Health

എങ്ങനെയാണ് നീക്കം ചെയ്ത ഭാഗത്തെ തലയോട്ടി റിപ്പയർ ചെയ്യുക?

തലച്ചോറിലെ ട്യൂമറുകളും രക്തസ്രാവവും ചതവും ഒക്കെ ഉണ്ടാകുമ്പോൾ ഈ ഞെരുക്കം കൂടുതലായി ജീവാപായം ഉണ്ടാകാമെന്നുള്ള അവസ്ഥയിൽ ഓപ്പറേഷൻ ചെയ്തു ഈ രക്തക്കട്ടയെ/ട്യൂമറിനെ/തലച്ചോറിന്റെ ചതഞ്ഞ ഭാഗങ്ങളെ നീക്കം ചെയ്തു ഈ ഞെരുക്കം കുറയ്ക്കുക എന്നതാണ് ഓപ്പറേഷന്റെ ഒരു പ്രധാന ഉദ്ദേശ ലക്‌ഷ്യം. എന്നാൽ പലപ്പോഴും ട്യൂമറും രക്തക്കട്ടയും ഒക്കെ നീക്കം ചെയ്താലും ഈ നീർക്കെട്ട് ഒരു പ്രശ്നമാകും.

എങ്ങനെയാണ് നീക്കം ചെയ്ത ഭാഗത്തെ തലയോട്ടി റിപ്പയർ ചെയ്യുക?

ഇന്നത്തെ ഒരു പത്രത്തിൽ കണ്ടൊരു വാർത്തായാവട്ടെ ഇൻഫോക്ലിനിക്കിന്റെ ഇപ്രാവശ്യത്തെ പോസ്റ്റിന്റെ വിഷയം.

ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ തലച്ചോറിൽ ഓപ്പറേഷൻ ചെയ്ത രണ്ടു ഡോക്ടർമാർക്കെതിരേ പോലീസിൽ കേസ് കൊടുക്കുന്നു. ഓപ്പറേഷൻ ചെയ്യാൻ വേണ്ടി നീക്കം ചെയ്ത തലയോട്ടിയുടെ കഷ്ണം (skull flap) തിരികെ വെച്ചില്ല, അത് ചവറ്റു പെട്ടിയിൽ കളഞ്ഞു എന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി, ഡോക്ടർമാരുടെ മൊഴിയെടുത്തു എന്നൊക്കെ വാർത്തയിലുണ്ട്.

എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്? നമ്മുടെയെല്ലാം തലയോട്ടിക്കുള്ളിൽ തലച്ചോറിനും അതിന്റെ ആവരണങ്ങൾക്കും രക്തക്കുഴലുകൾക്കും ഒക്കെ കഷ്ടിച്ച് ഇരിക്കാനുള്ള സ്ഥലമേയുള്ളൂ. പ്രകൃതി ഇപ്രകാരം ഡിസൈൻ ചെയ്തിരിക്കുന്നതാണ്. ജീവനുള്ള അവസ്ഥയിലെ തലച്ചോർ ഒരു ഹാർഡ് ജെല്ലി പോലത്തെ സാധനമാണ് പെട്ടെന്ന് ക്ഷതമേൽക്കും. തലയോട്ടിക്കുള്ളിൽ ആവശ്യത്തിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ നമ്മൾ തല അങ്ങോട്ടുമിങ്ങോട്ടും കുലുക്കുമ്പോഴും അല്ലെങ്കിൽ എവിടെയെങ്കിലും ചെറുതായി ഇടിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഒരു ടിന്നിന്റെ ഉള്ളിൽ ഒരു കഷ്ണം ജെല്ലി ഇട്ടു കുലുക്കുന്നത് പോലെയുണ്ടാകും. ഈ ജെല്ലി പോലത്തെ തലച്ചോർ പോയി തലയോട്ടിയുടെ വശങ്ങളിൽ ഇടിക്കും, ക്ഷതമുണ്ടാകും, രക്തക്കുഴലുകൾ പൊട്ടും.

തലയോട്ടിക്കുള്ളിൽ പരിമിതമായ സ്ഥലം മാത്രമുള്ളത് കാരണം ഈ 'കുലുങ്ങിയിടി' പ്രശ്നമുണ്ടാകില്ലെങ്കിലും ഈ പരിമിതമായ സ്ഥലത്ത് മറ്റേതെങ്കിലും വസ്തുക്കൾ കൂടി അധികമായി ഉണ്ടായാൽ അത് തലച്ചോറിനെ ഞെരുക്കും. ഈ ഞെരുക്കം കൂടുതലായാൽ തലച്ചോറിന്റെ ചില മർമ്മ പ്രധാന ഭാഗങ്ങൾ (ശ്വാസോഛ്വാസം, ഹൃദയമിടിപ്പ് ഒക്കെ കൺട്രോൾ ചെയ്യുന്ന brain stem) അതിന്റെ ആവരണങ്ങളുടെ മടക്കുകളിൽ (folds) ചേർന്ന് ഞെരുങ്ങി (ഇതിന് മെഡിക്കൽ ഭാഷയിൽ coning എന്ന് പറയും), അവിടേക്കുള്ള രക്തപ്രവാഹം കുറഞ്ഞു പ്രവർത്തനരഹിതമാകുകയും രോഗി മരിക്കുകയും ചെയ്യും. തലയോട്ടിക്കുള്ളിൽ ഉണ്ടാകുന്ന ട്യൂമറുകൾ, രക്തസ്രാവം (ഇത് അപകടം മൂലമോ രക്തക്കുഴലുകൾ സ്വമേധയാ പൊട്ടുന്നത് മൂലമോ ആകാം) ഇവയൊക്കെ രോഗിയെ ഈ അവസ്ഥയിലേക്ക് നയിക്കാം. കൂടാതെ പെട്ടെന്നുള്ള രക്തസ്രാവവും കാൻസർ പോലെയുള്ള ട്യൂമറുകളും ഒക്കെ തലച്ചോറിന് നീർക്കെട്ടും (cerebral oedema) ഉണ്ടാക്കും. തലച്ചോറിന് ക്ഷതമേൽക്കുന്ന അപകടങ്ങളിലും പ്രത്യേകിച്ച് രക്തസ്രാവം ഒന്നും ഉണ്ടായില്ലെങ്കിലും ഈ നീർക്കെട്ട് (diffuse cerebral oedema) ഉണ്ടാവാം. നമ്മുടെ കയ്യോ കാലോ ഒക്കെ എവിടെയെങ്കിലും ഇടിച്ചു ചതഞ്ഞാൽ അഞ്ചാറു ദിവസത്തേക്ക് അവിടെ നീർക്കെട്ടുണ്ടാകുന്നത് പോലെ തന്നെ തലച്ചോറിലും ഉണ്ടാകും, പക്ഷെ തലച്ചോറിൽ ഈ നീർക്കെട്ട് തലച്ചോറിനെ തലയോട്ടിക്കുള്ളിൽ ഞെരുക്കുന്നത് വഴി ജീവാപായം ഉണ്ടാക്കാം എന്നിടത്താണ് വ്യത്യാസം.

തലച്ചോറിലെ ട്യൂമറുകളും രക്തസ്രാവവും ചതവും ഒക്കെ ഉണ്ടാകുമ്പോൾ ഈ ഞെരുക്കം കൂടുതലായി ജീവാപായം ഉണ്ടാകാമെന്നുള്ള അവസ്ഥയിൽ ഓപ്പറേഷൻ ചെയ്തു ഈ രക്തക്കട്ടയെ/ട്യൂമറിനെ/തലച്ചോറിന്റെ ചതഞ്ഞ ഭാഗങ്ങളെ നീക്കം ചെയ്തു ഈ ഞെരുക്കം കുറയ്ക്കുക എന്നതാണ് ഓപ്പറേഷന്റെ ഒരു പ്രധാന ഉദ്ദേശ ലക്‌ഷ്യം. എന്നാൽ പലപ്പോഴും ട്യൂമറും രക്തക്കട്ടയും ഒക്കെ നീക്കം ചെയ്താലും ഈ നീർക്കെട്ട് ഒരു പ്രശ്നമാകും. ഓപ്പറേഷൻ കഴിഞ്ഞു, നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം തിരികെ വെച്ച് അടച്ചാൽ അത് വീണ്ടും തലച്ചോറിൽ പ്രഷർ ഉണ്ടാകാൻ കാരണമാകും. നീർക്കെട്ട് സ്വാഭാവികമായോ മരുന്നുകൾ കൊണ്ടോ ഒക്കെ കുറയുന്നത് വരെ തലയോട്ടിയുടെ ഈ ഭാഗം അടയ്ക്കാതിരിക്കുക എന്നതാണ് രോഗിയെ രക്ഷപ്പെടുത്താനുള്ള മാർഗ്ഗം. തലയോട്ടിയുടെ ആ തുറന്ന ഭാഗത്തിന് മുകളിൽ തൊലി മാത്രം തുന്നലിട്ട് ക്ളോസ് ചെയ്യും. ഈ ഓപ്പറേഷന് decompressive craniectomy എന്നാണ് മെഡിക്കൽ ഭാഷയിൽ പറയുക. പലപ്പോഴും ഈ തലയോട്ടി നീക്കം ചെയ്യണോ വേണ്ടയോ എന്നത് ഓപ്പറേഷൻ ചെയ്യുന്ന സമയത്ത് മാത്രമേ തീരുമാനിക്കാൻ പറ്റുകയുള്ളൂ. കാരണം തലച്ചോറിലെ നീർക്കെട്ട് പലപ്പോഴും പ്രവചനാതീതമാണ് എന്നത് തന്നെ. തുടർന്ന് നീർക്കെട്ട് കുറയുമ്പോൾ രണ്ടാമതൊരു ഓപ്പറേഷൻ ചെയ്തു ഈ ഭാഗത്തെ തലയോട്ടി റിപ്പയർ ചെയ്യും. പലപ്പോഴും ആഴ്ചകളോ മാസങ്ങളോ എടുക്കാം ഇതിന്.

എങ്ങനെയാണ് ഈ നീക്കം ചെയ്ത ഭാഗത്തെ തലയോട്ടി റിപ്പയർ ചെയ്യുക? പല വിധത്തിലാകാം ഇത്. ഓപ്പറേഷൻ ചെയ്ത സമയത്ത് തന്നെ നീക്കം ചെയ്ത തലയോട്ടിയുടെ കഷണം ഫ്രീസ് ചെയ്തു സൂക്ഷിച്ച ശേഷം അടുത്ത ഓപ്പറേഷന്റെ സമയത്ത് അണുവിമുക്തമാക്കി തിരികെ പിടിപ്പിക്കാം. പക്ഷെ ഇതിനൊരു ടൈം ഫ്രയിമുണ്ട്. ഏതാനും ആഴ്ചകൾ മാത്രമേ ഇങ്ങനെ ശരീരത്തിന് പുറമെ സൂക്ഷിക്കാൻ പറ്റുകയുള്ളൂ. അത് കഴിഞ്ഞാൽ അത് ഉപയോഗശൂന്യമാകും. പിന്നൊരു വഴി, ഓപ്പറേഷൻ സമയത്തു തന്നെ ഈ തലയോട്ടി കഷണം രോഗിയുടെ ശരീരത്തിൽ എവിടെയെങ്കിലും തൊലിക്കടിയിൽ ഒരു പോക്കറ്റ് ഉണ്ടാക്കി അവിടെ സ്റ്റോർ ചെയ്യുക എന്നതാണ്. സാധാരണ വയറിന്റെ ഒരു ഭാഗത്തായി ആണ് ഇത് ചെയ്യുക. ഇൻഫെക്ഷനോ മറ്റോ ഉണ്ടായാൽ ഇതെടുത്തു മാറ്റേണ്ടി വരും, പിന്നെ ആ തലയോട്ടി കഷണം ഉപയോഗിക്കാൻ പറ്റാതെയുമാകും.

പിന്നൊരു മാർഗ്ഗം കൃത്രിമ വസ്തുക്കൾ ഉപയോഗിച്ച് ഈ ഭാഗം അടയ്ക്കുക എന്നതാണ് (cranioplasty). പണ്ടൊക്കെ ഇതിനുപയോഗിച്ചിരുന്നത് അക്രിലിക് എന്ന വസ്തുവാണ്. ഭാരക്കൂടുതലും ഇൻഫെക്ഷൻ റിസ്കും കാരണം ഇപ്പോൾ അക്രിലിക് ഉപയോഗിക്കാറില്ല, പകരം ടൈറ്റാനിയം പ്ളേറ്റുകൾ ആണ് ഉപയോഗിക്കുക. ഭാരക്കുറവ്, അക്രിലിക്കിനേക്കാൾ ശക്തി, ഇൻഫെക്ഷൻ റേറ്റ് കുറവ്, ഉണ്ടാക്കാനുള്ള എളുപ്പം ഇവയൊക്കെയാണ് ടൈറ്റാനിയം പ്ളേറ്റിന്റെ മേന്മകൾ. പക്ഷെ വിലക്കൂടുതൽ ആണെന്ന പ്രശ്നമുണ്ട്. രോഗിയുടെ തലയോട്ടിയുടെ ഒരു സി റ്റി സ്കാൻ എടുത്ത്, അതിനെ ത്രീ ഡയമെൻഷണൽ രൂപത്തിൽ ആക്കി രോഗിയുടെ തലയുടെ മറുവശവുമായി ഏറ്റവും symmetry ഉള്ള രൂപത്തിലാണ് ഈ പ്ലേറ്റ് ഉണ്ടാക്കേണ്ടത്. ഇല്ലെങ്കിൽ തലയുടെ രണ്ടു വശവും രണ്ടു തരത്തിലായിപ്പോകും കാഴ്ചയിൽ.

ചെലവ് നോക്കുകയാണെങ്കിൽ ഏറ്റവും കുറവ് നീക്കം ചെയ്ത തലയോട്ടി ഉപയോഗിക്കുന്നതാണ്, പക്ഷെ പലപ്പോഴും ഇത് പ്രായോഗികമാക്കാൻ പറ്റുകയില്ല എന്നതാണ് ഒരു പോരായ്മ.

ഈ കേസിൽ സംഭവിച്ചതായി തോന്നുന്നത്, രോഗിക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി, ഡോക്ടർമാർ അത് ഓപ്പറേഷൻ ചെയ്തു നീക്കി. പക്ഷെ അമിതമായ നീർക്കെട്ട് (swelling) കാരണം അവർക്ക് തലയോട്ടി തിരികെ പിടിപ്പിക്കാൻ സാധിച്ചില്ല. രോഗിയുടെ ജീവൻ രക്ഷപ്പെട്ടു. പക്ഷെ തലയോട്ടി തിരികെ വെയ്ക്കാനുള്ള സമയത്തിന് ഇയാളുടെ തലച്ചോറിലെ നീർക്കെട്ട് കുറഞ്ഞില്ല. അത് കാരണം നീക്കം ചെയ്ത തലയോട്ടി ഉപയോഗിക്കാൻ സാധിച്ചില്ല. തുടർന്ന് ഡോക്ടർമാർ ടൈറ്റാനിയം cranioplasty നിർദ്ദേശിച്ചു. രോഗി കേസിനു പോയി. ശുഭം!

ഇൻഫോ ക്ലിനിക് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970x90