Kerala

എ.കെ.ജിയുടെ പ്രണയ ജീവിതം എഴുതപ്പെടാത്ത പ്രണയകാവ്യം... അബ്ദുള്ളക്കുട്ടി

സുശീലയ്ക്ക് എകെജിയോട് തോന്നിയ പ്രണയം ഈശ്വര നിമിത്തമാണ്. പലപ്പോഴും തന്റെ പോരാട്ടത്തില്‍ പാര്‍ട്ടിപോലും എകെജിയുടെ കൂടെ ഉണ്ടായിരുന്നില്ല… എന്നാല്‍ എന്നും സുശീലയുണ്ടായിരുന്നു....

എ.കെ.ജിയുടെ പ്രണയ ജീവിതം എഴുതപ്പെടാത്ത പ്രണയകാവ്യം... അബ്ദുള്ളക്കുട്ടി

ആലപ്പുഴയിലെ സി.കെ.കുമാരപ്പണിക്കരുടെ മകള്‍ക്ക് എകെജിയെ കണ്ടയുടനെ പ്രണയം തോന്നിയതില്‍ അതിശയപ്പെടാനൊന്നും ഇല്ല. അത്ര സുന്ദരനായിരുന്നു അദ്ദേഹം. വല്ലാത്ത കരിസ്മാറ്റിക് പ്രകൃതം. പ്രേമത്തിനു കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മളു കേട്ടത്… പ്രായവും ഇല്ലന്നു കൂട്ടിച്ചേര്‍ത്താല്‍ മതി പ്രശ്‌നമെല്ലാം തീരും. കോയമ്പത്തൂര്‍ ജയിലില്‍ തന്നെ കാണാന്‍ വന്ന സുശീല ഇഷ്ടമാണെന്നു പറഞ്ഞപ്പോള്‍ നന്നായി പഠിക്കേണ്ട പ്രായത്തില്‍ ഇമ്മാതിരി ചിന്തയൊന്നും വേണ്ട … എന്നായിരുന്നു എകെജി ഉപദേശിച്ചത്. എന്നിട്ടും സുശീലയുടെ ഇഷ്ടം പൂവണിഞ്ഞു. സുശീല പിന്നീടു ഭാര്യമാത്രമല്ല, സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും വോളന്റിയറും ആയിരുന്നു. കൂട്ടി പറഞ്ഞാല്‍ മഹാത്മാ ഗാന്ധിയുടെ ഒപ്പം സഹായികളായിരുന്ന ആഭ -മൈത്രിമാരെപോലെ. എകെജിയോട് ആദ്യ ഭാര്യയും കുടുബവും കാണിച്ച ക്രൂരതയ്ക്കു ദൈവം നല്‍കിയ അനുഗ്രഹമാണ് സുശീല.

നല്ല കോണ്‍ഗ്രസ്സുകാരനായിരുന്ന എകെജി കേളപ്പജിയോടൊപ്പം ചേര്‍ന്ന് ഗുരുവായൂര്‍ സത്യാഗ്രഹം, കള്ളുഷാപ്പ് പിക്കറ്റിങ്, ആനന്ദതീര്‍ഥനൊപ്പം അയിത്തത്തിനെതിരെയുള്ള പയ്യന്നൂര്‍ സമരം… ഇതിലെല്ലാം നന്നായി പങ്കെടുത്തു. മര്‍ദനമേറ്റു. ജയിലും കേസുമായി കഴിഞ്ഞ ഗോപാലന്‍ എന്ന ഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു .. ആദ്യ ഭാര്യയുടെ അച്ഛന്‍ മകളെയും കൂട്ടിയിറങ്ങിപ്പോകുമ്പോള്‍ കണ്ടഗ്രസ്സായ തെമ്മാടി ഗോപാലനൊപ്പം എന്റെ മോള് പൊറുക്കൂല’ എന്നാണു പറഞ്ഞത്. അതുകൊണ്ടാണു ഞാന്‍ മുകളില്‍ കുറിച്ചത്:

സുശീലയ്ക്ക് എകെജിയോട് തോന്നിയ പ്രണയം ഈശ്വര നിമിത്തമാണ്. പലപ്പോഴും തന്റെ പോരാട്ടത്തില്‍ പാര്‍ട്ടിപോലും എകെജിയുടെ കൂടെ ഉണ്ടായിരുന്നില്ല… എന്നാല്‍ എന്നും സുശീലയുണ്ടായിരുന്നു. 1960 ലെ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നു പറഞ്ഞു കമ്യൂണിസ്റ്റു പാര്‍ട്ടി അദ്ദേഹത്തെ താക്കീതു ചെയ്തു. എം.എം. മണിയും കൂട്ടരും ഭൂമി കൈയേറുമ്പോള്‍ പാര്‍ട്ടി കൂടെ പാറപോലെ നില്‍ക്കുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു കൗതുകതരമായിരിക്കും. ഡാംനിര്‍മ്മാണം മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി 21 ദിവസം നിരാഹാരം കിടന്ന എകെജിക്കൊപ്പം സുശീലയും കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദര്‍ വടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ. നെഹ്റുവാണ് ആ പാവങ്ങള്‍ക്കു ഭൂമിനല്‍കി സമരം തീര്‍ത്തത് ..

എ കെജി ശരിക്കും കമ്യൂണിസ്റ്റ് ഒന്നുമല്ല നല്ല പച്ച മനുഷ്യ സ്‌നേഹിയാണ് എന്നു ഫാദര്‍ വടക്കന്‍ പറഞ്ഞതു ശരിയാണ്. അതോണ്ടാണല്ലോ എകെജിയെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലുമൊക്കെ എടുക്കാന്‍ വൈകിയത്. വിഎസ് 1954ല്‍ പിബിയില്‍ വന്നു, എകെജി 1972ലും എന്നറിയുമ്പോള്‍ ചരിത്രവിദ്യാര്‍ഥികള്‍ മൂക്കത്തു വിരല്‍ വയ്ക്കും. കോണ്‍ഗ്രസുകാരനായ എകെജിയെയാണോ കമ്യൂണിസ്റ്റായ എകെജിയെയാണോ കൂടുതലിഷ്ടം എന്നു ചോദിച്ചാല്‍ കണ്‍ഫ്യൂഷനാവും. അതിനാല്‍ ഇങ്ങനെ പറയാം: സ്വാതന്ത്ര്യ സമരത്തെയും ജനകീയ പോരാട്ടങ്ങളെയും സുശീലയെയും പ്രണയിച്ച പച്ചമനുഷ്യനായിരുന്നു എകെജി.

advertisment

News

Super Leaderboard 970x90