സുകുമാരകുറുപ്പ് എവിടെയാണ്. ജീവനോടെയുണ്ടോ?

സുകുമാരകുറുപ്പിന്റെ അതേ ശരീരഘടനയുള്ള മൃതദേഹം തേടി അവര്‍ നാടാകെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശ്മശാനത്തില്‍ നിന്ന് മൃതദേഹം മാന്തിയെടുക്കാന്‍ വരെ ശ്രമിച്ചു. ഒടുവില്‍ ഒരാളെ കൊന്നിട്ടായാലും കുറുപ്പിന്റെ മരണം വരുത്തിതീര്‍ക്കാന്‍ അവര്‍ നിശ്ചയിച്ചു.

സുകുമാരകുറുപ്പ് എവിടെയാണ്. ജീവനോടെയുണ്ടോ?

 ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് കാതോര്‍ത്ത് അന്വേഷണ ഏജന്‍സികളും സര്‍ക്കാരും പൊതുജനവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 34 വര്‍ഷം പിന്നിട്ടു. 1984 ജനുവരി 22നാണ് താന്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാക്കാന്‍ സുകുമാരക്കുറുപ്പ് ഫിലിം റപ്രസന്റേറ്റീവായ ചാക്കോയെ കൊന്നു കത്തിച്ചത്. മറ്റു കൂട്ടുപ്രതികളെല്ലാം വലയിലായി എങ്കിലും കുറുപ്പ് ഇന്നും എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ല. സിനിമാ കഥകളെ വെല്ലുന്നതാണ് കുറുപ്പിന്റെ ജീവിതവും കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകവും. ചെങ്ങന്നൂര്‍ ചെറിയനാട് പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്ന സുകുമാരകുറുപ്പിന് എയര്‍ഫോഴ്‌സിലായിരുന്നു ജോലി. പിന്നീട് ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലിക്ക് കയറി. ഉയര്‍ന്ന ശമ്പളം കിട്ടിയിരുന്നെങ്കിലും കുറുപ്പിന്റെ മോഹങ്ങള്‍ വലുതായിരുന്നു. അബുദാബിയില്‍ 3,01,616 ദിര്‍ഹത്തിനുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസി അയാള്‍ എടുത്തു. താന്‍ കൊല്ലപ്പെട്ടെന്ന് വരുത്തിത്തീര്‍ത്തശേഷം ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനുള്ള തീരുമാനമാണ് നിരപരാധിയായ ചാക്കോയുടെ ജീവനെടുത്തത്.

ബന്ധു ഭാസ്‌ക്കരപിള്ളയും സുഹൃത്ത് പൊന്നപ്പനും കുറുപ്പിനൊപ്പം കൂടി. സുകുമാരകുറുപ്പിന്റെ അതേ ശരീരഘടനയുള്ള മൃതദേഹം തേടി അവര്‍ നാടാകെ അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. ശ്മശാനത്തില്‍ നിന്ന് മൃതദേഹം മാന്തിയെടുക്കാന്‍ വരെ ശ്രമിച്ചു. ഒടുവില്‍ ഒരാളെ കൊന്നിട്ടായാലും കുറുപ്പിന്റെ മരണം വരുത്തിതീര്‍ക്കാന്‍ അവര്‍ നിശ്ചയിച്ചു. 1984 ജനുവരി 21ന് രാത്രി അവര്‍ തോട്ടപ്പള്ളി കല്പകവാടിയില്‍ ഒത്തുചേര്‍ന്നു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുവാന്‍ കാറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഇതിനിടെ കരുവാറ്റയില്‍ വെച്ച് ഒരാള്‍ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. ഫിലിം റപ്രസന്റേറ്റീവായ ആലപ്പുഴ ചാത്തനാട് സ്വദേശി ചാക്കോ കരുവാറ്റയിലെ ഹരി തിയേറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോയുടെ കളക്ഷന്‍ വാങ്ങി വീട്ടില്‍ പോകാനിറങ്ങിയതായിരുന്നു. അത് അവസാന യാത്രയാകുമെന്ന് ചാക്കോ കരുതിയില്ല. യാത്രയ്ക്കിടെ നിര്‍ബന്ധിച്ച് അവര്‍ ചാക്കോയെക്കൊണ്ട് 'ഈതര്‍' കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

പിന്നീട് അവര്‍ കുറുപ്പിന്റെ ഭാര്യ വീടായ ചെറിയനാട് 'സ്മിതഭവനി'ലേക്ക് പോയി. അവിടെ വെച്ച് സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ചാക്കോയുടെ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് കൊല്ലക്കടവ് എന്ന സ്ഥലത്തെത്തി അവര്‍ ചാക്കോയുടെ ശരീരം എടുത്ത് കെഎല്‍ക്യു 7831 നമ്പര്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയശേഷം സമീപത്തെ നെല്‍വയലിലേക്ക് ആ കാര്‍ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീപിടിച്ചു. 22ന് രാവിലെ കറുത്ത അംബാസിഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ് കിടക്കുന്ന ജഡം കണ്ടെത്തി. മരിച്ചത് സുകുമാരക്കുറുപ്പാണെന്ന വാര്‍ത്ത നാടെങ്ങും പരന്നു. ആദ്യമൊന്നും ആര്‍ക്കും യാതൊരു സംശയവും തോന്നിയില്ല. നാട്ടുകാരില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെയാണ് കയ്യില്‍ പൊള്ളലേറ്റ പാടുമായി ബന്ധുവായ ഭാസ്‌കരപിളള പിടിയിലാകുന്നത്. മരിച്ചത് കുറുപ്പല്ല ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ചാക്കോയാണെന്ന് പുറംലോകം അറിഞ്ഞു. ഇതിനിടയില്‍ കുറുപ്പ് മുങ്ങി. സംഭവം കൊലപാതകമെന്ന് പോലീസ് ഉറപ്പാക്കിയതോടെ ഭാസ്‌ക്കരപിള്ളയും കുറുപ്പിന്റെ ഭാര്യ സരസമ്മയും ഡ്രൈവര്‍ പൊന്നപ്പനും പിടിയിലായി. 1990 ഡിസംബറില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഭാസ്‌കരപിള്ളയെയും പൊന്നപ്പനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സരസമ്മയെ വെറുതെവിട്ടു. ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ഭാസ്‌കരപിള്ള പിന്നീട് മരിച്ചു.

പൊന്നപ്പന്‍ ആത്മഹത്യ ചെയ്തു. സുകുമാരകുറുപ്പ് മുങ്ങിയതോടെ പലവിധ കഥകളാണ് നാടുമുഴുവന്‍ പ്രചരിപ്പിച്ചത്. കുറുപ്പിനെ കണ്ടുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവരമെത്തി. തുമ്പു തേടി പോലീസ് പാഞ്ഞത് മിച്ചം. ചാക്കോ മരിക്കുമ്പോള്‍ ആറുമാസം ഗര്‍ഭിണിയായിരുന്ന ശാന്തമ്മ ഇപ്പോള്‍ മകന്‍ ജിതിനോടൊപ്പം ആലപ്പുഴ തത്തംപള്ളിയിലാണ് താമസം. സുകുമാരകുറുപ്പ് വേഷംമാറി എവിടെയെങ്കിലുമുണ്ടോ? ഒരു ഉറപ്പും ആര്‍ക്കുമില്ല.

#TAGS : Sukumara Kurup  

advertisment

News

Related News

    Super Leaderboard 970x90