Kerala

സർക്കാർ ജീവക്കാരുടെയും പെൻഷൻക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി : സംശയങ്ങളും അതിനുള്ള മറുപടിയും !

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ സംശയങ്ങളും അതിനുള്ള മറുപടിയും താഴെ കൊടുക്കുന്നു.

സർക്കാർ ജീവക്കാരുടെയും പെൻഷൻക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി : സംശയങ്ങളും അതിനുള്ള മറുപടിയും !

1. സംസ്ഥാന സർക്കാർ ജീവക്കാർക്കും പെൻഷൻക്കാർക്കും ആരോഗ്യ ഇൻഷുറൻസ്  പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ? ആയതിലേക്ക് വിവരശേഖരണം എല്ലാം ജീവനക്കാരും പെൻഷൻകാരും നൽകേണ്ടതുണ്ടോ?

 24.04.2017 തീയതിയിലെ സ.ഉ (അച്ചടി) നം 54/ 2017/ ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്‌തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്. 

2. പ്രസ്തുത പദ്ധതിയിൽ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കുന്നവർ ആരൊക്കെയാണ് ?

    1. > പങ്കാളി.(സംസ്ഥാന സർക്കാർ/ സർവകലാശാല/ തദ്ദേശ സ്വയംഭരണ പെൻഷൻകാർ എന്നിവർ ആശ്രിതരല്ല. അപ്രകാരമുള്ളവർക്ക് പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗത്വത്തിനു അർഹതയുണ്ട്.)
    2. > ജീവനക്കാരെ മാത്രം പൂർണ്ണമായി ആശ്രയിച്ചുകഴിയുന്ന മാതാപിതാക്കൾ. (സംസ്ഥാന സർക്കാർ/ സർവകലാശാല/ തദ്ദേശ സ്വയഭരണ ജീവനക്കാർ സർവീസ്/ സർവകലാശാലാ/ തദ്ദേശ സ്വയഭരണ പെൻഷൻകാർ എന്നിവർ ആശ്രിതരല്ല. അപ്രകാരമുള്ളവർക്ക് പദ്ധതിയിൽ പ്രത്യേകമായി പ്രധാന അംഗത്വത്തിനു അർഹതയുണ്ട്.)
    3. > ഇരുപത്തിയഞ്ച് വയസ് പൂർത്തീകരിക്കുന്നതുവരെയോ അല്ലെങ്കിൽ വിവാഹം കഴിയുന്നതുവരെയോ അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ ഇവയിലേതാണോ ആദ്യം അതുവരെയുള്ള കുട്ടികൾ.
    4. > ശാരീരിക മാനസിക വൈകല്യം ബാധിച്ച മക്കൾക്ക് പ്രായപരിധി ബാധകമല്ല. 

3. പങ്കാളി സർക്കാർ ജീവനക്കാർ/ പെന്ഷണര് ആണെങ്കിൽ ആശ്രിതരായി ഉൾപെടുത്തേണ്ടതുണ്ടോ?

  ഏതു സാഹചര്യത്തിലും ഒന്നാമത്തെ ആശ്രിത/ ആശ്രിതനായി പങ്കാളിയുടെ വിവരം നൽകണം. തുടർന്ന് പങ്കാളി പദ്ധതിയിൽ പ്രധാന അംഗമായി രജിസ്റ്റർ    ചെയ്യണം 

4. ഉയരം,ബ്ലഡ് ഗ്രൂപ്പ്, ഫോട്ടോ,ആധാർ നമ്പർ എന്നിവ നൽകുന്നത് നിർബന്ധമാണോ?

അല്ല. അഭികാമ്യമാണ്. ആധാർ നമ്പർ ഇല്ലെങ്കിൽ സോഫ്റ്റ് വെയറിൽ ആരാഞ്ഞിരിക്കുന്ന മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയുടെ വിവരം നൽകണം 

5. സമാന സർക്കാർ പദ്ധതി/ ഇൻഷുറൻസ് പദ്ധതി എന്നാൽ എന്താണ് ? സ്വകാര്യ ഇൻഷുറൻസ് പദ്ധതിയുടെ വിവരം നൽകണമോ?

ECHS, CGHS, CHSS, RSBY തുടങ്ങിയവയാണ് ആയതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വകാര്യ പദ്ധതിയുടെ വിവരം നൽകേണ്ടതില്ല.

6. കണ്ടിജന്റ്/ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ/ പെൻഷൻകാർ, എക്സ് ഗ്രെഷ്യാ പെൻഷൻകാർ എന്നിവരുടെ വിവരം ശേഖരിക്കണമോ?

സേവനകാലത്തിനുശേഷം ഏതെങ്കിലും തരത്തിലുള്ള പെൻഷനു അർഹതയുള്ളതോ, പെൻഷൻ വാങ്ങുന്നതോ ആയ എല്ലാ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരം നൽകണം 

7. നൽകിയ വിവരങ്ങൾ പിന്നീട് എഡിറ്റ് ചെയ്യുവാൻ സാധിക്കുമോ?

സാധിക്കും. സർക്കാർ നിർദ്ദേശിക്കുന്ന ഒരു കാലപരിധി വരെ ആയത് എഡിറ്റ് ചെയ്ത് വിവരങ്ങൾ തിരുത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ് 

8. അന്യത്രസേവനത്തിൽ തുടരുന്ന ജീവനക്കാർ എപ്രകാരമുള്ള വിവരങ്ങൾ ആണ് നൽകേണ്ടത് ?

മാതൃ വകുപ്പിലെ വിവരങ്ങൾ ആണ് അന്യത്ര സേവനത്തിനുള്ള ജീവനക്കാർ നൽകേണ്ടത്. അപ്രകാരമുള്ള ജീവനക്കാരിൽ നിന്നു പ്രീമിയം ഈടാക്കുന്ന രീതി വ്യക്തമാക്കി സർക്കാർ നിർദ്ദേശം നൽകുന്നതായിരിക്കും 

9 . എല്ലാ സ്ഥാപനങ്ങളും വിവരശേഖരണത്തിനായും പദ്ധതി നടത്തിപ്പിനായും നോഡൽ ഓഫീസറെ നിയമിക്കേണ്ടതുണ്ടോ ?
  

ഇല്ല. സർവ്വകലാശാലകൾ, പഞ്ചായത്ത്, നഗരകാര്യം തുടങ്ങിയ വകുപ്പുകൾ, മുനിസിപ്പൽ കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ മാത്രം നോഡൽ ഓഫീസറെ നിയമിച്ച് ധനകാര്യ വകുപ്പിനെ അറിയിച്ചാൽ മതിയാകും.

10. പദ്ധതിയുടെ വിവരശേഖരണം നൽകി കഴിഞ്ഞാലുടൻ തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുമോ?

ഇല്ല. പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ടെൻഡർ നടപടികൾക്ക് മുന്നോടിയായിട്ടാണ് പ്രസ്തുത വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ മറ്റ് വ്യവസ്ഥകൾ ടെൻഡർ വഴി രൂപപ്പെട്ടുവരേണ്ടതാണ്.

സർക്കാർ ജീവക്കാരുടെയും പെൻഷൻക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി : സംശയങ്ങളും അതിനുള്ള മറുപടിയും !

11. 16.07.2018 തീയതിക്കു മുൻപ് വിവരം ബന്ധപ്പെട്ട വെബ് സൈറ്റിൽ നൽകിയവർ വീണ്ടും വിവരം നൽകേണ്ടതുണ്ടോ?

ഇല്ല. എന്നിരിക്കലും അപ്രകാരം വിവരം നൽകിയവർ ഒരിക്കൽകൂടി ലോഗ് ഇൻ ചെയ്ത് ഡിക്ലറേഷൻ സബ്മിറ് ചെയേണ്ടതാണ് 

12. മാതാപിതാക്കൾ രണ്ടു പേരും സർക്കാർ ജീവനക്കാർ ആണെങ്കിൽ കുട്ടികളെ ഒരേ സമയം രണ്ട് പേരുടേയും ആശ്രിതരായി ചേർക്കമോ? സ്വന്തമായി വരുമാനമില്ലാത്ത മാതാപിതാക്കൾക്ക് ഒന്നിൽ കൂടുതൽ മക്കളുടെ ആശ്രിതരാകുവാൻ സാധിക്കുമോ?
 

ഇല്ല. ഒരാൾക്ക് ഒരാളുടെ ആശ്രിതൻ/ ആശ്രിതയായി മാത്രമേ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളു. ഒന്നിൽ കൂടുതൽ തവണ ആശ്രിതരായി പേരു ചേർത്താൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല 

13. സ്വയമേവ പദ്ധതിയിൽ പ്രധാന അംഗമായി ചേരുവാൻ അർഹതയില്ലാതിരിക്കുകയും പങ്കാളിക്കും മക്കൾക്കും പദ്ധതിയിൽ സ്വഭാവിക അംഗത്വത്തിനു അർഹതയുള്ള സാഹചര്യത്തിൽ ആരുടെ ആശ്രിതനായാണ് പദ്ധതിയിൽ ചേരുവാൻ കഴിയുക ? ഒന്നിൽ കൂടുതൽ പേരുടെ ആശ്രിതരായി പദ്ധതിയിൽ ചേരുവാൻ സാധിക്കുമോ?

പങ്കാളിയുടെ ആശ്രിതൻ/ ആശ്രിതയായി വിവരം നൽകണം. ഒരാൾക്ക് ഒരാളുടെ ആശ്രിതൻ/ ആശ്രിതയായി മാത്രമേ പദ്ധതിയിൽ ചേരുവാൻ സാധിക്കുകയുള്ളു. ഒന്നിൽ കൂടുതൽ തവണ ആശ്രിതരായി പേര് ചേർത്താൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുകയില്ല.

14. സംസ്ഥാന സർവീസ്/ പാർട്ട് ടൈം കണ്ടിജൻറ്/ എക്സ്ഗ്രെഷ്യാ/ ദേശീയ പെൻഷൻ  പദ്ധതി പ്രകാരമുള്ള പെൻഷൻകാർ എന്നിവർ വിവരം എന്നു മുതൽ നൽകണം?

നിലവിൽ അവർ വിവരം നൽകേണ്ടതില്ല. ആയതു സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുന്നതായിരിക്കും 

15. സ്വയമേവ പദ്ധതിയിൽ പ്രധാന അംഗത്വത്തിന് ഭാര്യാ ഭർത്താക്കന്മാർക് ഒരു പോലെ അർഹതയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ( രണ്ടും പേരും സർക്കാർ ജീവനക്കാരോ അല്ലെങ്കിൽ പെൻഷൻകാരോ ആകുന്ന പക്ഷം ) പ്രത്യേകം അംഗത്വം എടുക്കേണ്ടതുണ്ടോ?

ഉണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ആയ എല്ലാപേരും നിർബന്ധമായും പദ്ധതിയിൽ അംഗമാകണം.

16. സർവ്വകലാശാലകൾ, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് സർക്കുലർ 62/ 2018/ധന തീയതി 11.07.2018 പ്രകാരം നേരിട്ട് വിവരം നൽകുവാൻ സാധിക്കുമോ?

ഇല്ല. പ്രസ്തുത വിഭാഗം ജീവനക്കാർ അതതു സ്ഥാപനങ്ങളുടെ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവരശേഖരണത്തിൽ പങ്കാളിയാകേണ്ടതാണ് 

17. വിരമിക്കൽ, മരണം തുടങ്ങിയ കാരണങ്ങൾ മുലം വിവരങ്ങൾ ഭാവിയിൽ തിരുത്തുന്നതിനുള്ള അവസരം ലഭിക്കുമോ?

അപ്രകാരം അവസരം നൽകുന്നതാണ്. കൂടാതെ സർവ്വകലാശാലകൾ, മുൻസിപ്പൽ കോർപറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവ ഉൾപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശേഖരിക്കപ്പെട്ട വിവരങ്ങൾ എന്തെങ്കിലും തിരുത്തൽ ഉണ്ടാകുന്ന പക്ഷം അതതു നോഡൽ ഓഫീസർമാർക്ക് അതിനുള്ള അവസരവും നൽകുന്നതാണ്. 

18. പദ്ധതിയിൽ പ്രധാന അംഗത്വത്തിന് അര്ഹതയുള്ളവർക്ക് ഭർത്താവിന്റെ/ ഭാര്യയുടെ മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്തുവാൻ സാധിക്കുമോ?

സാധിക്കില്ല 

19. വിവരങ്ങൾ നൽകുന്ന വേളയിൽ സംഭവിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു എവിടെയാണ് ബന്ധപ്പെടേണ്ടത്?

ധനകാര്യ (ഐ.ടി.എസ്.എഫ് ) വകുപ്പ് , ഫോൺ നം 0471-2305851 (എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5 .15 വരെ വിളിക്കാവുന്നതാണ്)

20. വിവരങ്ങൾ നൽകുന്ന വേളയിൽ ഉണ്ടാകുന്ന പദ്ധതി സംബന്ധിച്ചുള്ള സംശയനിവാരണത്തിന് എവിടെയാണ് ബന്ധപ്പെടേണ്ടത് ?

ധനകാര്യ(ഹെൽത്ത് ഇൻഷുറൻസ്) വകുപ്പ്, ഫോൺ നം. 0471-2517486 (എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5 .15 വരെ വിളിക്കാവുന്നതാണ്)

advertisment

News

Super Leaderboard 970x90