിന് മുൻപേ എന്റെ തല വാതിലിൽ ഇടിച്ചു.എല്ലാത്തിനും ഉയരം കുറച്ചു കുറവാണു.അതുകൊണ്ടു തല കുനിച്ചു വേണം ഒരു മുറിയിൽ നിന്ന് വേറൊരു മുറിയിലേക്കു കയറാൻ.ഇപ്പോഴത്തെ കാലത്തു ആ സീനില്ലാ.നമ്മൾ മൊബൈലിൽ കുത്തി നടക്കുമ്പോൾ തല എന്തായാലും മുട്ടില്ലാ (ഏതു ? )

കസ്തുരിയക്ക കുടിക്കാൻ തരുന്ന വെള്ളത്തിൽ ഇരുപത്തിയെട്ടോളം ആയുർവേദ ചേരുവകളൊക്കെ ഇട്ടതാണ്.കൊങ്കണി ഭാഷയാണ് അവർ സംസാരിക്കുന്നത് എങ്കിലും കുറച്ചു ഹിന്ദിയും കുറച്ചു ഇംഗ്ലീഷും തമിഴും എല്ലാം അവർക്കറിയാം.നല്ലൊരു പുഞ്ചിരിയോടെയാണ് എപ്പോഴും സംസാരിക്കുക.അവിടെ വരുന്നവർ വിളിച്ചു വിളിച്ചു കസ്തുരിയമ്മ കസ്തുരിയക്കയായി.ഉപ്പുമാവും കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി.ജോഗി ഗുണ്ടി ഫാൾസ് കാണാനാണ് ഉദ്ദേശം.

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

ഒന്നു രണ്ടു കിമി ഉണ്ട്.ഓട്ടോ കിട്ടുമെങ്കിലും ഞങ്ങൾ നടന്നു.വഴിയിലെങ്ങും ആരുമില്ലാ.എപ്പോ വേണമെങ്കിലും മഴ പെയ്യാവുന്ന കാലാവസ്ഥ.എവിടെയും പച്ചപ്പ്‌ മാത്രം.കുറെ കഴിഞ്ഞപ്പോൾ കണ്ട ബോർഡ് നോക്കി ഞങ്ങൾ കാട്ടിലൂടെ ഒരു 200 മീറ്റർ സെറ്റപ്പിലുടെ ഇറങ്ങി.ചെറിയൊരു വെള്ളച്ചാട്ടവും ഒരു ചെറിയ തടാകവും അവിടെ നിന്ന് വെള്ളം താഴേക്കു പോവുന്നു.

ഞാൻ കല്ലുകളിൽ കൂടി ചവിട്ടി ഒരുവിധം വേറൊരു വശത്തെത്തി.അപ്പുറത്തെ വശത്തൊരു പാറയുടെ മുകളിൽ ഒരു പാമ്പിനെ കണ്ടതോടെ വേഗം ഞാൻ തിരിച്ചു വന്നു.പാമ്പ് അവിടെ തന്നെയുണ്ട് ഇങ്ങോട്ടു വരുന്നില്ല എന്നുറപ്പുവരുത്തി ഞങ്ങൾ അവിടെ തന്നെ ഇരുന്നു.

കുറച്ചു പേർ വന്നതും ഉടുപ്പൊക്കെ ഊരി ഇതിൽ ചാടി കുളിക്കാനുള്ള പ്ലാനുണ്ട് എന്ന് മനസിലായപ്പോൾ ഞങ്ങൾ അവിടെ പാമ്പുണ്ട് എന്ന് പറഞ്ഞു.അപ്പോൾ പാമ്പിനെ കാണാനില്ല.എടുത്ത ഫോട്ടോ കാണിച്ചു കൊടുക്കണ്ട താമസം അവർ പോയ വഴി കണ്ടില്ല.അത്രേം നേരം പേടിയില്ലായിരുന്ന ഞങ്ങൾക്കും പേടി തോന്നി.( പറഞ്ഞില്ലാലോ അവർ മലയാളികളായിരുന്നു )

ഞങ്ങളും തിരികെ നടന്നു.ചെറുതായി മഴയും പെയ്തു തുടങ്ങി.കുട പോലും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ വേഗം നടന്നു.വഴിയിൽ ഒരാളെ കണ്ടതൊഴിച്ചാൽ വേറെ ആരും എവിടെയുമില്ല.ഒരു ബഹളവുമില്ലാത്ത ഗ്രാമം.വല്യ കടകളില്ല , വല്യ സൗകര്യങ്ങളില്ലാ.അതും ആഗുംബെയിലേക്ക് ആകർഷിക്കുന്ന കാര്യമാണ്.

ചോറും കറിയുമെല്ലാം തയ്യാറായിരുന്നു.ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഇവിടെ ലഭിക്കൂ.പിന്നേ വെള്ളമടി ടീമുകളും അടിച്ചുപൊളി ടീമുകൾക്കൊന്നും അവിടെ സ്ഥാനമില്ല.

അടുക്കളയിലെ മേശയിലാണ് ഭക്ഷണം.കറികൾക്കെല്ലാം ചെറിയൊരു മധുരമുണ്ട്.കർണാടകയില്ലെല്ലാം അങ്ങനെയാണെന്ന് തോന്നുന്നു.തടിയന് എന്തായാലും ഇഷ്ടായി.വിളമ്പിയത് ഞാൻ ഒരുവിധം തീർത്തു.ബാക്കി വയ്ക്കുന്നത് അവർക്കു വിഷമമാവണ്ട എന്ന് കരുതി.തടിയൻ ഒന്നുടെ വാങ്ങി രണ്ടാം റൌണ്ട് തുടങ്ങി.ഒരമ്മയെപ്പോലെ വീണ്ടും വീണ്ടും കഴിപ്പിക്കാൻ കസ്തുരിയ്ക്ക നല്ല രീതിയിൽ ശ്രെമിക്കുന്നുണ്ട്.എങ്കിലും ഞാൻ ഒരുവിധം പിടിച്ചു നിന്നു.

ഈ പ്രായത്തിലും കസ്തുരിയക്ക തന്നയാണ് ഭക്ഷണം ഉണ്ടാക്കുന്നത്.കാലിന്റെ മുട്ടിനു വേദനയുള്ളതുകൊണ്ടു സാവധാനമാണ് നടക്കുന്നത് .അത് കണ്ടതുകൊണ്ടു തടിയൻ ചോദിച്ചു

“സഹായത്തിനു ആരെങ്കിലും വരാറുണ്ടോ”

“ഇല്ലാ ഞാൻ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത് . സാധനങ്ങളെല്ലാം മരുമോൻ കൊണ്ടുവന്നു തരും , ഞാൻ തന്നെ ഉണ്ടാക്കിയ ഭക്ഷണം ഞാൻ തന്നെ വിളമ്പിയാലേ എനിക്കൊരു സംതൃപ്തി കിട്ടൂ “

ഈ പ്രായത്തിലും ഒരുപാട് വയ്യായ്കൾ ഉണ്ടെങ്കിലും ഇതുപോലൊരു ഹോം സ്റ്റേ നടത്തിക്കൊണ്ടു പോകുന്നത് ഇതുകൊണ്ടാണ്.പുതിയ ആൾക്കാരെ കാണുക അവരെ പറ്റുന്നപോലെ സഹായിക്കുക സൽക്കരിക്കുക. മറ്റുള്ളവരെ സന്തോഷിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്നതാണ് അക്കയുടെ രീതി.ഭാഷയോ മതമോ ഒന്നും ഒരു പ്രെശ്നമല്ല.ആർക്കും വരാം .അക്കാ കഴിയാവുന്ന സഹായമെല്ലാം ചെയ്തു തരും.പ്രത്യേകിച്ചു യാതൊരു വാടകയും അവിടില്ല.നമ്മുക്ക് തോന്നുന്നത് കൊടുക്കാം.കൊടുത്തില്ലെങ്കിലും അവരൊന്നും പറയില്ല.കൊടുക്കുന്നത് എണ്ണി പോലും നോക്കില്ല.അതിൽ നിന്ന് കിട്ടുന്ന വരുമാനം കൂടുതലും നാട്ടിലെ ഉത്സവം നടത്താനാണ് എടുക്കുന്നത്.

(ഇപ്പോൾ ഒന്നോ രണ്ടോ മുറി മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് ഞാൻ അടുത്തിടെ വായിച്ചിരുന്നു )

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

അക്കയുടെ മകൾ മണിപ്പാലിൽ ഒരു കോളേജിൽ ജോലി ചെയുന്നു.മരുമകൻ ആണ് എല്ലാ സഹായത്തിനും കൂടെയുള്ളത്.നാട്ടിലെ പല പരിപാടികൾക്കും അദ്ദേഹം മുന്നിലുണ്ട്.കുന്ദ്രാദി കുന്നിന്റെ മുകളിലുള്ള കുളത്തിലെ മാലിന്യങ്ങൾ അവർ ശുദ്ധികരിച്ചിരുന്നു.

കുന്ദ്രാദി ഹില്ലിലേക്കു പോകുവാൻ അവർ ഓട്ടോ വിളിച്ചു തന്നു.അവിടുന്നു ഏതാണ്ട് പത്തു കിലോമീറ്റർ ഉണ്ട്.ഓട്ടോ താഴെ നിർത്തി ഞങ്ങൾ മുകളിലേക്കു പോയി.മുകളിലൊരു ഏതാണ്ട് തകർന്ന ജൈനക്ഷേത്രമുണ്ട്.കേരളത്തിലെയും കർണാടകയിലും ഹിന്ദുമതം ശക്തിയാര്ജിക്കുന്നതിനു മുൻപ് തന്നെ ബുദ്ധമതവും ജൈനമതവും പ്രചാരത്തിലുണ്ടായിരുന്നു.ക്ഷേത്രത്തിനടുത്തു ഒന്ന് രണ്ടു കുളങ്ങളുമുണ്ട്.മുകളിൽ നിന്നുള്ള കാഴ്ചകൾ മനോഹരമാണ്.കുറച്ചു കഴിഞ്ഞപ്പോൾ കോട കയറി.തടിയന് സന്തോഷിക്കാൻ വേറെന്തു വേണം.കോട കാഴ്ചകൾ മറച്ചു.കുടജാദ്രി പോയതൊക്കെ ഓര്മ വന്നു.വേറെ പലരും വന്നത് കണ്ടപ്പോൾ ഞങ്ങൾ താഴേക്കു നടന്നു.

ഓട്ടോവിൽ കയറി sunset പോയിന്റിലേക്കു പോയി.മഴക്കാറുള്ളതുകൊണ്ടു സൂര്യസ്തമയമൊന്നും കാണാനൊത്തില്ല.എങ്കിലും കാഴ്ച്ചകൾ മോശമല്ല .അവിടെ കുരങ്ങന്മാരുടെ ശല്യമുണ്ട്.തിരികെ ദൊഡുമനയിലെത്തി.ഇതിന്റെ ഇടയിൽ ഞങ്ങളുടെ വേറൊരു ചങ്ക് ബ്രോ വായനാട്ടുകാരൻ കൃഷ്ണനുണ്ണി (kpc) യുടെ അച്ഛൻ തടിയനെ വിളിച്ചു.അങ്ങോട്ടു വരാൻ ഒരേ നിർബന്ധം.

ബർക്കാനാ വെള്ളച്ചാട്ടവും മറ്റും കാണാൻ ബാക്കിയുണ്ടെങ്കിലും ഞങ്ങൾ വയനാട്ടിലേക്ക് രാത്രി വണ്ടി കയറാം എന്ന് തീരുമാനിച്ചു.രാത്രിയിലെ താമസം ഒഴിവാക്കാനാവും.പിന്നെ നാളെ ഉച്ചയ്ക്ക് ഇവിടെ നിന്നിറങ്ങിയാൽ പകൽ യാത്ര ചെയ്തു രാത്രിയിലെ വയനാടെത്തു. ഇന്നത്തെപോലെ അന്ന് യാത്ര ചെയ്തു പരിചയമില്ലാ.അതുകൊണ്ടു ഞങ്ങൾ ഈ മണ്ടൻ തീരുമാനമെടുത്തു.ഇല്ലെങ്കിൽ വേറെ ഏതേലും പ്ലാൻ ഇട്ടേനെ.

"അഗുംബെ: ഷിമോഗയിലെ സുന്ദരി"......മനസിനെയും ശരീരത്തെയും ഒരു പോലെ തണുപ്പിക്കുന്ന മഴയുടെ നാട്ടിലൂടെ ഒരു യാത്ര

ദോഡുമനയിൽ പോയി ചായ കുടിച്ചു.കയ്യിലുള്ള പൊട്ടിക്കാത്ത വാഴയ്ക്കാ വറുത്ത പാക്കറ്റ് ഞങ്ങൾ കസ്തുരിയ്ക്കയ്ക് കൊടുത്തു.ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ചു ഞങ്ങൾ കൈയിൽ. വച്ചുകൊടുത്തു.അപ്പോൾ ഗ്യാസ് സിലിണ്ടർ കൊണ്ട് വന്ന ചേട്ടനെ അവിടെ പിടിച്ചിരുത്തി അങ്ങേർക്കും ചായ കൊടുത്തു .അക്കയുടെ മകളും ജോലി കഴിഞ്ഞു തിരികെവന്നു.ഞങ്ങെളെല്ലം കൂടി ഇരുന്നു ചായ കുടിച്ചു.അപ്പോൾ തന്നേ കാ വറുത്തത് പൊട്ടിച്ചു എല്ലാവര്ക്കും കൊടുത്തു.അവർക്കു മറ്റുള്ളർക്ക് കൊടുത്താണ് അവർക്കു ശീലം. തിരികെയൊന്നും പ്രതിക്ഷീക്കുകയുമില്ല.

അവിടെയുള്ള ഡയറിയിൽ ഞങ്ങളും അഭിപ്രായമെഴുതി.ഇനിയും എന്തായാലും വരുമെന്നും പറഞ്ഞു ഞങ്ങളിറങ്ങി.ഇറങ്ങാൻ നേരത്തുപോലും ഞങ്ങളോട് അവർ പൈസയൊന്നും ചോദിച്ചില്ല.പക്ഷേ അവിടെ ഒന്നും കൊടുക്കാതെ വരുന്നത് ശെരിയല്ലലോ.ചെറിയൊരു തുക ഞങ്ങൾ അക്കയുടെ കൈയിൽ കൊടുത്തു.

അവിടെ നിന്നും ഞങ്ങൾക്ക് മംഗലാപുരം പോകുന്ന ബസ്സ് കിട്ടി.അവിടെ നിന്നും ചെന്നൈയ്ക്ക് പോകുന്ന ട്രെയിനിൽ കയറി കോഴിക്കോടിറങ്ങി.സുലൈമാനിയും കുടിച്ചു റോഡിലൂടെ തേരാപ്പാരാ നടന്നു.ksrtc സ്റ്റാൻഡിൽ കുറേ നേരം ഇരുന്നു.അവസാനം മാനന്തവാടിക്ക് ബസ്സുകയറി.ഞാൻ ആദ്യമായിട്ടാണ് വയനാട്ടിലേക്ക് .തടിയൻ മുൻപും വന്നിട്ടുണ്ട്.രാത്രിയാണെങ്കിലും ഞാൻ വിൻഡോ സീറ്റിൽ തന്നെയിരിക്കും എന്ന് വാശിപിടിച്ചു.അഗുംബെ പോവാൻ ഇറങ്ങിയ ഞങ്ങളിപ്പോ വയനാട്ടിലേക്ക് പോകാനുള്ള ബസ്സിൽ ഇരിക്കുന്നു.

ഇനിയും പോകണം പറ്റിയാൽ ഒരാഴ്ച അവിടെ താമസിക്കണം.കസ്തുരിയക്കയുടെ അവിടെ തന്നെ താമസിക്കണം..അഗുംബെയിലെ എല്ലാ വഴികളിലൂടെയും നടക്കണം.

advertisment

Super Leaderboard 970x90