ഫേസ്ബുക്കിന് എന്തിനാണ് ആളുകളുടെ വയക്തികമായ വിവരങ്ങളോട് ഇത്ര താത്പര്യം ?

ഒരു വ്യക്തിയുടെ എത്രമാത്രം സത്യ സന്ധമായ വിവരങ്ങൾ അവരുടെ സമ്മതത്തോടെ ശേഖരിക്കാൻ കഴിയുമൊ അത്രത്തോളം ശേഖരിക്കുക എന്നതാണ് ഫേസ്ബുക്കിൻറെ ആവശ്യം. അവരുടെ നില നിൽപ്പു തന്നെ അതാണ്. ഈ ടാർഗെറ്റഡ് ആഡ് കാംപെയിൻ നടത്താൻ ഉള്ള സൌകര്യം എന്ന ഒറ്റ കാരണമാണ് ഫേസ്ബുക്കിനെ ഇതര സോഷ്യൽ സൈറ്റുകളിൽ നിന്ന് ഡിഫ്രൻഷ്യേറ്റ് ചെയ്യുന്നത്...

ഫേസ്ബുക്കിന് എന്തിനാണ് ആളുകളുടെ വയക്തികമായ വിവരങ്ങളോട് ഇത്ര താത്പര്യം ?

ആധാറും ഫേസ്ബുക്കും
ഫേസ്ബുക് ഇൻഡ്യയിലെ പേരു വേരിഫിക്കേഷനു ആധാർ നിർബന്ധമാക്കി തുടങ്ങിയതായി അറിയുന്നു. പാസ് വേർഡ് മാറ്റാനായി ഒന്നിലധികം ആളുകൾ ആധാർ നമ്പർ നൽകിയതായി നേരിട്ടറിയാം. എന്തിനാണ് ഫേസ്ബുക്കിന് ആളുകളുടെ വയക്തികമായ വിവരങ്ങളോട് ഇത്ര താത്പര്യം ?. രണ്ട് വർഷം മുന്നെ ഗൂഗിൾ പ്ലസ്സിലെഴുതിയ ലേഖനം ചില കൂട്ടി ചേർക്കലുകളോടെ പോസ്റ്റ് ചെയ്യുന്നു.

വോൾട്ടാ ബ്യൂറൊ എന്ന കമ്പനി, ടെലിഫോണിൻറെ ഉപജ്ഞാതാവ് അലക്സാണ്ടർ ഗ്രഹാം ബെൽ തുടങ്ങിയതാണ് ഈ കമ്പനി. 1886 ആദ്യമായി തങ്ങൾ വിൽക്കുന്ന ടെലിഫോണുകൾക്കൊപ്പം ടെലിഫോണ് ഡയറക്ടറിയും കൊടുത്തു തുടങ്ങി. ഡയറക്ടറി ടെലിഫോണിനൊപ്പം ഉപഭോക്താവിന് ഫ്രീ ആയി ലഭ്യമായിരുന്നു. ലോകത്ത് ആകെ ഇരുപത്തഞ്ചിൽ താഴെ ഉപഭോക്താക്കളെ ആദ്യമുള്ളായിരുന്നു. ഇവർ തമ്മിൽ ഫോണ് വിളിച്ചെങ്കിലെ കമ്പനിക്കു നില നിൽപ്പുള്ളു. അതിനാലാണ് ഫ്രീ ആയി നൽകിയത്. ഡയറക്ടറിയുടെ ആദ്യ രണ്ട് മൂന്നു പേജ് ടെലിഫോണ് എങ്ങനെ ഉപയോഗിക്കണം എന്നതിൻറെ ഡെമോണ്‌‌സ്‌‌ട്രേഷനും ആയിരുന്നു. എല്ലാം കൂടെ ഒരു പത്തിൽ താഴെ പേജ്. ഫ്രീ ആയി നൽകുന്നതു കൊണ്ട്, അധികം കാശു ചിലവില്ലാതെ അച്ചടിക്കാനായി മഞ്ഞ പേപ്പറിലാണ് ഈ ഡയറക്ടറി ലിസ്‌‌റ്റിങ് അച്ചടിച്ചത്. ഈ ഡയറക്ടറികൾ കിട്ടിയവർ ഇതിനെ സ്നേഹപൂർവ്വം യെല്ലൊ പേജസ് എന്ന് വിളിച്ചു. ആ വിളിപ്പേര് പിന്നെ ഔദ്യോഗികമായി. പിന്നീട് യെല്ലോ പേജസ് ബിസിനസ്സുകളിൽ നിന്നും പരസ്യം സ്വീകരിച്ചു തുടങ്ങി. അതിനാൽ ഫ്രീ നൽകുന്ന ഈ ഡയറക്ടറിയുടെ അച്ചടി, വിതരണ ചിലവ് ഈ പരസ്യ വരുമാനത്തിൽ നിന്നും നികത്തി പോന്നു. 1966 ആയപ്പഴേയ്‌‌ക്കും യെല്ലൊ പേജസ് എന്നത് മിക്ക ഫോണ് കംപനികളുടെയും വലിയൊരു വരുമാന സ്രോതസ് തന്നെ ആയി മാറി. പല ടെലിഫോണ് കമ്പനികളും സബ്സിഡറികൾ രൂപീകരിച്ചു യെല്ലൊ പേജസ് അച്ചടിച്ചു തുടങ്ങി. ഒരു ഘട്ടത്തിൽ ടെലിഫോണ് വരിയേക്കാൾ ലാഭകരമായ ബിസ്സിനസ്സ് ആയി മാറി യെല്ലൊ പേജസ്.

സോഷ്യൽ നെറ്റ്വർക്കുകളുടെ ചരിത്രം അന്വേഷിച്ചു ചെന്നാൽ ഈ യെല്ലൊ പേജസിൽ ചെന്നു നിൽക്കും. ഫേസ്ബുക്കും തത്വത്തിൽ ഒരു യെല്ലൊ പേജസ് ആണ്. യെല്ലൊ പേജസ്സിൽ ഡയറക്ടറിക്ക് ശേഷം അവസാനമാണ് പരസ്യങ്ങൾ നൽകിയിരുന്നത്. ഫേസ്ബുക് കണ്ടന്റുകളുടെ ഇടയിൽ തന്നെ പരസ്യങ്ങൾ നൽകുന്നു എന്ന വത്യാസമേ ഉള്ളു. ഇങ്ങനെ പരസ്യങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്ഫോം ജനങ്ങൾ ഉപയോഗിക്കണമെങ്കിൽ ആ കണ്ടന്റുകൾ ആക്കുറേറ്റ് ആയിരിക്കണം. ടെലിഫോണ് ഡയറക്ടറിയുടെ ഉദാഹരണം തന്നെ എടുക്കു. ഡയറക്ടറിയിലെ ഫോണ് നമ്പറുകൾ കൄത്യമായിരിക്കണം. കള്ള നമ്പറുകളും, കുറേ അനോണി പേരുകളും മാത്രമേ ഡയറക്ടറിയിൽ ഉള്ളെങ്കിൽ ആരെങ്കിലും ടെലിഫോണ് ഡയറക്ടറി ഉപയോഗിക്കുമൊ ?. ഡയറക്ടറി ഉപയോഗിച്ചില്ലെങ്കിൽ യെല്ലൊ പേജസ്സും ഉപയോഗിക്കില്ല.

ഫേസ്ബുക്ക് ലോകത്തിൻറെ ഫോണ് ഡയറക്ടറി ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. ലോകത്തെ സകല ജനങ്ങളുടെയും പേരും, നാളും ജനന തിയതി, കല്യാണം, പേറെടുപ്പ്, എന്നു വേണ്ട സകല ഇൻഫർമേഷനകളും കളക്ട് ചെയ്ത് അവർക്ക് ഏറ്റവും ഉതകുന്നതും ആയ പരസ്യങ്ങൾ വിൽക്കാനാണ് ഫെസ്ബുക് ശ്രമിക്കുന്നത്. എനിക്കിന്ന് ഫേസ്ബുക്കിൽ കയറി, 35 വയസ്സിൽ താഴെയുള്ള 4-11 വയസ് പ്രായം ആണ്മക്കളുള്ള, iPhone ഉപയോഗിക്കുന്ന അമ്മമാരെ ടാർഗെറ്റ് ചെയ്ത് ഒരു പരസ്യ ക്യാംപെയിൻ ചെയ്യാൻ പറ്റും. ഇതു പറ്റുന്നത് ഫേസ്ബുക്കിന് സത്യ സന്ധമായ ഡാറ്റ കൈയ്യിലുള്ളത് കൊണ്ടാണ്. ഈ സത്യസന്ധമായ ഡാറ്റ കളക്ട് ചെയ്യാൻ അവർ ഏതറ്റം വരെ പോകും. യൂസറുടെ ശരിയായ പേര്, ശരിയായ വയസ്സ്, ശരിയായ ശരീര വണ്ണം എല്ലാം ഫേസ്ബുക്കിൻറെ നില നിൽപ്പിനു നിർബന്ധമാണ്. ഇത് പല രീതിയിൽ നിങ്ങളുടെ സമ്മതത്തോടെ തന്നെ വാങ്ങി എടുക്കാനുതകുന്ന പ്രോഡക്ടുകൾ ഇറക്കി ആണ് അവർ നിർവ്വഹിക്കുന്നത്. ചുരുക്കി പറഞ്ഞാൽ, ഒരു വ്യക്തിയുടെ എത്രമാത്രം സത്യ സന്ധമായ വിവരങ്ങൾ അവരുടെ സമ്മതത്തോടെ ശേഖരിക്കാൻ കഴിയുമൊ അത്രത്തോളം ശേഖരിക്കുക എന്നതാണ് ഫേസ്ബുക്കിൻറെ ആവശ്യം. അവരുടെ നില നിൽപ്പു തന്നെ അതാണ്. ഈ ടാർഗെറ്റഡ് ആഡ് കാംപെയിൻ നടത്താൻ ഉള്ള സൌകര്യം എന്ന ഒറ്റ കാരണമാണ് ഫേസ്ബുക്കിനെ ഇതര സോഷ്യൽ സൈറ്റുകളിൽ നിന്ന് ഡിഫ്രൻഷ്യേറ്റ് ചെയ്യുന്നത്.

ഇത്രയും പറഞ്ഞത്, രണ്ട് കാര്യങ്ങൾ സ്ഥാപിക്കാനാണ്.

. സ്യൂഡോ നെയിം ഫെസ്ബുക് ഒരിക്കലും സമ്മതിക്കില്ല.

. ഫേസ്ബുക് വെറുമൊരു ഡയറക്ടറി ലിസ്‌‌റ്റിങ് ആണ്, ഒരു കമ്യൂണിറ്റി അല്ല.

ഫേസ്ബുക് ഒരു കമ്മ്യൂണിറ്റി സൈറ്റ് ആണെന്ന വാദഗതിയിലാണ് നമ്മൾ സ്യൂഡൊ നെയിം ആവശ്യപ്പെടുന്നത്. അല്ല.!. ഫേസ്ബുക്കിലെ കമ്യൂണിറ്റി ഫീലു തന്നെ ഒരു ഇല്യൂഷനാണ്. ലോകത്ത് കമ്മ്യൂണിറ്റി സൈറ്റുകളൊന്നും സ്കെയിൽ ചെയ്യുകയൊ നില നിൽക്കുകയൊ ചെയ്തിട്ടില്ല. കാരണം ശരിയായ പേരുകളും ഇൻഫൊർമേഷനുകളും ഇല്ലാത്തതിനാൽ അവയ്‌‌ക്കൊന്നും വയബിളായൊരു ബിസ്സിനസ്സ് മോഡൽ ഇല്ലായിരുന്നു. സ്ലാഷ്ഡോട്, ഡിഗ് ഇന്നിതാ അതിലെ ഏറ്റവും അവസാനത്തേതായ റെഡ്ഡിറ്റ് വരെ നേരിടുന്നത് ഒരേ സ്വത്വ പ്രതിസന്ധിയാണ്. എങ്ങനെ കാശു മുടക്കിയവർക്ക് ലാഭമുണ്ടാക്കാൻ കഴിയും. ടാർഗെറ്റഡ് ആഡുകൾ ഇല്ലാതെ ഇന്നു ഒരു ഫ്രീ സൈറ്റുകൾക്കും നില നിൽപ്പില്ല.

ഇങ്ങന പേഴ്സണൽ ഇൻഫർമ്മേഷൻ അന്വേഷിച്ചു നടക്കുന്ന ഫേസ്ബുക്കിന് ഒരു വരദാനം പോലെയാണ് ആധാർ അവതരിച്ചിരിക്കുന്നത്. ലോകത്ത് ഓതന്റിക്കേഷന് ഉപയോഗിക്കുന്ന ഉപാധി ഐഡന്റിറ്റിയായി സ്വീകരിക്കുന്ന ഏക രാജ്യമാണ് ഇൻഡ്യ. ആധാറിനോളം സത്യസന്ധമായ ഡാറ്റ ഫേസ്ബുക്കിനു ലഭിക്കില്ല. ഒരു പ്രൈവറ്റ് കമ്പനി പൌരൻമ്മാരുടെ വൈക്തികമായ വിവരങ്ങൾ ശേഖരിക്കുന്നത് കണ്ടിട്ട് അധികാരികൾക്ക് ഒന്നും തോന്നുന്നില്ലെങ്കിൽ ആ കമ്പനിയേക്കാൾ പേടിക്കണ്ടത് ആ അധികാരികളെ ആണ്.

Facebook Post By - Ranjith Antony

advertisment

News

Super Leaderboard 970x90