Education

വിദ്യാഭ്യാസ വായ്പകൾ നിങ്ങൾ അറിയേണ്ട എല്ലാ കാര്യങ്ങളും...

വിവിധ പേരുകളിൽ ബാങ്കുകൾ വിവിധ വിദ്യാഭ്യാസ ലോണുകൾ നല്കിവരുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകൾ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ അതിപ്രശസ്തമായ കോളജുകളിലെ പഠനം, ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം. പലിശയും, ഇതര നടപടിക്രമങ്ങളും ഇവയ്ക്ക് വ്യത്യസ്തമാകാമെന്നതിനാൽ ഇക്കാര്യങ്ങൾ ബാങ്കിൽ നിന്ന് ചോദിച്ചറിയണം.

വിദ്യാഭ്യാസ വായ്പകൾ നിങ്ങൾ അറിയേണ്ട എല്ലാ കാര്യങ്ങളും...

മക്കളുടെ വിദ്യാഭ്യാസത്തിന് യാതൊന്നും കരുതിവയ്ക്കാത്തവർക്കുള്ള വലിയൊരു സാധ്യതയാണ് വിദ്യാഭ്യാസ വായ്പ.വളരെ ലളിതമായ നടപടിക്രമങ്ങളോടുകൂടിയുള്ള ഈ വായ്പയെക്കുറിച്ചും അത് എങ്ങനെ നേടാമെന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കു പുറമേ, ടെക്‌നിക്കൽ, പ്രൊഫഷണൽ ഡിഗ്രി – ഡിപ്ലോമ കോഴ്‌സുകൾക്കും വായ്പയ്ക്ക് അർഹതയുണ്ട്.

പൊതുവായുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍ ഇവയാണ്:- പൂരിപ്പിച്ച വിദ്യാഭ്യാസ വായ്പ ആപ്ലിക്കേഷന്‍ ഫോറം കോളജില്‍നിന്നുള്ള അഡ്മിഷന്‍ കാര്‍ഡ് ഫീസ് വിവരങ്ങള്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ആധാര്‍/പാന്‍ കാര്‍ഡ് കോപ്പികള്‍ മാതാപിതാക്കളുടെ തിരിച്ചറിയല്‍/അഡ്രസ്സ് രേഖകള്‍ രക്ഷിതാവിന്റെ/ജാമ്യക്കാരന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണുകള്‍, അല്ലെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്/ വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും ആസ്തി – ബാധ്യതാ വിവരങ്ങള്‍.

യു.ജി.സി., എ.ഐ.സി.ടി.ഇ., എം.സി.ഐ, ഗവ. അംഗീകാരമുള്ള കോളേജുകൾ എന്നിവ നടത്തുന്നവയാവണം കോഴ്‌സുകൾ. ഐ.ഐ.ടി, ഐ.ഐ.എം. മുതലായ സ്വയംഭരണ സ്ഥാപനങ്ങളിലെ കോഴ്‌സുകളും വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയുള്ളതാണ്. നഴ്‌സിങ്, ടീച്ചർ ട്രെയിനിങ്, പൈലറ്റ് ട്രെയിനിങ് മുതലായ ഒട്ടനവധി കോഴ്‌സുകളും വിദ്യാഭ്യാസ വായ്പയുടെ പരിധിയിൽ വരും.

വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കാൻ ഉദ്ദേശിക്കുന്നവർ, ആദ്യം ചെയ്യേണ്ടത് അവർ തിരഞ്ഞെടുക്കാൻ പോകുന്ന കോഴ്‌സും കോളേജും അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തുകയാണ്. ഇന്ത്യയിലെ മാത്രമല്ല, വിദേശ രാജ്യങ്ങളിലെ പഠനത്തിനും ബാങ്കുകൾ വായ്പ അനുവദിക്കും.

ഏതൊക്കെ ചെലവുകളാണ് വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകൾ പരിഗണിക്കുക എന്ന് അറിഞ്ഞിരിക്കണം. കോളേജുകളിലോ, യൂണിവേഴ്‌സിറ്റിയിലോ, സ്കൂളിലോ, ഹോസ്റ്റലിലോ നൽകേണ്ടുന്ന ഫീസ്, പരീക്ഷ/ലൈബ്രറി/ലബോറട്ടറി ഫീസ്, കോഴ്‌സ് പൂർത്തീകരിക്കാൻ വേണ്ട പുസ്തകങ്ങളും ഇതര സാമഗ്രികളും, കമ്പ്യൂട്ടർ എന്നിവ അടക്കമുള്ള ചെലവുകൾക്ക് വായ്പ നൽകാൻ ബാങ്കുകൾ പരിഗണിക്കും.
യൂണിഫോം, സ്റ്റഡി ടൂർ, പ്രോജക്ട് വർക്ക് എന്നിവയ്ക്കുള്ള ചെലവുകളും ചില പരിധിയ്ക്കുള്ളിൽ വായ്പയായി ലഭിക്കും.

വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശനിരക്ക് മറ്റു വായ്പകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. അത് എത്രയെന്ന് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. ഓരോ ബാങ്കിലും വ്യത്യസ്ത നിരക്കായിരിക്കും. ബാങ്കുകൾ അവയുടെ പ്രൈം ലെൻഡിങ് നിരക്കുമായി ബന്ധപ്പെടുത്തിയാവും വിദ്യാഭ്യാസ വായ്പയുടെ പലിശനിരക്ക് നിശ്ചയിക്കുക.

അതിനാൽ, പലിശനിരക്ക് കുറഞ്ഞുവരുന്ന അവസരത്തിൽ അത് പ്രയോജനപ്പെടുത്തുക. ചില ബാങ്കുകൾ പെൺകുട്ടികൾക്ക് പലിശ നിരക്കിൽ പ്രത്യേക ഇളവും, അതേപോലെ പലിശ എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നവർക്ക് പലിശ നിരക്കിൽ ഒരു ശതമാനം റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ലോൺ എടുക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.

വിവിധ പേരുകളിൽ ബാങ്കുകൾ വിവിധ വിദ്യാഭ്യാസ ലോണുകൾ നല്കിവരുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ വായ്പകൾ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ അതിപ്രശസ്തമായ കോളജുകളിലെ പഠനം, ഇന്ത്യയിലെ ഇതര കോളേജുകളിലെ പഠനം, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം. പലിശയും, ഇതര നടപടിക്രമങ്ങളും ഇവയ്ക്ക് വ്യത്യസ്തമാകാമെന്നതിനാൽ ഇക്കാര്യങ്ങൾ ബാങ്കിൽ നിന്ന് ചോദിച്ചറിയണം.

എത്ര തുക കിട്ടും?

ബാങ്കുകൾ വിവിധ സ്കീമുകളിൽ നൽകിവരുന്ന വായ്പയുടെ പരമാവധി തുക വ്യത്യസ്തമാണെങ്കിലും ഭൂരിപക്ഷം ബാങ്കുകളും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയായും ഇന്ത്യയ്ക്കു പുറത്തുള്ള വിദ്യാഭ്യാസത്തിനായുള്ള വായ്പ 20 ലക്ഷം രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്.

നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മാർജിനൊന്നും ബാങ്കുകൾ നിഷ്‌കർഷിക്കാറില്ല. ഇന്ത്യയ്ക്കകത്തുള്ള പഠനത്തിന് നാല് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് അഞ്ച് ശതമാനം മാർജിനും, വിദേശത്തുള്ള പഠനത്തിന് 15 ശതമാനം മാർജിനുമാണ് സാധാരണ ഗതിയിൽ ബാങ്കുകൾ നിഷ്‌കർഷിക്കാറുള്ളത്.

നാല് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഇതര സെക്യൂരിറ്റിയോ ജാമ്യമോ ഒന്നുംതന്നെ ബാങ്കുകൾ ആവശ്യപ്പെടാറില്ലെങ്കിലും വിദ്യാർഥിയുടെ മാതാവോ പിതാവോ ലോണെടുക്കുന്നതിൽ പങ്കാളിയാകണമെന്ന് നിഷ്‌കർഷിച്ചേക്കാം.

നാല് ലക്ഷത്തിന് മുകളിൽ 7.5 ലക്ഷം വരെയുള്ള തുകയിൽ മറ്റൊരാളുടെയും ജാമ്യംകൂടി ബാങ്കുകൾ ആവശ്യപ്പെട്ടേക്കാം. 7.50 ലക്ഷത്തിന് മുകളിലുള്ള വിദ്യാഭ്യാസ വായ്പയിൽ പലപ്പോഴും കൊളാറ്ററൽ സെക്യൂരിറ്റി കൂടി നൽകേണ്ടിവരും.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് തിരിച്ചടവ് എന്ന തലവേദനയെക്കുറിച്ച് കോഴ്‌സ് കഴിഞ്ഞ് ഒരു വർഷം വരെ ചിന്തിക്കേണ്ടതില്ല എന്നതാണ് മറ്റൊരാശ്വാസം. എന്നാൽ കോഴ്‌സ് കഴിഞ്ഞാലുടൻ ജോലി കിട്ടുന്നൊരാൾക്ക് ആറു മാസങ്ങൾക്കുള്ളിൽ തിരിച്ചടവ് ആരംഭിക്കേണ്ടി വരും.

പ്രതിമാസമോ, ഇതര ഇടവേളകളിലോ തിരിച്ചടവ് ഒന്നും നടത്താത്ത ഒരാളുടെ നാളതുവരെയുള്ള പലിശ മുതലിനോടു കൂട്ടിയതിനുശേഷം പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) എത്രയെന്ന് ബാങ്ക് നിശ്ചയിക്കും.

ലോൺ എടുക്കുന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും എല്ലാ സ്രോതസ്സിൽനിന്നുമുള്ള വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നിബന്ധനകൾക്ക് വിധേയമായി വിദ്യാഭ്യാസ ലോണിന് കേന്ദ്ര സർക്കാറിന്റെ പലിശ സബ്‌സിഡിക്ക്‌ അർഹതയുണ്ട്. അതിനായുള്ള രേഖകൾ (അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ബാങ്കിൽ ഹാജരാക്കണമെന്നു മാത്രം.

തിരിച്ചടവ് കാലാവധി

ചില ബാങ്കുകൾ ഏഴു വർഷം വരെയാണ് തിരിച്ചടവ് കാലാവധി നൽകുന്നതെങ്കിൽ മറ്റു ചിലത് പരമാവധി 15 വർഷം വരെ കാലാവധി നൽകുന്നു.

രേഖകൾ ഏതൊക്കെ?

ബാങ്കുകളിൽ വിദ്യാഭ്യാസ വായ്പയ്ക്കായി ഹാജരാക്കേണ്ടി വരുന്ന രേഖകൾ കൃത്യമായി സമർപ്പിച്ചാൽ ലോൺ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. വിവിധ ബാങ്കുകൾ നിഷ്‌കർഷിക്കുന്ന ഖേഖകളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും പൊതുവായുള്ള രേഖകൾ ഇവയാണ്:

പൂരിപ്പിച്ച വിദ്യാഭ്യാസ വായ്പ ആപ്ലിക്കേഷൻ ഫോറം, കോളജിൽനിന്നുള്ള അഡ്മിഷൻ കാർഡ്, ഫീസ് വിവരങ്ങൾ, വിദ്യാർഥിയുടെ രക്ഷിതാവിന്റെ ആധാർ/പാൻ കാർഡ് കോപ്പികൾ, രണ്ടു പേരുടെയും തിരിച്ചറിയൽ/അഡ്രസ് രേഖകൾ, രക്ഷിതാവിന്റെ/ജാമ്യക്കാരന്റെ കഴിഞ്ഞ രണ്ടു വർഷത്തെ ഇൻകം ടാക്‌സ് റിട്ടേണുകളും അവയില്ലാത്തവർക്ക് അംഗീകൃത അധികാരികളുടെ വരുമാന സർട്ടിഫിക്കറ്റ്/ വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ആസ്തി – ബാധ്യതാ വിവരങ്ങൾ.

ആദായനികുതി ഇളവ് :

ആദായ നികുതി വകുപ്പിലെ സെക്‌ഷൻ 80ഇ-യിൽ വിദ്യാഭ്യാസ ലോണിന് നൽകുന്ന പലിശയ്ക്ക് ഇൻകംടാക്‌സ് ഇളവുണ്ട്. തിരിച്ചടവ് തുടങ്ങി പരമാവധി എട്ടു വർഷത്തേക്ക് ലഭിക്കുന്ന ഈ ഇളവിന് ചില നിബന്ധനകൾ ബാധകമാണ്.

അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്, ഇൻകംടാക്‌സ് അടയ്ക്കേണ്ടി വരുന്നയാളിന്റെ പേരിലോ, പങ്കാളിയുടെയോ, കുട്ടികളുടെയോ പേരിലോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയ്ക്ക് നൽകുന്ന പലിശയ്ക്കാണ് ഇളവ് ലഭിക്കുക. ബിരുദ – ബിരുദാനന്തര കോഴ്‌സുകൾ ഉൾപ്പെടെ ഈ ഇളവ് ലഭിക്കുന്ന കോഴ്‌സുകളുടെ നീണ്ട നിര തന്നെയുണ്ട്.

വിദ്യാഭ്യാസത്തിനായി ഒന്നും കരുതിവയ്ക്കാൻ കഴിയാത്തവർക്കുള്ള ഒരു നല്ല സാധ്യതയായി വിദ്യാഭ്യാസ ലോണിനെ കാണാം. ഇതിനായി നൽകേണ്ടുന്ന പലിശ ഇളവുകൾ, ഇൻകം ടാക്‌സ് റിബേറ്റ്, പഠനത്തിന് ശേഷം നൽകേണ്ടിവരുന്ന തിരിച്ചടവുകൾ എന്നിവ ഒരാളുടെ സാമ്പത്തിക ആസൂത്രണം എളുപ്പമാക്കാൻ സഹായിക്കുന്നു.

#TAGS : education loan  

advertisment

News

Related News

    Super Leaderboard 970x90