International

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

ചെൻഖിസിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ചെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിയ്ക്കാറ്...

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

ചരിത്രത്തിലുടനീളം രക്ത ദാഹികളായ ഒരുപാട് രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും കാണാം. എന്നാല്‍ ആരായിരുന്നു അവരില്‍ ഏറ്റവും ഭീമൻ ? ആരായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്‍ ? രണ്ടിനും ഒരുത്തരമേ ഉള്ളു, "ചെങ്കിസ് ഖാന്‍". ആ പേര് നമുക്കൊക്കെ വളരെ സുപരിചിതമാണെങ്കിലും അയാളുടെ ചരിത്രമറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഒരു സാധാരണ രാജാവിന്‍റെ ചരിത്രമാണ് അയാള്‍ക്കുമെങ്കില്‍ അതിത്ര കഷ്ട്ടപ്പെട്ട് ഇവിടെ എഴുതി ഇടേണ്ട കാര്യമില്ല. പക്ഷെ ചെങ്കിസിന്റേത് അസാധാരണങ്ങളില്‍ അസാധാരണമായ ചരിത്രങ്ങളിലൊന്നാണ്. ഉദാഹരണത്തിന് കേരളത്തിലെ ഒരു ജില്ലയിലുള്ള ജനങ്ങളെ ഉപയോഗിച്ച് കാനഡയില്‍ തുടങ്ങി ബ്രസീല്‍ വരെ എത്തുന്ന ഒരു സാമ്രാജ്യമുണ്ടാക്കുക എന്നാല്‍ അതൊരല്‍പ്പം അതിശയം നിറഞ്ഞ ചരിത്രം തന്നെയല്ലെ?

ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവർത്തിയായി വിശേഷിപ്പിയ്ക്കപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് അനേകം രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ ഈ വലിപ്പം മറ്റു ചില സാമ്രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഒരു വലിപ്പമേ ആയിരുന്നില്ലെന്നു മനസ്സിലാക്കാം. അലക്സാണ്ടറിന്റെ സാമ്രാജ്യം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു, 52 ലക്ഷം ച. കിലോമീറ്റർ. ഗ്രീസ് മുതൽ തെക്ക് ഈജിപ്ത്തുവരെയും പടിഞ്ഞാറ് പാക്കിസ്ഥാൻ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്സാണ്ടർ ചക്രവർത്തി നടത്തിയ പടയോട്ടം ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിലായിരുന്നു.

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

നമ്മുടെ സ്വന്തം ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റർ മാത്രമാണ്. അലക്സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാൾ 1.6 മടങ്ങു വലുതായിരുന്നു എന്നർത്ഥം. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്സാണ്ടർ ചക്രവർത്തിയുടേതിനോളം വന്നിരുന്നു, 50 ലക്ഷം ച. കിലോമീറ്റർ. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ.സി നാലാം നൂറ്റാണ്ടിലെ മൌര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം, തമിഴ്നാട് എന്നീ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.റോമൻ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു, 68 ലക്ഷം ച. കിലോമീറ്റർ. മംഗോളിയൻ വംശജനായ കുബ്ലായിഖാൻ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാൻ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു, 140 ലക്ഷം ച. കിലോമീറ്റർ. അല്പം കൂടി വലുതായിരുന്ന ക്വിങ്ങ് സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു.

 1912ൽ അവസാനിച്ച അതിന് 147 ലക്ഷം ച. കിലോമീറ്റർ വിസ്താരമുണ്ടായിരുന്നു. ഒരു വ്യക്തി സൈന്യത്തെ നയിച്ച് സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങൾ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളത് മുമ്പു പറഞ്ഞവക്കൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യമായിരുന്നു അത്, 330 ലക്ഷം ചതുരശ്ര കിലോമീറ്റർ. മംഗോളിയ മുതൽ ചൈന, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, കാസ്പിയൻ കടലിന്റെ പടിഞ്ഞാറുള്ള ജോർജ്ജിയ, അങ്ങനെ അതിവിസ്തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്ഖാന്റെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ശാന്തസമുദ്രം മുതൽ സിൽക്ക് റൂട്ടു വഴി കാസ്പിയൻ കടൽ വരെ.ചൈനക്കും റഷ്യക്കുമിടയില്‍ ഒഴിഞ്ഞു കിടക്കുന്ന പുല്‍ത്തകിടികളും കുന്നുകളും നിറഞ്ഞ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു രാജ്യമാണ് ഇന്നത്തെ മംഗോളിയ. ഇന്ത്യയുടെ പകുതി വലിപ്പമേ ഇന്ന് മംഗോളിയയ്ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തിൽ താഴെ. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. അധികം അറിയപ്പെടാതെ കിടക്കുന്ന ഈ മംഗോളിയയാണ് ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവർത്തിയ്ക്കു ജന്മം കൊടുത്തതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. എന്നാല്‍ ഇന്നത്തെ മംഗോളിയ എന്ന രാജ്യം ചെങ്കിസിനു മുമ്പുണ്ടായിരുന്നില്ല.

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രാകൃതമായ ചില ഗോത്രങ്ങളായിരുന്നു ആ പ്രദേശത്തുണ്ടായിരുന്നത്. അതിലൊരു ഗോത്രം മാത്രമായിരുന്നു മംഗോള്‍. ഇവരെ പോലെ തന്നെ പല ഗോത്രങ്ങളുമുണ്ടായിരുന്നു. ഇവരെല്ലാം തമ്മില്‍ തമ്മില്‍ എപ്പോഴും യുദ്ധം ചെയ്തിരുന്നു. ഒരിക്കല്‍ മംഗോളുകളുടെ വര്‍ഗശത്രുക്കളായിരുന്ന താർത്താരുകളുമായി ഒരു നീണ്ട യുദ്ധം നടത്തി വിജയിച്ചു തിരിച്ചെത്തിയ മംഗോള്‍ സൈനിക തലവനായിരുന്ന യെസുഗയെ വരവേറ്റത് ഒരു സന്തോഷ വാര്‍ത്തയായിരുന്നു. തന്‍റെ ഭാര്യ ഊലെന്‍ ഒരു ആണ്‍ കുഞ്ഞിനുകൂടി ജന്മം നല്‍കിയിരിക്കുന്നു. ചെങ്കിസ് ഖാന്‍റെ ജനനം ഏതു വർഷമായിരുന്നെന്ന് കൃത്യമായി ഇന്നും അറിവില്ല 1162 ആയിരിക്കാമെന്ന് കരുതപ്പെടുന്നു.

യുദ്ധത്തില്‍ താന്‍ തോല്‍പ്പിച്ചു ബന്ധനസ്ഥനാക്കിക്കൊണ്ട് വന്ന താർത്താര്‍ സൈനിക തലവന്‍റെ പേരായ “തെമുജിന്‍” ( ചെൻഖിസ് ഖാന്റെ ആദ്യത്തെ പേര് ) എന്ന നാമമാണ് യാസുഗ കുട്ടിക്ക് നല്‍കിയത്. സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു തെമുജിന്റെയും ബാല്യം. മറ്റൊരു ഗോത്രത്തിലെ നേതാവിന്‍റെ മകനായ ജമുഗ ആയിരുന്നു അവന്‍റെ ഉറ്റ മിത്രം. പരസ്പരം ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ സത്യം ചെയ്തിരുന്നു. ഒമ്പതാം വയസില്‍ പിതാവിന്‍റെയൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തിനെ കാണാന്‍ പോയ തെമുജിന്‍ അവിടെ വച്ചൊരു പെണ്‍കുട്ടിയെ കണ്ടിഷ്ട്ടപ്പെട്ടു. രണ്ടു പേരും വിവാഹിതരായി. ബോര്‍ത്തെ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്.

തെമുജിനെ തന്റെ സുഹൃത്തിനെ ഏല്‍പ്പിച്ചുകൊണ്ട് യസുഗ മടങ്ങി. ബോർത്തെക്കും തെമുജിനും പക്ഷെ അധിക കാലം ഒന്നിച്ചു കഴിയാന്‍ സാധിച്ചില്ല. യസുഗയെ താർത്താരുകള്‍ക്ക് വേണ്ടി ആരോ വിഷം കൊടുത്തു ചതിച്ചു കൊന്നു. തന്റെ ഭാര്യയെ അവളുടെ പിതാവിനടുത്തു തന്നെ നിര്‍ത്തി നാട്ടിൽ മടങ്ങിയെത്തിയ തെമുജിനെ വരവേറ്റത് പഴയ സാഹചര്യങ്ങളായിരുന്നില്ല. തെമുജിന്‍റെ അമ്മയും മക്കളും പട്ടിണിയിലായി. അച്ഛനില്ലാത്ത പക്വതയെത്താത്ത കുട്ടികളായ മക്കള്‍ തമ്മില്‍ കലഹം പതിവായി. ഒരിക്കൽ തെമുജിന്‍ തർക്കത്തിനിടയിൽ സ്വന്തം സഹോദരനെ തന്നെ വധിച്ചു. തുടർന്ന് തെമുജിനെ സ്വന്തം ഗോത്രം കയ്യൊഴിഞ്ഞുവെങ്കിലും ശത്രുക്കള്‍ക്ക് അവനെ വേണമായിരുന്നു. അവർ യസുഗയുടെ കുടുംബത്തെ വേട്ടയാടുകയും തെമുജിനെ പിടികൂടി അടിമയാക്കുകയും ചെയ്തു. കൌമാരത്തിന്റെ നല്ലൊരു പങ്ക് തെമുജിന്‍ അടിമ ജീവിതം നയിച്ചു. പക്ഷെ ഒരു രാത്രി കാവല്‍ക്കാരന്‍ അവനോടു സഹതാപം കാണിച്ചു. അവിടെ നിന്നും ചാടി മടങ്ങിയെത്തിയ തെമുജിന്‍ വളരെ വേഗം പ്രശശ്തനായി. യോദ്ധാക്കളുടെ ഒരു ചെറു സംഘമുണ്ടാക്കിയ അവന്‍ മറ്റൊരു യസുഗയായി പെട്ടെന്ന് വളര്‍ന്നു.

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

അമ്മയെയും ഭാര്യയെയും തിരികെ കൊണ്ട് വന്നു. പക്ഷെ ശത്രുക്കള്‍ വീണ്ടും തെമുജിനെ ആക്രമിച്ചു. എണ്ണത്തില്‍ വളരെ കുറവായിരുന്നതിനാല്‍ തെമുജിന്‍ കാട്ടിലേക്ക് പലായനം ചെയ്തു. തെമുജിന്റെ ഭാര്യയെ അവര്‍ പിടിച്ചു കൊണ്ട് പോയി.ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കില്ലെന്ന് വിശ്വസിച്ച ബോർത്തെക്ക് തെറ്റിയില്ല. ഒരു മിന്നല്‍ ആക്രമണത്തിലൂടെ ഭാര്യയെ തെമുജിന്‍ മോചിപ്പിച്ചു. താർത്താരുകളുടെ വംശനാശം വരുത്തേണ്ടത് തങ്ങളുടെ സ്വൈര്യജീവിതത്തിനു അനിവാര്യമാണെന്ന് മൻഗോളുകള്‍ ആദ്യമേ വിശ്വസിച്ചിരുന്നു. താർത്താരുകളോട് കുടിപ്പകയുണ്ടായിരുന്ന തെമുജിനു കീഴില്‍ അവര്‍ അണി നിരന്നു. തെമുജിന്റെ ആദ്യത്തെ പടയോട്ടമായിരുന്നു അത്. ഭീകരമായ യുദ്ധത്തിനൊടുവില്‍ താർത്താരുകള്‍ പരാജയപ്പെട്ടു. പക്ഷെ മടങ്ങി പോകാന്‍ തെമുജിന്‍ തയ്യാറായില്ല. ഇനിയൊരു താർത്താർ പോലും ഉണ്ടാകാത്ത വിധം ആ ഗോത്രത്തെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാന്‍ തെമുജിന്‍ പദ്ധതിയിട്ടു. താർത്താരുകൾ സകലരെയും മൻഗോളുകള്‍ കശാപ്പു ചെയ്തു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു.താർത്താരുകളുടെ വംശഹത്യക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തെമുജിന്‍ മൻഗോളുകള്‍ക്കിടയില്‍ വലിയ നേതാവായി മാറി. എന്നാല്‍ മറ്റു ഗോത്രങ്ങള്‍ അയാളെ സംശയ ദൃഷ്ടിയോടെയാണ് നിരീക്ഷിച്ചത്. ഇതിനോടകം തന്നെ തെമുജിനു വലിയൊരു ശത്രു ജനിച്ചിരുന്നു. തെമുജിന്റെ ബാല്യകാല സുഹൃത്തായിരുന്ന ജമുഗയായിരുന്നു ആ ശത്രു.


ജമുഗയുടെ ശത്രുതക്ക് പിന്നില്‍ അസൂയ മാത്രമായിരുന്നു കാരണം. മറ്റു ഗോത്രങ്ങളെക്കൂടി അയാള്‍ പറഞ്ഞിളക്കി തെമുജിനെതിരാക്കി. വീണ്ടും ഒരു ഭീകര യുദ്ധത്തിനു കളമൊരുങ്ങി. വ്യക്തമായ ആധിപത്യം ജമുഗക്കുണ്ടായിരുന്നു. തെമുജിന്റെ സൈന്യം ജമുഗയുടെതിനെക്കാള്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിനു തലേന്ന് രാത്രി രണ്ടു സൈന്യവും ഒരു കുന്നിന്‍ ചെരുവില്‍ തമ്പടിച്ചു.എണ്ണത്തില്‍ തങ്ങള്‍ക്കുള്ള പോരായ്മ അറിയാമായിരുന്ന തെമുജിന്‍ കാലാവസ്ഥ മനസ്സിലാക്കി കനത്ത ഇടിയോട് കൂടിയ മഴയിൽ യുദ്ധമാരംബിച്ചു ഇടിയുടെ കനത്ത ശബ്ദം കേട്ട് കുതിരകൾ വിരണ്ടോടാൻ തുടങ്ങി ഈ തക്കം മുതലെടുത്ത് തെമുജിൻ തന്റെ അസ്ത്ര സൈന്യമുപയോഗിച്ച് ജമുഗയുടെ സൈന്യത്തെ അമ്പെയ്ത് വീഴ്ത്തി. ബാക്കിയുണ്ടായിരുന്നവര്‍ തന്നെ മാനസികമായി തളര്‍ന്നിരുന്നു. പിറ്റേന്ന് യുദ്ധം നടന്നു. തന്ത്ര പ്രധാനമായ യുദ്ധത്തില്‍ തെമുജിന്‍ വിജയിച്ചു. കാട് കയറിയ ജമുഗയെ അംഗ രക്ഷകര്‍ തന്നെ പിടിച്ചു കെട്ടി തെമുജിനു മുന്നില്‍ കൊണ്ടിട്ടു. ശത്രുവാണെങ്കിലും തങ്ങളുടെ നേതാവിനെ ചതിച്ച അംഗ രക്ഷകരുടെ തല ആദ്യം വെട്ടാനായിരുന്നു തെമുജിന്റെ കല്‍പ്പന ശേഷം ജമുഗയുടെയും.തുടർന്ന് താർത്താരുകളോട് ചെയ്ത പോല ഒരു വംശഹത്യക്ക് മുതിരാതെ തെമുജിന്‍ എല്ലാ ഗോത്രത്തിലെയും മികച്ച പോരാളികള്‍ക്ക് സ്ഥാന കയറ്റം നല്കി. ഗോത്രം നോക്കാതെ നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ തെമുജിനു പെട്ടെന്ന് അംഗീകാരം കിട്ടുന്നതിനു കാരണമായി. തെമുജിൻ അങ്ങനെ 1206 ഇല്‍ എല്ലാ ഗോത്രങ്ങളെയും മഗോളിയയിലെ പുരാതന തടാകത്തിന്റെ കരയില്‍ വിളിച്ചു കൂട്ടുകയും മംഗോളിയ എന്ന പുതിയ ഒരു നാട് പിറവിയെടുക്കുകയും ചെയ്തു. അവിടെ വച്ച് അയാള്‍ പില്‍ക്കാലത്ത് ലോകത്തെ വിറപ്പിച്ച ആ പേര് അല്ലെങ്കില്‍ പദവി സ്വീകരിച്ചു, “ചെൻഗിസ് ഖാന്‍”.

ഖാന്‍ എന്നാല്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ നേതാവ് എന്നാണ് അര്‍ഥം. പക്ഷെ ചെൻഗിസ് എന്നതിന്‍റെ അര്‍ഥം എന്താണെന്ന് ഇന്നും തര്‍ക്ക വിഷയമാണ്. ഭയപ്പെടുത്തുന്ന, അല്ലെങ്കില്‍ രാജാദി രാജന്‍ എന്നൊക്കെയാവാം അര്‍ഥമെന്ന് വിശ്വസിച്ചു പോരുന്നു. മേല്‍പ്പറഞ്ഞ ചരിത്രം മുഴുവന്‍ മംഗോളിയ എന്ന നാടിന്‍റെ പിറവിയെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ചെങ്കിസ് ഖാന്‍ അവിടം കൊണ്ട് നിര്‍ത്തിയിരുന്നവെങ്കില്‍ ഇന്ന് അയാളെ ആരും അറിയില്ലായിരുന്നു. ഒരു പക്ഷെ മംഗോളിയയുടെ പിതാവ് എന്നതിലുപരി ഒരു പ്രാധാന്യവും അയാള്‍ക്ക്‌ കിട്ടുകയും ചെയ്യില്ലായിരുന്നു. പക്ഷെ ജീവിതത്തിലുടനീളം ഭാഗ്യം തന്‍റെ ഒപ്പമാണെന്ന് ചെങ്കിസ് വിശ്വസിച്ചിരുന്നു. ലോകം കീഴടക്കേണ്ടത് തന്‍റെ കടമയായോ നിയോഗമായോ അയാള്‍ കരുതി. ആകാശത്ത് ഒരു സൂര്യനെയുള്ളു അത് കൊണ്ട് ഭൂമിയില്‍ ഒരു രാജാവേ പാടുള്ളൂ, ഇതായിരുന്നു ചെങ്കിസിന്റെ ചിന്താഗതി.ചെൻഖിസിന്റെ ആദ്യത്തെ ലക്ഷ്യം ചൈനയായിരുന്നു. ചൈനയുമായി മൻഗോളുകകള്‍ കാലങ്ങളായി യുദ്ധം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം കേവലം കൊള്ളകള്‍ മാത്രമായിരുന്നു. ഇത്തവണ പക്ഷെ പിടിച്ചടക്കുക എന്നാ ഉദ്ദേശത്തോടെയായിരുന്നു ആക്രമണം.

ആരായിരുന്നു "ചെങ്കിസ് ഖാന്‍" ?

മൂന്നു വർഷം നീണ്ട യുദ്ധത്തിനൊടുവില്‍ സിയാ സാമ്രാജ്യത്തിന്റെ രാജാവ് കീഴടങ്ങി. കൂട്ടകൊലക്ക് തയ്യാറെടുത്ത മംഗോളുകകളുടെ കാലു പിടിച്ച രാജാവ് ആവശ്യം വരുമ്പോള്‍ സൈന്യത്തെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ജീവന്‍ രക്ഷിച്ചു. തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ഓരോ രാജവംശങ്ങളെയും മംഗോളുകള്‍ ഇല്ലായ്മ ചെയ്തു. കീഴടങ്ങിയവരെ തങ്ങളുടെ സാമന്തന്മാര്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത രാജ്യം ലക്ഷ്യമാക്കി നീങ്ങി. ചൈനയിലായിരുന്നു പടയോട്ടം മുഴുവന്‍. ജിന്‍ രാജ വംശവുമായി മാത്രം നാല് വര്‍ഷം നീണ്ട യുദ്ധം നടത്തി.ഏറ്റവും വലിയ ശീത മരുഭൂമിയും, പോയവര്‍ ആരും മടങ്ങി വരില്ലെന്ന് കുപ്രസിദ്ധി നേടിയ തക്കലമക്കാന്‍ മരുഭൂമിയും അവര്‍ താണ്ടി. ഇതിനിടയില്‍ നാലുപാടും കച്ചവട ലക്ഷ്യവും ചാര പ്രവര്‍ത്തനവും ചെയ്യാന്‍ ആളുകളെ വിട്ടു. അങ്ങനെ ഒരു കൂട്ടര്‍ അന്നത്തെ പേര്‍ഷ്യയിലുമെത്തി. ക്വാരസ്മിയന്‍ രാജ വംശംമാണ് അവിടം ഭരിച്ചിരുന്നത്. ഇന്നത്തെ അഫ്ഗാന്‍ മുതല്‍ സൌദിയുടെ അതിര്‍ത്തി വരെ പരന്നു കിടന്നിരുന്ന ഒരു മഹാ സാമ്രാജ്യമായിരുന്നു അത്. അതിനകത്ത് കടന്ന മംഗോള്‍ കച്ചവട സംഘങ്ങളെ പക്ഷെ ഗവര്‍ണ്ണര്‍ പിടികൂടി വധിച്ചു. എന്നാല്‍ പതിവിനു വിപരീതമായി നഷ്ട്ടപരിഹാരം മാത്രമാണ് ചെങ്കിസ് ചോദിച്ചത്. എന്നാല്‍ ഷാ അതും നിരസിച്ചു. എത്ര വലിയ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് അവിടുത്തെ ഷാ ആയിരുന്ന അലാദിന്‍ മുഹമ്മദ്‌ രണ്ടാമന് അറിയില്ലായിരുന്നു.


ചൈനീസ്‌ യുദ്ധത്തില്‍ മുഴുകിയിരുന്നിരുന്ന ചെങ്കിസ് ഇതോടെ പ്രതികാര ദാഹിയായി മാറി. താന്‍ പണ്ട് കീഴടക്കിയ സിയാ രാജാവിനോട് പേര്‍ഷ്യ ആക്രമിക്കാന്‍ സൈന്യത്തെ വിട്ടു തരാന്‍ ആവശ്യപ്പെട്ടു. പക്ഷെ അയാള്‍ കാലുമാറി. സൈന്യത്തെ കിട്ടാതാകുമ്പോള്‍ ചൈനീസ്‌ യുദ്ധങ്ങൾ നിര്‍ത്തിവച്ച് ചെങ്കിസ് പേര്‍ഷ്യ ആക്രമിക്കാന്‍ പോകുമെന്നായിരുന്നു സിയാ രാജാവ് വിചാരിച്ചത്. അവിടെ നിന്ന് മടങ്ങി വരുമ്പോള്‍ തിരിച്ചടിക്കാം എന്നും അവര്‍ കണക്കു കൂട്ടി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ചൈനീസ്‌ യുദ്ധങ്ങളുടെ ചുമതല തന്‍റെ വിശ്വസ്തരെ ഏല്‍പ്പിച്ചുകൊണ്ട് ചെങ്കിസ് നേരിട്ട് പേര്‍ഷ്യയെ ആക്രമിച്ചു. ഒരേ സമയം രണ്ടു രാജ്യങ്ങളുമായി പോരാടി.ഒരു പട്ടണത്തെ ആക്രമിയ്ക്കുമ്പോൾ ജെങ്കിസ് ഖാൻ അവിടുത്തെ രാജാവിന് ഒരു മുന്നറിയിപ്പു നൽകും: ‘നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കിൽ ഈ ചാട്ടയേക്കാൾ ഉയരമുള്ള സകലരേയും ഞങ്ങൾ കൊല്ലും.’ ചില രാജാക്കന്മാർ എതിരിടാനൊരുങ്ങാതെ കീഴടങ്ങി. കീഴടങ്ങിയവരോട് ജെങ്കിസ് ഖാൻ ദയവു കാണിച്ചു. എന്നാൽ മറ്റു ചില രാജ്യങ്ങൾ എതിരിട്ടു. അവിടുത്തെ ജനതകൾ നിഷ്കരുണം വധിയ്ക്കപ്പെടുകയും ചെയ്തു. ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു പേര്‍ഷ്യയില്‍ നടന്നത്. ചെകുത്താന്റെ സൈന്യം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ചെങ്കിസ് പെരുമാറിയത്. ഒന്നിന് പുറകെ ഒന്നായി പേര്‍ഷ്യന്‍ നഗരങ്ങള്‍ മാംഗോളുകള്‍ക്ക് മുന്നില്‍ വീണു. അവിടെ ജീവിച്ചിരുന്ന മനുഷ്യരെ കൂട്ടത്തോടെ മരുഭൂമിയില്‍ തെളിച്ചു കൊണ്ട് പോയി വെട്ടികൊന്നു. ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനും ഇടയില്‍ മനുഷ്യരെ കൊന്നു മംഗോളുകകള്‍. ഇത്തരമൊരാക്രമണത്തിൽ ജെങ്കിസ് ഖാന്റെ അൻപതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്തെന്നു ചരിത്രത്തിൽ കാണുന്നു. കുട്ടികളെ ഉപയോഗിച്ചിരുന്നത് അടുത്ത യുദ്ധത്തില്‍ മനുഷ്യമറയായിട്ടായിരുന്നു. അതായത് സ്വന്തം രാജ്യത്തെ കുട്ടികള്‍ മുന്നില്‍ ബന്ധനസ്ഥരായി നില്‍ക്കുമ്പോള്‍ അറബികള്‍ക്ക് എങ്ങനെ ആക്രമിക്കാന്‍ സാധിക്കും.പക്ഷെ ഇതിനോക്കെയും കാരണക്കാരനായ ഷായെ മംഗോളുകള്‍ക്ക് കിട്ടിയില്ല. അയാള്‍ ഒരു ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ പട്ടിണി കിടന്നു മരിച്ചു. അയാളുടെ മകന്‍റെ തലയെങ്കിലും കിട്ടാന്‍ മംഗോളുകള്‍ പരക്കം പാഞ്ഞു. ഇന്ത്യ അന്ന് ഇല്‍തുമിഷ് ആയിരുന്നു ഭരിച്ചിരുന്നത്. ഇവിടെ അഭയം തേടാന്‍ നോക്കിയ രാജകുമാരന് പക്ഷെ ഇൽതുമിഷ് ഭയം നിമിത്തം അഭയം നല്‍കിയില്ല. ഇയാളെ പിന്തുടര്‍ന്ന് വന്ന മംഗോളുകള്‍ സിന്ധും പഞ്ചാബും ഗുജറാത്തിന്‍റെ ചില പ്രദേശങ്ങളും ആക്രമിച്ചു കൊള്ളയടിച്ചു വാരികൊണ്ട് പോയതല്ലാതെ ഇന്ത്യയിലേക്ക്‌ കടക്കാന്‍ തുനിഞ്ഞില്ല.

വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അയാൾ സൈനികരുമായി പങ്കു വച്ചു. എന്നാൽ, അതിസുന്ദരികളായ സ്ത്രീകൾ ഖാനു മാത്രമുള്ളവരായിരുന്നു. പടയോട്ടത്തിലുടനീളം നൂറുകണക്കിന് സ്ത്രീകളെ ചെങ്കിസ് ഭാര്യയാക്കി. അവരിലൊക്കെ അനേകം സന്താനങ്ങളെയും ഉണ്ടാക്കി. ഇതിന്റെ പരിണിത ഫലങ്ങൾ ജനിതകശ്ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ഏഷ്യയില്‍ ഒട്ടാകെ നടത്തിയ ജനിതക പഠനങ്ങളിൽ തെളിയിക്കുന്നത് ഏതാണ്ട് മൂന്നര കോടിയിലേറെ പേരുടെ പൂര്‍വിക പിതാമഹന്‍ 800 വർഷം മുമ്പ് മംഗോളിയന്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരാളായിരുന്നുവെന്നാണ്. ആ മംഗോളിയന്‍ ചെങ്കിസ് ആവാതെ വേറാരുമാവാന്‍ തരമില്ല. ഇന്നു ജീവിച്ചിരിയ്ക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാൾ വീതം ജെങ്കിസ് ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാർക്ക് ജെങ്കിസ് ഖാന്റെ “Y” ക്രോമസോമുണ്ടെന്ന് ആ സംഘം കണ്ടെത്തിയിരുന്നു.

 ഇന്ന് ലോകത്തെ ഇരുന്നൂറിലൊരാള്‍ ചെങ്കിസ്കാന്റെ പിൻഗാമിയാണെന്നു പറയാം.പേർഷ്യൻ യുദ്ധം വിജയിച്ചതോടൊപ്പം തന്നെ ചൈനയിലെ യുദ്ധവും മംഗോളുകള്‍ വിജയിച്ചിരുന്നു. ടിബറ്റും കശ്മീരും അവർ പിടിച്ചെടുത്തു. ശേഷം ചെങ്കിസ് പഴയ സിയാ രാജാവിന്‌ നേരെ തിരിഞ്ഞു. ആ രാജ്യത്തെ അപ്പാടെ തകര്‍ത്തു. ജീവന്‍റെ മാത്രമല്ല ആ രാജ്യത്തിന്‍റെ തന്നെ ശേഷിപ്പുകള്‍ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റി. ഇതിനോടകം തന്നെ രോഗ ബാധിതനായിരുന്ന ചെങ്കിസിന്റെ അവസാന യുദ്ധമായിരുന്നു അത്.

മംഗോളിയയിലെ കിയാദ് വർഗ്ഗത്തിൽ പിറന്നയാൾ ആയിരുന്നെങ്കിലും ജെങ്കിസ് ഖാൻ മതസഹിഷ്ണുത ഉള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളിൽ നിന്ന് തത്വശ്ശാസ്ത്രപരവും സദാചാരപരവുമായ പാഠങ്ങൾ പഠിക്കാൻ താത്പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്തുമതത്തിലേയും പുരോഹിതന്മാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂർവ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളേയും ഒരൊറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് അതുവഴി ഈ മൂന്നു സംസ്കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്ഘുർ ലിപി ഉപയോഗിച്ച് എഴുതാനുള്ള സംവിധാനം നടപ്പാക്കി. 1227 ഇല്‍ നീണ്ട ഇരുപതു വര്‍ഷത്തെ പടയോട്ടത്തിനു ശേഷം ചെങ്കിസ് ഖാന്‍ മരണത്തിനു മുന്നില്‍ കീഴടങ്ങി. മരിക്കുമ്പോള്‍ മനുഷ്യ ചരിത്രം കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ചക്രവര്‍ത്തിയും ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയുമായിരുന്നു ചെങ്കിസ് ഖാൻ. ചെങ്കിസ് ഖാന്റെ മൃതദേഹം വലിയ നിധിക്കും ആയിരത്തോളം കുതിരകള്‍ക്കുമൊപ്പം മാംഗോളിയയില്‍ എവിടെയോ അടക്കം ചെയ്തു.

ചെൻഖിസിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ചെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിയ്ക്കാറ്.ഹിറ്റ്ലറാണ് ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്നിടയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ് ഖാന്റെ സൈന്യത്തിന്റെ കണക്കിൽ ചരിത്രം കുറിച്ചിട്ടിരിയ്ക്കുന്ന പാതകങ്ങൾ. ചെങ്കിസ്ഖാന്റെ മുന്നിൽ ഹിറ്റ്ലർ വെറും ശിശുവാണെന്നു തന്നെ പറയാം. നാലു കോടി മനുഷ്യരെ കൊല ചെയ്തെങ്കിലും ജെങ്കിസ് ഖാൻ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവർ കണക്കാക്കുന്നു.

#TAGS : genghis khan  

advertisment

News

Related News

    Super Leaderboard 970x90